ഒരേ ദിവസം അമ്മയുടെയും സഹോദരിയുടെയും മരണം; ഹൃദയം നുറുങ്ങി ഗായിക
Mail This Article
അമ്മയും സഹോദരിയും ഒരേ ദിവസം മരണപ്പെട്ടതിന്റെ ആഘാതം താങ്ങാനാകാതെ അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ മറിയ കെയ്‌റി. ഗായികയുടെ അമ്മ പെട്രീഷ്യയും സഹോദരി അലിസണും ആണ് ഒരേ ദിവസം മരണത്തിനു കീഴടങ്ങിയത്. ഇരുവരുടെയും മരണകാരണം വ്യക്തമല്ല. മറിയ തന്നെയാണ് തന്റെ ജീവിതത്തിലെ ഇരുണ്ട ദിനത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്.
‘കഴിഞ്ഞയാഴ്ച അമ്മ മരണപ്പെട്ടതോടെ എന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണ്. അതേദിവസം ദുഃഖകരമായ മറ്റൊന്ന് കൂടി സംഭവിച്ചു. എന്റെ സഹോദരിയും ഈ ലോകത്തോടു വിടപറഞ്ഞു. അമ്മ എന്നെ വിട്ടുപോകുന്നതിനുമുമ്പ് അമ്മയോടൊപ്പം കഴിഞ്ഞയാഴ്ച ചെലവിടാനുള്ള ഭാഗ്യം എനിക്കുണ്ടായി’, മറിയ കെയ്‌റി വേദനയോടെ വെളിപ്പെടുത്തി. ദുഃഖകരമായ അവസ്ഥയിലൂടെ കടന്നുപോകുന്ന തന്റെ സ്വകാര്യതയെ മാനിക്കണമെന്നും ഗായിക ആവശ്യപ്പെട്ടു.
മറിയ കെയ്‌റിയുടെ അമ്മ പെട്രീഷ്യ ഗായികയും ശബ്ദപരിശീലകയും ആയിരുന്നു. ആല്‍ഫ്രഡ് റോയ് കെയ്‌റിയാണ് ഭര്‍ത്താവ്. മറിയ, അന്തരിച്ച അലിസണ്‍ എന്നിവരെക്കൂടാതെ മോര്‍ഗന്‍ എന്നൊരു മകൻ കൂടി ഇവർക്കുണ്ട്. 2020 ല്‍ പ്രസിദ്ധീകരിച്ച ‘ദ് മീനിങ് ഓഫ് മറിയ കെയ്‌റി’ എന്ന ഓര്‍മപുസ്തകത്തില്‍ അമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് മറിയ വിവരിച്ചിട്ടുണ്ട്. അമ്മയുമായുള്ള ബന്ധം തനിക്കേറെ വേദന നല്‍കുന്നതും സങ്കീർണവുമായിരുന്നുവെന്നാണ് മറിയ പുസ്തകത്തിൽ കുറിച്ചത്.
ദശലക്ഷക്കണക്കിന് ആരാധകരുള്ള ഗായികയാണ് മറിയ കെയ്‌റി. 5 തവണ ഗ്രാമി പുരസ്കാരം സ്വന്തമാക്കി. ഓള്‍വേയ്‌സ് ബീ മൈ ബേബി, ഓള്‍ ഐ വോണ്ട് ഫോള്‍ ക്രിസ്മസ്, മെയ്ക്ക് ഇറ്റ് ഹാപ്പന്‍, വീ ബിലോങ് ടുഗെദര്‍, ഐ വില്‍ ബീ ദേര്‍ തുടങ്ങിയവയാണ് മറിയ കെയ്‌റിയുടെ പ്രധാന ഗാനങ്ങൾ.