ഇലുമിനാറ്റി പഴങ്കഥ, ഇനി ‘ഉള്ളു മീനാക്ഷി’! മുത്തശ്ശിയുടെ രസിപ്പിക്കും വിഡിയോയുമായി അഹാന
Mail This Article
നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണയുടെ വിവാഹത്തോടനുബന്ധിച്ചുള്ള തിരക്കിലാണ് കുടുംബം. വിവാഹത്തിനു മുന്നോടിയായിട്ടുള്ള സംഗീത് ചടങ്ങിൽ അവതരിപ്പിക്കാനുള്ള നൃത്തം പരിശീലിക്കുന്ന മുത്തശ്ശിയുടെ രസകരമായ വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുകയാണ് അഹാന കൃഷ്ണ ഇപ്പോൾ.
ഹിറ്റ് ഗാനം ഇലുമിനാറ്റിക്കൊപ്പമാണ് കുടുംബം നൃത്തം ചെയ്യുക. മുത്തശ്ശനും മുത്തശ്ശിയും ഉൾപ്പെടെ കുടുംബത്തിലെ മുഖ്യം അംഗങ്ങളെല്ലാം നൃത്തത്തിൽ പങ്കുചേരും. ഇല്ലുമിനാറ്റി എന്നതിനു പകരം ‘ഉള്ളു മീനാക്ഷി’ എന്നു പാടിക്കൊണ്ട് മുത്തശ്ശി കൈകൾ കൊണ്ട് ആംഗ്യം കാണിക്കുന്ന ദൃശ്യങ്ങളാണ് അഹാന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. പാട്ടിന്റെ രചയിതാവ് വിനായക് ശശികുമാറിനോടു ക്ഷമ ചോദിച്ചുകൊണ്ടാണ് അഹാന വിഡിയോ പങ്കിട്ടത്.
‘വെഡ്ഡിങ് ഡാൻസ് പ്രാക്ടീസ് തകൃതിയായി നടക്കുന്നു’ എന്ന അടിക്കുറിപ്പോടെ അഹാന പങ്കുവച്ച വിഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു രസകരമായ കമന്റുകളുമായി എത്തുന്നത്. ‘അങ്ങനെ ഒരു മീനാക്ഷി ഈ തിരോന്തരത്ത് ഇല്ലല്ലോ. എന്തോന്നാ എന്തോ’ എന്നാണ് ഒരാൾ കുറിച്ചത്. ‘മീനാക്ഷിക്കെതിരെ മുദ്രവാക്യവുമായി യുവതി’ എന്നാണ് മറ്റൊരാളുടെ രസിപ്പിക്കും കമന്റ്.