‘ഒറിജിനലുമായിട്ട് താരതമ്യം ചെയ്ത് എന്നെ കൊല്ലരുതേ’; പാട്ട് വിഡിയോ പങ്കിട്ട് വിജയ് മാധവ്
Mail This Article
ഗായകന്‍ വിജയ് മാധവ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ശ്രദ്ധ നേടുന്നു. പങ്കാളിയും അവതാരകയും ഗായികയുമായ ദേവിക നമ്പ്യാർക്കൊപ്പം സ്റ്റുഡിയോയിൽ നിന്നു പാട്ട് പാടുന്ന വിഡിയോ ആണ് വിജയ് പോസ്റ്റ് ചെയ്തത്. ഇരുവരുടെയും ഏകമകൻ ആത്മജ മഹാദേവിനെയും ദൃശ്യങ്ങളിൽ കാണാനാകും.
‘സമ്മതം.. സമ്മതം... സമ്മതം... ഒടുവിൽ ഈ പാട്ട് പാടാൻ നായിക സമ്മതിച്ചു. ഈ പാട്ട് എംജി സർ പാടിവച്ച ഫീലിൽ പാടാൻ അത്ര എളുപ്പമല്ല എന്നാണ് എന്റെ കാഴ്ചപ്പാട്. അതുകൊണ്ട് ഒറിജിനലുമായിട്ട് താരതമ്യം ചെയ്ത് എന്നെ പൊങ്കാല ഇട്ട് കൊല്ലരുതേ എന്ന് എല്ലാവരോടും ആദ്യമേ തന്നെ താഴ്മയായി അപേക്ഷിക്കുന്നു’, എന്ന കുറിപ്പോടെയാണ് വിജയ് മാധവ് വിഡിയോ പങ്കുവച്ചത്.
വിജയ്‌യുടെ വിഡിയോയ്ക്കു നിരവധി പേരാണു കമന്റുകളുമായി എത്തുന്നത്. ദൃശ്യങ്ങളിൽ ആത്മജയെ കണ്ടതിന്റെ സന്തോഷവും പ്രേക്ഷകർ പ്രകടമാക്കി. 7ാം മാസത്തിൽ ആത്മജ സംഗീതത്തിൽ വിദ്യാരംഭം നടത്തിയിരുന്നു. സംഗീതസംവിധായകൻ പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റെ കാൽക്കല്‍ ദക്ഷിണ വച്ച് വിജയദശമി നാളിലായിരുന്നു സംഗീതപഠനത്തിനു തുടക്കം കുറിച്ചത്.
2022 ജനുവരിയിലാണ് ദേവിക നമ്പ്യാരും വിജയ് മാധവും വിവാഹിതരായത്. 2023 മാർച്ചിൽ ഇരുവർക്കും കുഞ്ഞ് പിറന്നു. വിശേഷങ്ങളെല്ലാം ദേവികയും വിജയ്‌യും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. രണ്ടാമത്തെ കൺമണിക്കായുള്ള കാത്തിരുപ്പിലാണ് ദമ്പതികൾ ഇപ്പോൾ.