ADVERTISEMENT

അധ്യാപക ദിനത്തിൽ സ്കൂൾ കാലത്തിന്റെ മധുരം നിറയും ഓർമകൾ പങ്കിട്ട് ഗായകൻ ജി.വേണുഗോപാൽ. പ്രൈമറി ക്ലാസിൽ തന്നെ പഠിപ്പിച്ച പ്രിയപ്പെട്ട റോസി ടീച്ചറിനൊപ്പമുള്ള ഹൃദ്യമായ ചിത്രം പങ്കിട്ടുകൊണ്ടാണ് ഗായകന്റെ സമൂഹമാധ്യമ കുറിപ്പ്. തന്റെ ആദ്യത്തെ ആരാധികയും ആദ്യത്തെ സ്പോൺസറും തന്നിലെ സംഗീതം കണ്ടെത്തി പ്രോത്സാഹിപ്പിച്ചയാളുമാണ് പ്രിയപ്പെട്ട റോസി ടീച്ചറെന്ന് വേണുഗോപാൽ കുറിച്ചു. 

കുറിപ്പിന്റെ പൂർണരൂപം:

ഇരുപത്തഞ്ച് വർഷം സംഗീത ജീവിതത്തിൽ പൂർത്തിയായപ്പോൾ ചിരകാല സുഹൃത്തുക്കളായ നാഗേഷും ഗോപനും രാജ്കുമാറുമൊക്കെ ചേർന്ന് 

"Back to the primary school" എന്നൊരു പദ്ധതി വിഡിയോയിൽ പകർത്തി. പഴയ നഴ്സിറി, I A, 2 A ക്ലാസ്സുകളിലെ കൊച്ച് ഡെസ്ക്ക്, കസേരകൾ ഒക്കെ കണ്ട് അതിശയിച്ചു. എത്ര ചെറുതായിരുന്നു ഞങ്ങൾ എന്ന് അടയാളപ്പെടുത്തുകയായിരുന്നു ആ തടി ഉരുപ്പിടികൾ. 2 A യിൽ എത്തിയപ്പോൾ എവിടെ നിന്നോ ക്യുട്ടിക്കുറ ടാൽക്കം പൗഡറിന്റെയും കാച്ചിയ എണ്ണയുടെയും മണം! സമയമാം നദി പുറകോട്ടൊഴുകി. സ്മരണകൾ ഓരോന്നായ് പൂ വിടർത്തി.

റോസി ടീച്ചർ! അച്ചടക്കത്തിന്റെയും അനുസരണയുടേയും പാഠഭേദങ്ങൾ ആദ്യമായി ഹൃദിസ്ഥമാക്കിത്തന്ന ആൾരൂപം. ശിക്ഷണത്തോടൊപ്പം, കടുത്ത ശിക്ഷയും കലർപ്പില്ലാത്ത സ്നേഹവും ആവോളം പകർന്നു തന്നു ടീച്ചർ. സോഷ്യൽ സ്റ്റഡീസ്, ഇംഗ്ലിഷ് ക്ലാസ്സുകളുടെ അവസാനം ഒരഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോൾ ടീച്ചർ ആജ്ഞാപിക്കും. "വേണു ഇവിടെ വന്ന് നിന്ന് ക്ലാസ്സിന് വേണ്ടി ഒരു പാട്ട് പാടും". 2 A ആയിരുന്നു എന്റെ ആദ്യത്തെ സ്റ്റേജ്. ടീച്ചറെ മുട്ടിയുരുമ്മി നിന്ന് ഞാനെന്റെ മുഖം ഉയർത്തി ടീച്ചറെ നോക്കിക്കൊണ്ട് ക്ലാസ്സിനായി പാടും. കായാമ്പൂ കണ്ണിൽ വിടരും, പാടാത്ത വീണയും പാടും, ആയിരം പാദസരങ്ങൾ കിലുങ്ങി..... മുഖം ഉയർത്തി ടീച്ചറെ നോക്കി പാടിപ്പാടി എന്റെ മനസ്സിലെ ഏറ്റവും പൊക്കമുള്ള വ്യക്തിയായി ടീച്ചർ മാറി. തൊട്ടുപിറകിൽ ടീച്ചറിന്റെ മേശയും മേശയിൽ അച്ചടക്കത്തിന്റെ ചിഹ്നമായ ചൂരലും. പാട്ട് തീരാറാകുമ്പോൾ ടീച്ചർ എന്നെ ചേർത്തണയ്ക്കും. അന്നാ കണ്ണുകളിൽ വിരിഞ്ഞത് കായാമ്പൂവോ കമലദളമോ? എനിക്കറിയില്ലായിരുന്നു.

വർഷാവസാനം റോസി ടീച്ചർ വീടിനടുത്തുള്ള ഗവ:സ്കൂളിലേക്ക് മാറിപ്പോകുകയാണെന്നു പറഞ്ഞപ്പോൾ ക്ലാസ്സിൽ കൂട്ടക്കരച്ചിലുയർന്നു. അതിൽ ഏറ്റവും ഉച്ചസ്ഥായിയിൽ എന്റെ ശബ്ദവും. കവിളിലെ ഒരു തുള്ളി കണ്ണീർ തുടച്ച് മാറ്റി ടീച്ചർ ചൂരൽ കൊണ്ട് മേശപ്പുറത്താഞ്ഞടിച്ച് അച്ചടക്കം വീണ്ടെടുത്തു. വർഷങ്ങൾക്കിപ്പുറം ഗുരുവായൂർ കൗസ്തുഭം സത്രം ഹാളിൽ എന്റെ കല്യാണച്ചടങ്ങ് കഴിഞ്ഞ് എല്ലാവരും ഊണിനായ് പിരിയുന്ന നേരം. പൊക്കം നന്നേ കുറഞ്ഞ ഒരു സ്ത്രീ വേദിക്ക് മുന്നിൽ വന്ന്, കട്ടിയുള്ള ലെൻസ് കണ്ണടയിലൂടെ എന്നെ നിർന്നിമേഷയായ് നോക്കി നിൽക്കുന്നു. "എടാ വേണൂ" എന്ന ഒരൊറ്റ വിളിയിൽ ഞാൻ വീണ്ടും 2 A യിലെ ജി.വേണുഗോപാലായി മാറി. ടീച്ചർ ഓടി വന്നെന്നെ മുറുക്കി പുണർന്നു. കാച്ചിയ എണ്ണയുടെയും ടാൽക്കം പൗഡറിന്റെയും മണം! "ഞാൻ പേപ്പറിൽ നിന്നറിഞ്ഞെടാ നിന്റെ കല്യാണം". ഞാനെന്റെ മുഖം കുനിച്ച് ടീച്ചറോട് പറഞ്ഞു "അപ്പൊ ഇത്രയേ ഉള്ളൂ അല്ലേ പൊക്കം"! എന്റെ ആദ്യത്തെ ആരാധിക. ആദ്യത്തെ സ്പോൺസറും. എന്നുള്ളിലെ സംഗീതം കണ്ടെത്തി പ്രോത്സാഹിപ്പിച്ച എന്റെ കുഞ്ഞു മനസ്സിലെ ഏറ്റവും പൊക്കമുള്ള വ്യക്തി - റോസി ടീച്ചർ!

English Summary:

G Venugopal shares heartfelt note on beloved teacher

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com