രജനിക്കൊപ്പം അടിച്ചു കേറി മഞ്ജു വാരിയർ; റിക്കോർഡുകൾ കടപുഴക്കി വേട്ടയ്യനിലെ പാട്ട്
![vettaiyan-song vettaiyan-song](https://img-mm.manoramaonline.com/content/dam/mm/mo/music/music-news/images/2024/9/9/vettaiyan-song.jpg?w=1120&h=583)
Mail This Article
സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം ചുവടു വച്ച് മഞ്ജു വാരിയർ. രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ടി.ജി. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ സിനിമയിലെ ഗാനത്തിലാണ് രജനികാന്തിന്റെയും മഞ്ജു വാരിയറിന്റെയും തകർപ്പൻ പ്രകടനം. 'മനസിലായോ' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വിഡിയോ യുട്യൂബിലെത്തി. റിലീസ് ചെയ്ത് ആദ്യ രണ്ടു മണിക്കൂറിൽ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്.
ട്രെൻഡിങ്ങിൽ തുടരുന്ന ഗാനത്തിന്റെ പ്രധാന ആകർഷണം രജനികാന്തിന്റെയും മഞ്ജുവിന്റെയും ചുവടുകളാണ്. കറുപ്പണിഞ്ഞ് രജനിയും ചുവന്ന സാരിയിൽ മഞ്ജുവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ചുവന്ന സാരിക്കൊപ്പം കൂളിങ് ഗ്ലാസ് ധരിച്ച് 'കൂൾ' ലുക്കിലാണ് മഞ്ജു വാരിയർ. പതിവിൽ നിന്നു വ്യത്യസ്തമായി ലൗഡ് പെർഫോർമൻസുമായാണ് മഞ്ജു എത്തുന്നത്. അനിരുദ്ധ് രവിചന്ദറിന്റെ മാന്ത്രിക സംഗീതത്തിലൊരുങ്ങിയ ഗാനം ആലപിച്ചിരിക്കുന്നത് മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, ദീപ്തി സുരേഷ് എന്നിവർ ചേർന്നാണ്. അനിരുദ്ധും ആലാപനത്തിൽ പങ്കുചേർന്നിട്ടുണ്ട്. സൂപ്പർ സുബുവും വിഷ്ണു എടവനും ചേർന്നാണ് വരികളൊരുക്കിയത്.
ജയിലറിനു ശേഷം അനിരുദ്ധും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് വേട്ടയ്യൻ. ജയിലറിലെ ഗാനങ്ങൾ പോലെ ഈ ചിത്രത്തിലെ ഗാനങ്ങളും സമൂഹമാധ്യമങ്ങളിൽ തരംഗമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതു നിലനിറുത്തുന്ന ഫാസ്റ്റ് നമ്പർ ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്.
'ജയ് ഭീം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന വമ്പൻ താരനിരയുള്ള ഒരു ആക്‌ഷൻ എന്റർടെയ്‌നറായിരിക്കും വേട്ടയ്യൻ. ഒരു റിട്ട. പോലീസ് ഓഫിസറുടെ വേഷത്തിലാണ് രജനികാന്ത് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. 32 വർഷങ്ങൾക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടെയാണ് ഇത്. 1991-ൽ ഹം എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചഭിനയിച്ചത്.
ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, റിതിക സിങ്, ദുഷാര വിജയൻ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. തലൈവർ രജനികാന്തിന്റെ 170-ാം ചിത്രമാണ് ലൈക്ക പ്രൊഡക്‌ഷൻസ് നിർമിക്കുന്ന വേട്ടയ്യൻ. ഛായാഗ്രാഹകൻ എസ്.ആർ. കതിർ, എഡിറ്റർ ഫിലോമിൻ രാജ്.