‘പലരും പറയുന്നതു കേട്ട് വിവാദങ്ങൾക്കൊന്നും ഞാനില്ല’; കൈതപ്രവുമായുള്ള ബന്ധത്തെക്കുറിച്ച് എം.ജി.ശ്രീകുമാർ
Mail This Article
കവിയും ഗാനരചയിതാവും ഗായകനും സംഗീതസംവിധായകനും നടനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുമായുള്ള ഹൃദയബന്ധത്തെക്കുറിച്ചു മനസ്സു തുറന്ന് ഗായകൻ എം.ജി.ശ്രീകുമാർ. അദ്ദേഹം തനിക്കു സ്വന്തം ജ്യേഷ്ഠനെപ്പോലെയാണെന്നും പലരും പറയുന്നതു കേട്ട് വിവാദങ്ങൾക്കൊന്നും താനില്ലെന്നും എം.ജി.ശ്രീകുമാർ വ്യക്തമാക്കി. ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തിറക്കുന്ന ‘ഓർമകൾ’ എന്ന സംവാദന പരമ്പരയിൽ ആണ് കൈതപ്രത്തെക്കുറിച്ച് ഗായകൻ വാചാലനായത്.
‘കൈതപ്രം ചേട്ടൻ ഒരു ഇതിഹാസമാണ്. അതിൽ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ എത്രയോ കച്ചേരികൾ ഞാൻ കണ്ടിരിക്കുന്നു. മൂകാംബികാ ദേവിയുടെ വലിയ ഭക്തൻ കൂടിയാണ് അദ്ദേഹം. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. അവിടെ നിന്നും കഴിച്ച ഭക്ഷണത്തിന്റെ രുചി ഇപ്പോഴും ഓർമയിലുണ്ട്. കൈതപ്രം ചേട്ടനെ എന്റെ സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ് മനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം ചേർന്ന് എത്രയോ പാട്ടുകൾ ഞാൻ ചെയ്തിട്ടുണ്ട്. പലരും പറയുന്നത് കേട്ട് വിവാദങ്ങൾക്കൊന്നും ഞാനില്ല.
അദ്ദേഹം എഴുതിയതില്‍ ഒരു ഗാനവും മോശമല്ല. യഥാർഥത്തിൽ പത്മശ്രീയല്ല അദ്ദേഹത്തിന് പത്മഭൂഷണ്‍ കൊടുക്കണം. അത്രത്തോളം സംഭാവനകളാണ് കൈതപ്രം ചേട്ടൻ മലയാള സിനിമയ്ക്കു നല്‍കിയിട്ടുള്ളത്. അതുപോലെ തന്നെ ലളിതഗാനവും ഭക്തി ഗാനവുമൊക്കെ എഴുതിയിട്ടുണ്ട്. ഞാന്‍ പാടിയിട്ടുള്ള ഭൂരിഭാഗം പാട്ടുകളും മറ്റാര്‍ക്കും എഴുതാൻ പറ്റുന്നവയല്ല. അദ്ദേഹത്തിന്റെ എഴുത്തില്‍ ഒരു ദൈവികതയുണ്ട്. അസാധ്യമായ രചനാവൈഭവം! റെക്കോര്‍ഡിങ്ങിനിടെ പാട്ട് മാറ്റിയെഴുതാമോ എന്ന് ചോദിച്ചാല്‍ ചിലര്‍ക്ക് ദേഷ്യം വരും. എന്നാൽ കൈതപ്രം ചേട്ടന് എത്ര തവണ മാറ്റി എഴുതാനും മടിയില്ല. അദ്ദേഹം തിരുത്തിക്കൊണ്ടേയിരിക്കും’, എം.ജി.ശ്രീകുമാർ പറഞ്ഞു.