നഗ്നരായി നടക്കുന്ന സ്ത്രീകൾ, ലൈംഗികത്തൊഴിലാളികളായി പുരുഷന്മാർ; മൈക്കൽ ജാക്സന്റെ മരണത്തിനു പിന്നിലും ‘ഡിഡ്ഡി’ പാർട്ടിയോ?

Mail This Article
അമേരിക്കൻ റാപ്പറും സംഗീതജ്ഞനുമായ ഡിഡ്ഡി എന്ന് അറിയപ്പെടുന്ന ഷോൺ കോംബ്സ് അറസ്റ്റിലാകുന്നത് ഇക്കഴിഞ്ഞ മാസമാണ്. ലൈംഗിക പീഡനം ആരോപിച്ച് മുന്‍ കാമുകി നല്‍കിയ പരാതിയിലാണ് ഷോൺ കോംബ്സിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടുപിന്നാലെ ഡിഡ്ഡിക്കെതിരെ നിരവധി പേർ പരാതികളുമായി എത്തി. അവയിൽ കൂടുതലും ലൈംഗികപീഡനാരോപണങ്ങൾ ആയിരുന്നു. ഡിഡ്ഡിയുടെ അറസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ പുകയുന്നതിനിടെ ആരാണ് യഥാർഥത്തിൽ ഡിഡ്ഡിയെന്ന് ഇന്റർനെറ്റിൽ തിരയുകയാണ് പലരും.
∙ ആരാണ് ഷോൺ കോംബ്സ് അഥവാ ഡിഡ്ഡി
ലോകത്തിലെ ഏറ്റവും സമ്പന്നരായ സംഗീതകലാകാരന്മാരിൽ ഒരാളാണ് ഡിഡ്ഡി. 1990 മുതൽ ഹിപ്-ഹോപ്പ് രംഗത്ത് ആധിപത്യം പുലർത്തിയ റാപ്പർ. ശരിയായ പേര് ഷോൺ ജോൺ കോംബ്സ്. 1969ൽ ന്യൂയോർക്കിലാണ് ഡിഡ്ഡിയുടെ ജനനം. ഹാർവഡ് യൂണിവേഴ്സിറ്റിയിൽ ബിസിനസ് മേജറിൽ വിദ്യാർഥിയായിരിക്കെ ന്യൂയോർക്കിലെ അപ്‌ടൗൺ റെക്കോർഡ്‌സിൽ ഡിഡ്ഡി ഇന്റേൺ ആയി. വിദ്യാർഥിയായിരിക്കെ തന്നെ പാർട്ടികൾ സംഘടിപ്പിച്ചിരുന്നു. അപ്‌ടൗണിൽ നിന്നും പുറത്താക്കപ്പെട്ട ഡിഡ്ഡി, ബാഡ് ബോയ് റെക്കോർഡ്സ് എന്ന പേരിൽ ഒരു പാട്ട് സംഘം രൂപീകരിച്ചു.
ആദ്യ സിംഗിൾ റാപ്പ് ആയ ‘കാന്റ് നോബഡി ഹോൾഡ് മീ ഡൗൺ’ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയതോടെയാണ് ആദ്യ ആൽബമായ ‘നോ വേ ഔട്ട്’ ഡിഡ്ഡി പുറത്തിറക്കുന്നത്. 1994-1995 കാലഘട്ടത്തിൽ, ടിഎൽസിയുടെ ക്രേസി സെക്സി കൂളിനായി ഡിഡ്ഡി നിരവധി ഗാനങ്ങൾ നിർമിച്ചു. അത് ബിൽബോർഡിന്റെ ദശാബ്ദത്തിലെ മികച്ച പോപ്പ് ആൽബങ്ങളുടെ പട്ടികയിൽ 25ാം സ്ഥാനത്തെത്തി. തുടർന്ന് മികച്ച റാപ്പ് ആൽബത്തിനുള്ള ഗ്രാമി പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടാൻ ഡിഡ്ഡിക്കു സാധിച്ചു.
പിന്നീടങ്ങോട്ട് ഡിഡ്ഡിയുടെ ദിനങ്ങൾ ആയിരുന്നു എന്നു പറയാം. പഫ് ഡാഡി, പി ഡാഡി, ഡിഡ്ഡി എന്നിങ്ങനെയൊക്കെ അദ്ദേഹം അറിയപ്പെട്ടു തുടങ്ങി. നിരവധി കലാകാരന്മാരുമായി ഡിഡ്ഡി ബന്ധങ്ങൾ സ്ഥാപിച്ചു. തുടർന്ന് ബിസിനസ്സ് രംഗത്തും ചുവടുറപ്പിച്ചു. ഫോർച്യൂൺ മാഗസിൻ 2002 ൽ 40 വയസ്സിനു താഴെയുള്ള മികച്ച 40 സംരംഭകരിൽ 12ാം സ്ഥാനത്ത് ഡിഡ്ഡിയെ പട്ടികപ്പെടുത്തി. 2022ൽ 1 ബില്യൻ യുഎസ് ഡോളറിന്റെ ആസ്തിയുള്ള ഏറ്റവും സമ്പന്നമായ സംഗീത കലാകാരന്മാരിൽ ഒരാളായി ഡിഡ്ഡി മാറി.
∙ പ്രസിദ്ധിയിൽ നിന്ന് കുപ്രസിദ്ധിയിലേക്ക്
തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഡിഡ്ഡി വിവാദഗായകനായി കുപ്രസിദ്ധി നേടിത്തുടങ്ങിയത്. ഡിഡ്ഡിക്കെതിരെ വിവിധയിടങ്ങളിൽ നിന്നായി നിരവധി ആരോപണങ്ങൾ ഉയർന്നുതുടങ്ങി. സംഗീതസംവിധായകനായ സ്റ്റീവൻ സ്റ്റൗട്ടിനെ മർദിച്ചതിന് ഡിഡ്ഡിക്കെതിരെ കേസെടുത്തെങ്കിലും തുടർന്ന് പരസ്യ ക്ഷമാപണം നടത്തിയതോടെ അത് പിൻവലിച്ചു. പിന്നാലെ നിരവധി ലൈംഗികപീഡന ആരോപണങ്ങളാണ് തലപൊക്കിയത്. അതിൽ നിന്നൊക്കെ വിദഗ്ധമായി ഡിഡ്ഡി തലയൂരി.
ലൈംഗിക പീഡനം ആരോപിച്ച് മുന്‍ കാമുകി നല്‍കിയ പരാതിയിലാണ് ഡിഡ്ഡി ഇപ്പോൾ അറസ്റ്റിലാകുന്നത്. സംഭവം വാർത്തയായതോടെ 120 പേർ ഡിഡ്ഡിക്കെതിരെ പീഡന പരാതി ഉന്നയിച്ചു രംഗത്തെത്തി. പരാതിക്കാരിൽ സ്ത്രീകൾ മാത്രമാല്ല, പുരുഷന്മാരും ഉൾപ്പെടുന്നു. പരാതികളിൽ ഏറെയും ഡിഡ്ഡി നടത്തുന്ന ‘ഡിഡ്ഡി പാർട്ടി’യുമായി ബന്ധപ്പെട്ടതായിരുന്നു.
∙ എന്താണ് ഡിഡ്ഡി പാർട്ടി?
സമൂഹത്തിലെ പ്രമുഖരായ പലരെയും തന്റെ വലയിൽ വീഴ്ത്താൻ മിടുക്കനായ ഡിഡ്ഡി, അവരെ അയാൾ നടത്തുന്ന പാർട്ടിയിലേക്കും ക്ഷണിച്ചിരുന്നു. ഡിഡ്ഡിയുമായി സൗഹൃദത്തിൽ ആവുന്ന അമേരിക്കയിലെയും മറ്റ് രാജ്യങ്ങളിലെയും നിരവധി പ്രമുഖരാണ് അയാളുടെ വലയിൽ കുടുങ്ങിയത്. മദ്യവും മയക്കുമരുന്നും ഉൾപ്പെടെ ഒരു തലമുറയെ മുഴുവൻ നശിപ്പിക്കാൻ ശേഷിയുള്ള പലതും ഡിഡ്ഡി തന്റെ പാർട്ടിയിൽ സുഹൃത്തുക്കൾക്കായി വിളമ്പി.
ഒരു തവണയെങ്കിലും പാർട്ടിയിൽ പങ്കെടുത്ത പലർക്കും ഡിഡ്ഡി പാർട്ടിയുടെ പിന്നിൽ നടക്കുന്നതൊക്കെ അറിയാമെങ്കിലും പുറത്തു പറയാൻ അവരെല്ലാവരും മടിച്ചതോടെ ഡിഡ്ഡിയുടെ നിഗൂഢ ലോകം വളർന്നു. പാർട്ടിയുടെ പേരിൽ ലൈംഗിക കടത്തും (ലൈംഗിക ചൂഷണത്തിന് വേണ്ടിയുള്ള മനുഷ്യക്കടത്ത്) ചൂഷണങ്ങളും ആണ് അവിടെ നടന്നിരുന്നതെന്ന റിപ്പോർട്ടുകളാണിപ്പോൾ പുറത്തുവരുന്നത്.
രാത്രി ആരംഭിക്കുന്ന പാർട്ടി രാവിലെ 7 മണി വരെ തുടരും. പാർട്ടിയിൽ പങ്കെടുക്കാനെത്തി, അവിടെ നിന്നു ലഭിക്കുന്ന മയക്കുമരുന്നിനു കീഴ്പെടുന്ന പലരും സ്വന്തം സ്വത്വം പോലും മറന്നു പെരുമാറുന്ന അവസ്ഥയിലേക്ക് നീങ്ങുന്നതോടെയാണ് പാർട്ടിയുടെ സ്വഭാവം മാറുന്നത്. മയക്കുമരുന്നിന് അടിമകളാകുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നഗ്നരാവുകയും ചുറ്റും നടക്കുന്നത് എന്തെന്ന് അറിയാൻ പറ്റാത്ത അവസ്ഥയിലേക്ക് മാറുകയും ചെയ്യുന്നതോടെ പാർട്ടി ഹാളുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഒളിക്യാമറയിലൂടെ അവയെല്ലാം പകർത്തി സൂക്ഷിക്കും. തുടർന്ന് ഡിഡ്ഡി സംഘാംഗങ്ങളും തങ്ങൾ പകർത്തിയ രംഗങ്ങൾ ഉപയോഗിച്ച് പാർട്ടിയിൽ പങ്കെടുത്തവരെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്.
ചില ദിവസങ്ങളിൽ ‘ഫ്രീക്ക് ഓഫ്‌സ്’ എന്ന പേരിൽ ഏറെ നേരം നീണ്ടുനിൽക്കുന്ന സെക്സ് പാർട്ടികളും അവിടെ നടത്തിയിരുന്നു. നിരവധി താരങ്ങളെ പുരുഷ ലൈംഗികത്തൊഴിലാളികൾക്കൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇതിന്റെ വിഡിയോകൾ ഡിഡ്ഡിയുടെ സംഘം ഒളിക്യാമറയിലൂടെ പകർത്തുകയും തുടർന്ന് താരങ്ങളെ ഭീഷണിപ്പെടുത്താനായി അവ ഉപയോഗിച്ചിരുന്നതും പരസ്യമായ രഹസ്യമാണ്.
ഹോളിവുഡിലെ നിരവധി താരങ്ങളാണ് ഡിഡ്ഡി വിരിച്ച വലയിൽ കുടുങ്ങിയത്. കുട്ടികൾ ഉൾപ്പെടെയുള്ളവരും ഡിഡ്ഡിയുടെ കുരുക്കിൽപ്പെട്ടിട്ടുണ്ട്. ലൈംഗികാതിക്രമത്തിന് വിധേയരായവരില്‍ ഒരാൾക്ക് സംഭവസമയത്ത് ഒന്‍പതു വയസ്സുമാത്രമായിരുന്നു പ്രായം എന്നത് ഇക്കാര്യം ശരി വയ്ക്കുകയാണ്. 1991 മുതല്‍ ഡിഡ്ഡി പ്രതിക്കൂട്ടിൽ ആകുന്നത് വരെ ചൂഷണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.
ലൈംഗിക കടത്ത് സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് ഹോംലാൻഡ് സെക്യൂരിറ്റിയിലെ ഉദ്യോഗസ്ഥർ ലൊസാഞ്ചലസിലെയും മിയാമിയിലെയും ഡിഡ്ഡിയുടെ വീടുകളിൽ റെയ്ഡ് നടത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സെക്സ് ടോയ്സ്, പതിനായിരത്തോളം ബേബി ഓയിലുകൾ, അടിവസ്ത്രങ്ങൾ എന്നിവ നിറഞ്ഞ സെക്സ് റൂമുകളുമാണ് അവിടെ കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സെക്സ് പാർട്ടിക്കിടെ നടക്കുന്ന കാര്യങ്ങൾ പകർത്തുന്ന ഒളി ക്യാമറകളും അവിടെ നിന്നും കണ്ടെത്തി.
∙ സംഗീത ലോകം ഭയക്കുന്നത് എന്തിന്?
ഡിഡ്ഡിയുടെ അറസ്റ്റ് നിരവധി പേരെയാണ് ബാധിച്ചത്. പോപ്പ് രാജാവ് മൈക്കൽ ജാക്സൻ, ആലിയ, ലിസ ലോപ്സ് എന്നിവരുടെ മരണത്തിൽ ഡിഡ്ഡിക്ക് പങ്കുണ്ടെന്നും ഡിഡ്ഡിയുടെ വീട്ടിൽ നിന്നും മൈക്കൽ ജാക്സന്റെ വീട്ടിലെ ബേസ്മെന്റുമായി ബന്ധിപ്പിക്കുന്ന ഒരു തുരങ്കം ഉണ്ടെന്നുമൊക്കെ സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉയരുന്നു. 2014ൽ പുറത്തിറങ്ങിയ ജെ കോളിന്റെ ‘ഷി നോസ്’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എന്നാൽ അത്തരത്തിൽ ഒരു തുരങ്കം കണ്ടെത്തിയിട്ടില്ലെന്നും ടണലിന്റെതെന്ന പേരിൽ പ്രചരിപ്പിക്കുന്ന ചിത്രങ്ങൾ വ്യാജമാണെന്നും സൂചനയുണ്ട്.
ജസ്റ്റിൻ ബീബർ, ജെന്നിഫർ, ലിയോനാർഡോ ഡികാപ്രിയോ, അഷർ ഉൾപ്പെടെയുള്ള പല താരങ്ങളുമായും ഡിഡ്ഡി അടുത്ത ബന്ധം പുലർത്തിയിരുന്നതും സിനിമാ–സംഗീതരംഗത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ പ്രമുഖർ ഇരകളാണോ അതോ ഡിഡ്ഡി ചെയ്ത കുറ്റകൃത്യങ്ങളിൽ അവർക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ചുവരികയാണിപ്പോൾ.