യേശുദാസ് പറഞ്ഞു, ‘ബാറ്ററി ചാർജ് ചെയ്യുന്നതുപോലെയാണ് എനിക്ക് ഇവിടെ വന്നു പാടുന്നത്’; ചെമ്പൈ സംഗീതോത്സവമെന്ന മാമാങ്കം!
Mail This Article
ചെമ്പൈ സംഗീതോത്സവം അന്നു ശ്രുതി ചേർന്നതു ചരിത്രത്തിലേക്കായിരുന്നു. യേശുദാസ് ആദ്യമായി അവിടെ പാടാനെത്തിയത് 1972ലെ ആ സായാഹ്നത്തിലാണ്. പിന്നീടങ്ങോട്ട് ചെമ്പൈ സംഗീതത്തിനോടൊപ്പം ഗന്ധർവസംഗീതവും ലയിച്ചു. പിന്നീട് ചെമ്പൈ വൈദ്യനാഥ ഭാഗവതർക്കുള്ള ഗുരുദക്ഷിണയായി അദ്ദേഹത്തിന്റെ ഓരോ വരവും. പാലക്കാട് കോട്ടായി ഗ്രാമത്തിലെ ചെമ്പൈ സംഗീതോത്സത്തിന് എന്നും ശ്രുതിമീട്ടിയിട്ടുള്ളത് ഇത്തരം ഇതിഹാസ കഥാപാത്രങ്ങളും രാഗദേവന്മാരുമൊക്കെയാണ്. ഒരു നൂറ്റാണ്ട് പിന്നിട്ട കഥകൾക്കും സംഗീതത്തിന്റെ അത്രയും തന്നെ മധുരമുണ്ട്.
നാൾവഴികൾ
1914ൽ ചെമ്പൈ സഹോദരന്മാരായ വൈദ്യനാഥ ഭാഗവതരും സുബ്രഹ്‌മണ്യ ഭാഗവതരും ചേർന്നാണ് ചെമ്പൈ സംഗീതോത്സവമെന്ന സംഗീതമാമാങ്കത്തിനു തുടക്കം കുറിച്ചത്. ചെമ്പൈ കുടുംബ ക്ഷേത്രമായ പാർഥസാരഥി ക്ഷേത്രത്തിൽ ആ വർഷമാണ് കൊടിമരം സ്‌ഥാപിക്കുന്നത്. പിന്നെ, ഉത്സവം നിർബന്ധമായി. സംഗീത കുടുംബമായതുകൊണ്ട് കച്ചേരികൂടി നടത്താമെന്ന് ഇരുവരും തീരുമാനിച്ചു. അങ്ങനെ ക്ഷേത്ര നടയ്‌ക്കും ചെമ്പൈ അഗ്രഹാരത്തിന്റെ പൂമുഖത്തിനും ഇടയിലുള്ള സ്‌ഥലത്ത് ഇരുവരും ആദ്യമായി സംഗീതക്കച്ചേരി നടത്തി. ചെമ്പൈ സഹോദരന്മാരുടെ കീർത്തനങ്ങളും കൃതികളും നിറഞ്ഞ കച്ചേരി കേൾക്കാൻ ആളുകൾ കൂട്ടംകൂട്ടമായി എത്തിത്തുടങ്ങി. കോട്ടായിയിൽ സംഗീതം മാത്രം ശബ്‌ദിച്ചുകൊണ്ടിരുന്നു.
സംഗീതോത്സവത്തിൽ പങ്കെടുക്കണമെന്നും കച്ചേരി അവതരിപ്പിക്കണമെന്നും അറിയിച്ച് സംഗീതജ്‌ഞരെ ക്ഷണിക്കാൻ അന്നുള്ളത് പോസ്‌റ്റ് കാർഡുകളാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതർ പോസ്‌റ്റ് കാർഡിലെഴുതിയ രണ്ടു വരികൾ തന്നെ ധാരാളമായിരുന്നു അവർക്കു ചെമ്പൈ ഗ്രാമത്തിലെത്താൻ. ഇതുവരെ സംഗീതോത്സവത്തിൽ പങ്കെടുത്ത ആരും പ്രതിഫലം വാങ്ങിയിട്ടുമില്ല.
മഹാരാജപുരം വിശ്വനാഥ ഭാഗവതർ, മുസരി സുബ്രഹ്‌മണ്യ അയ്യർ, ടി.ആർ. മഹാലിംഗം, എണ്ണപ്പാടം വെങ്കിട്ടരാമഭാഗവതർ, അരിയക്കുടി രാമാനുജ അയ്യങ്കാർ, കാഞ്ചിപുരം നൈനാപിള്ള, ശെമ്മാങ്കുടി ശ്രീനിവാസയ്യർ, ജി.എൻ.ബാലസുബ്രഹ്‌മണ്യം, എം.എസ്. സുബ്ബലക്ഷ്‌മി, മധുര മണി അയ്യർ, പാലക്കാട് മണി അയ്യർ തുടങ്ങിയവർ സംഗീതോൽസവത്തിന്റെ ആദ്യ വർഷങ്ങൾ സംഗീതസാന്ദ്രമാക്കി. അൻപതു വർഷത്തോളം ചെമ്പൈ സഹോദരന്മാർ ഒരുമിച്ച് സംഗീതോൽസവത്തിനു നേതൃത്വം നൽകി. 1964ൽ സുബ്രഹ്‌മണ്യ ഭാഗവതർ അന്തരിച്ചതോടെ തുടർന്നുള്ള സംഗീതോൽസവം വൈദ്യനാഥ ഭാഗവതർ ഒറ്റയ്‌ക്കാണു നടത്തിയത്.
തലമുറകളുടെ സംഗീതം
കർണാടക സംഗീതത്തിലെ ശോഭനമായ ഒരു ഭൂതകാലത്തിന്റെ നിലയ്‌ക്കാത്ത സ്‌മരണയാണ് വൈദ്യനാഥ ഭാഗവതർ തന്റെ സംഗീതത്തിലൂടെ നൽകിയത്. കേരളത്തിൽ സംഗീതസംസ്‌കാരം രൂപപ്പെടുത്തി എടുക്കുന്നതിലും ആ സംസ്‌കാരം കാത്തുസൂക്ഷിക്കാൻ പ്രാപ്‌തിയുള്ള തലമുറയെ സൃഷ്‌ടിച്ചെടുക്കുന്നതിലും അദ്ദേഹം വിജയിച്ചു. പാലക്കാട് പ്രദേശത്തേക്കു കുടിയേറിയ തമിഴ് ബ്രാഹ്‌മണ സമൂഹത്തിന്റെ ജീവിത സംസ്‌കാരമാണു ശാസ്‌ത്രീയ സംഗീതത്തിൽ പാലക്കാടിന്റെ പാരമ്പര്യം.
സംഗീത ഗുരുകുലം ചെമ്പൈ അഗ്രഹാരത്തിൽ തന്നെയായിരുന്നു. മലയാളം, കന്നഡ, തമിഴ് പ്രദേശങ്ങളിൽനിന്നായി ഒട്ടേറെ യുവാക്കൾ പാരമ്പര്യ രീതിയിലുള്ള സംഗീത പഠനത്തിനെത്തി. എഴുതിയുള്ള പഠനമില്ല ഗുരുകുലത്തിൽ. മനസ്സിൽ പതിയുന്നതുവരെ പാടിത്തന്നെ പഠിപ്പിക്കും. ജാതിമത ചിന്തകൾ കൊടികുത്തിനിന്ന സമയവുമായിരുന്നു അത്. പക്ഷേ, അഗ്രഹാരത്തിൽതന്നെ വിവിധ മതവിഭാഗത്തിലുള്ളവർക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യം ഒരുക്കി.
1974 ഒക്‌ടോബർ 16 ൽ ഒറ്റപ്പാലം പൂഴിക്കുന്നം ശ്രീകൃഷ്‌ണ ക്ഷേത്രത്തിലായിരുന്നു ചെമ്പൈയുടെ അവസാന കച്ചേരി. മൂന്നുമണിക്കൂർ കഴിഞ്ഞിട്ടും കച്ചേരി അദ്ദേഹം നിർത്തിയില്ല. കൂടെയുണ്ടായിരുന്ന ഒ.എം.വി. നമ്പൂതിരിപ്പാട് അദ്ദേഹത്തോട് ‘കച്ചേരി മതിയാക്കിക്കൂടെ എന്ന് ചോദിച്ചു. ‘ഇനിയും പാടണം’ എന്നായിരുന്നു മറുപടി. ‘ഭൈരവി അടതാള വർണവും വാതാപി ഗണപതിം, പാവനഗുരു, രക്ഷമാം ശരണാഗതം, ഇരയിമ്മൻ തമ്പിയുടെ കരുണ ചെയ്വാൻ തുടങ്ങിയ കീർത്തനങ്ങളുമാണ് അദ്ദേഹം ആലപിച്ചത്. അവസാനം പാടിയ വന്ദേമാതരം എന്ന ശ്ലോകത്തിൽ അദ്ദേഹത്തിന്റെ ശബ്‌ദസൗന്ദര്യം മുഴുവൻ ഉണ്ടായിരുന്നു.
കച്ചേരിക്കുശേഷം അദ്ദേഹം ശ്രീകോവിലിന്റെ മുൻപിൽനിന്നു പ്രാർഥിക്കുകയാണ്: ‘ജീവിതത്തിലെ എല്ലാ ആഗ്രഹങ്ങളും ഭഗവാൻ സാധിച്ചുതന്നു. ഇനി തിരിച്ചു വിളിച്ചുകൂടേ’ എന്ന് അദ്ദേഹം ഭഗവാനോട് ചോദിച്ചു. അത് കേട്ടുകൊണ്ടുനിന്ന ചെണ്ടവിദ്വാനായ ചെതലി രാമമാരാർ പറഞ്ഞു: ‘സംഗീതത്തിനുവേണ്ടി അങ്ങ് ഇനിയും ജീവിക്കണം.’
വൈദ്യനാഥ ഭാഗവതരുടെ മറുപടി ഇങ്ങനെയായിരുന്നു: ‘അത് ഞാനും ഗുരുവായൂരപ്പനും തമ്മിലുള്ള കാര്യം. എന്റെ കാര്യം ഭഗവാൻ തീരുമാനിക്കട്ടെ.’ പിന്നെ അദ്ദേഹം വിശ്രമിക്കാൻ ശിഷ്യനായ ഒളപ്പമണ്ണ വാസുദേവൻ നമ്പൂതിരിയുടെ വീട്ടിലേക്കുപോയി. അവിടെവച്ചായിരുന്നു അന്ത്യം. 65 വർഷത്തോളം ഭാഗവതർ സംഗീതോത്സവത്തിനു നേതൃത്വം നൽകി. ആദ്യ വർഷങ്ങളിൽ ഏഴുദിവസമായിരുന്നു സംഗീതോത്സവം. ചെമ്പൈയുടെ മരണശേഷം നാലുദിവസമായി.
ഏകാദശിയുടെ അന്ന് ചെമ്പൈ അഗ്രഹാരത്തിലെ വൈദ്യനാഥ ഭാഗവതരുടെ ശിൽപ്പത്തിനരുകിൽ സംഗീത വിദ്വാൻമാരും പഴയ ശിഷ്യൻമാരുമൊക്കെ എത്തും. തലമുറകൾക്കു സംഗീതം പകർന്നുകൊടുത്ത ഗുരുവിനെ സ്‌മരിച്ച് അവർ പഞ്ചരത്നകീർത്തനം ആലപിക്കും. വർഷങ്ങളായി മുടങ്ങാതെ നടക്കുന്ന ചടങ്ങാണിത്.
യേശുദാസ് വരുന്നതെന്തിന്?
ചെമ്പൈ സംഗീതത്തിന്റെ ആത്മാവ് തൂവെള്ള വസ്‌ത്രമണിഞ്ഞു വേദിയിലെത്തുന്ന യേശുദാസിന്റെ ശബ്‌ദമായി മാറി. ഭാഗവതരുടെ ശിഷ്യനാണെങ്കിലും 1972 വരെ യേശുദാസ് സംഗീതോത്സവത്തിന് എത്തിയിരുന്നില്ല. സുബ്രഹ്‌മണ്യ ഭാഗവതരുടെ മകൻ അനന്തപദ്‌മനാഭനാണ് വൈദ്യനാഥ ഭാഗവതരോട് യേശുദാസിന്റെ കച്ചേരി ആ വർഷം വേണമെന്ന് ആവശ്യപ്പെടുന്നത്. കോട്ടായി നിവാസികളാരുംതന്നെ യേശുദാസിനെ നേരിട്ടു കണ്ടിട്ടില്ലായിരുന്നു.
ഗുരു തുടങ്ങിവച്ച ഇതിഹാസ സംഗീതോത്സവത്തിൽ ഗന്ധർവ സംഗീതത്തിന്റെ ശ്രുതി മീട്ടാൻ അങ്ങനെ യേശുദാസുമെത്തി. കോട്ടായി ഗ്രാമം ആളുകളെക്കൊണ്ടു നിറഞ്ഞ അപൂർവം സന്ദർഭങ്ങളിലൊന്ന്. യേശുദാസിന്റെ കച്ചേരി ആസ്വദിച്ചു ഭാഗവതർ പൂമുഖത്ത് ഇരിക്കുകയാണ്. യേശുദാസിനോട് സിനിമാഗാനങ്ങളും ആലപിക്കണമെന്ന് ആളുകൾ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ഭാഗവതർ ഇടപെട്ടു.
‘ആദ്യം കച്ചേരി. അതിനു ശേഷം അദ്ദേഹം നിങ്ങൾക്കിഷ്‌ടമുള്ള ഗാനങ്ങളും ആലപിക്കും’. ആ ഒരു വർഷം മാത്രമാണ് സംഗീതോത്സവത്തിൽ കച്ചേരിയുടെ കൂടെ സിനിമാഗാനങ്ങളും കലർന്നത്. പിന്നീടങ്ങോട്ട് യേശുദാസ് മുടങ്ങാതെ സംഗീതോത്സവത്തിനെത്തി. ഒരിക്കൽ മാത്രം അമേരിക്കയിലായിരുന്നതിനാൽ അദ്ദേഹത്തിന് എത്താൻ സാധിച്ചില്ല. സംഗീതോത്സവം കഴിഞ്ഞതിന്റെ അടുത്ത ആഴ്‌ച തന്നെ അദ്ദേഹം കോട്ടായിലെത്തി കച്ചേരി നടത്തി. സംഗീതോത്സവത്തിനുണ്ടാകാറുള്ള അത്രയും ആളുകൾ അന്നുമെത്തി.
കുംഭമാസത്തിലെ വെളുത്തപക്ഷ സപ്‌തമിക്കാണ് അമ്പലത്തിൽ കൊടിയേറ്റം. അതുകഴിഞ്ഞുള്ള ഏകാദശി ദിവസമാണ് യേശുദാസിന്റെ കച്ചേരി. വർഷങ്ങളായി അതു തുടരുന്നു. 99-ാമത് സംഗീതോത്സവത്തിൽ കച്ചേരി നടത്തിയതിനുശേഷം യേശുദാസ് ആളുകളോട് പറഞ്ഞു. ‘ഇത്രവർഷക്കാലം ഒരു കുടുംബം ഇങ്ങനെയൊരു സംഗീതോൽസവം നടത്തുക എന്നത് അദ്‌ഭുതമാണ്. ഇതിന്റെ ശതാബ്‌ദി തീർച്ചയായും ആഘോഷിക്കണം.’
സംഗീതോത്സവത്തിന്റെ ശതാബ്‌ദി ആഘോഷങ്ങൾക്കു ചെമ്പൈ കുടുംബാംഗങ്ങളോടൊപ്പം നേതൃത്വം നൽകിയവരുടെ മുൻനിരയിൽ യേശുദാസുമുണ്ട്. അന്ന് കച്ചേരിയൊക്കെ കഴിഞ്ഞ് ചെമ്പൈ കുടുംബാംഗങ്ങളുമായി സംസാരിക്കുകയാണ് യേശുദാസ്. സംഗീതോത്സവത്തിൽ മുടങ്ങാതെ പങ്കെടുക്കുന്നതിനെക്കുറിച്ചായി യേശുദാസും വൈദ്യനാഥ ഭാഗവതരുടെ പേരക്കുട്ടിയായ ചെമ്പൈ സുരേഷും തമ്മിലുള്ള സംസാരം. അവസാനം യേശുദാസ് അതിന്റെ രഹസ്യം തുറന്നു പറഞ്ഞു. ‘ബാറ്ററി ചാർജ് ചെയ്യുന്നതുപോലെയാണ് എനിക്ക് ഇവിടെ വന്നു പാടുന്നത്. പിന്നീടുള്ള ഒരു വർഷത്തേക്ക് എനിക്ക് ഈ ചാർജ് ധാരാളം’.