കൂട്ടിനു പ്രിയങ്കയില്ല, ഭാര്യാകുടുംബത്തിലെ വിവാഹത്തിൽ പങ്കെടുത്ത് നിക്; മധു ചോപ്രയ്ക്കൊപ്പം അടിച്ചുപൊളിച്ച് ആഘോഷം

Mail This Article
ജീവിതപങ്കാളിയും നടിയുമായ പ്രിയങ്ക ചോപ്രയുടെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ ഗായകൻ നിക് ജൊനാസിന്റെ ചിത്രങ്ങൾ വൈറലാകുന്നു. ന്യൂയോർക്കിൽ വച്ചു നടന്ന വിവാഹാഘോഷത്തിൽ പ്രിയങ്കയില്ലാതെയാണ് നിക് സംബന്ധിച്ചത്. നടിയുടെ അമ്മ മധു ചോപ്രയ്ക്കൊപ്പമെത്തിയ നിക്, ആഘോഷങ്ങളുടെ ആദ്യാവസാനം വരെ നിറസാന്നിധ്യമായിരുന്നു. നിക്കിന്റെ മാതാവ് ഡെനിസ് മില്ലർ ജൊനാസും വിവാഹത്തിൽ പങ്കെടുത്തു.
പ്രിയങ്കയുടെ സഹോദരന്‍ സിദ്ധാർഥ് ചോപ്രയ്ക്കും പ്രതിശ്രുതവധു നീലം ഉപാദ്യായ്ക്കും ഒപ്പമുള്ള നിക്കിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ബന്ധുക്കൾക്കൊപ്പം നൃത്തം ചെയ്ത നിക്കിന്റെ ദൃശ്യങ്ങളും വൈറലായിക്കഴിഞ്ഞു. പങ്കാളിയുടെ കുടുംബത്തോട് നിക് പുലർത്തുന്ന സ്നേഹവും അടുപ്പവും വലിയ ചർച്ചയായിരിക്കുകയാണ്. നിക് ശരിക്കും ഇന്ത്യയുടെ മരുമകനാണെന്നു തെളിയിച്ചിരിക്കുന്നു എന്നാണ് ചിത്രങ്ങൾക്കു ലഭിക്കുന്ന കമന്റുകൾ.
കുടുംബാഘോഷത്തിലെല്ലാം എപ്പോഴും ഒരുമിച്ചാണ് താരദമ്പതികൾ പങ്കെടുക്കാറുള്ളത്. എന്നാൽ ഇത്തവണ പുതിയ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മറ്റൊരിടത്തായതിനാല്‍ പ്രിയങ്കയ്ക്ക് ആഘോഷത്തിൽ നിന്നു വിട്ടുനിൽക്കേണ്ടി വന്നു. പ്രിയങ്ക കൂടെയില്ലാതിരുന്നിട്ടും ഒറ്റയ്ക്ക് വിവാഹാഘോഷത്തിലെത്തിനെത്തിയ നിക്കിനെ പ്രശംസിക്കുകയാണ് സമൂഹമാധ്യമ ലോകം. ആഘോഷത്തിലുടനീളം പ്രിയങ്കയുടെ അമ്മ മധു ചോപ്രയ്ക്കൊപ്പം തന്നെയുണ്ടായിരുന്നു നിക് ജൊനാസ്. ഇരുവരും തമ്മിലുള്ള സ്നേഹബന്ധവും പ്രശംസിക്കപ്പെടുന്നുണ്ട്. നിക്കിനെക്കുറിച്ച് പലപ്പോഴായി അഭിമുഖങ്ങളിൽ മധു ചോപ്ര മനസ്സു തുറന്നിട്ടുണ്ട്. നിക് വിദേശിയാണെങ്കിലും താൻ സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ് കാണുന്നതെന്നും എല്ലാ കാര്യങ്ങളും പരസ്പരം ചർച്ച ചെയ്യാറുണ്ടെന്നും മധു ചോപ്ര വെളിപ്പെടുത്തിയിരുന്നു. നിക്കിനെ തങ്ങൾക്കു കിട്ടയത് വലിയ ഭാഗ്യവും അനുഗ്രഹവുമാണെന്നും അവർ കൂട്ടിച്ചേർത്തു.
2017 ലെ മെറ്റ് ഗാല പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുകയും ആ ബന്ധം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. 2018 ഡിസംബർ 1ന് നിക്കും പ്രിയങ്കയും വിവാഹിതരായി. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങളോടെയായിരുന്നു പരമ്പരാഗതരീതിയിലുള്ള വിവാഹം. 4 കോടിയോളം രൂപയാണ് പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹാഘോഷത്തിനു വേണ്ടി ചെലവായത്. 2022 ജനുവരി 22ന് ഇരുവർക്കും പെൺകുഞ്ഞ് പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് താരദമ്പതികൾ മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. മാൾട്ടിക്ക് സമൂഹമാധ്യമലോകത്ത് ഏറെ ആരാധകരുമുണ്ട്.