മുകേഷ് അംബാനി ഇന്ത്യയിലെത്തിച്ച പൊന്നുംവിലയുള്ള ഗായിക, പാട്ടിൽ നിന്നു വിരമിക്കാനൊരുങ്ങി റിയാന?

Mail This Article
പോപ് താരം റിയാന സംഗീതജീവിതം അവസാനിപ്പിക്കുന്നുവെന്ന് അഭ്യൂഹം. അടുത്തിടെ തന്റെ കോസ്മെറ്റിക് ബ്രാൻഡ് ആയ ഫെന്റി ബ്യൂട്ടിയുടെ പുതിയ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോൾ ഗായിക പറഞ്ഞ വാക്കുകളാണ് ഇത്തരമൊരു അഭ്യൂഹത്തിനു വഴിതുറന്നത്.
‘സംഗീതത്തിലൂടെയാണ് ഞാൻ ശ്രദ്ധ നേടിയത്, പക്ഷേ ദൈവത്തിന് എന്നെക്കുറിച്ച് മറ്റ് പദ്ധതികളും ഉണ്ടായിരുന്നുവെന്നു മനസ്സിലാക്കുന്നു. ഞാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ആധികാരികമായി, ആത്മാർഥതയോടെ സൃഷ്ടിക്കാൻ എനിക്ക് സാധിച്ചു. അതിനാൽ, ഇത് ഒരു ജോലിയായി തോന്നുന്നില്ല’, റിയാന പറഞ്ഞു.
ഗായികയുടെ വാക്കുകൾ ഞൊടിയിടയിൽ വൈറലായി. റിയാന സംഗീതരംഗം ഉപേക്ഷിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ. വൈകാതെ പുതിയ ആൽബവുമായി താൻ പ്രേക്ഷകർക്കു മുന്നിലെത്തുമെന്ന് ഏതാനും മാസങ്ങൾക്കു മുൻപ് റിയാന പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് വിരമിക്കൽ സൂചന നൽകി ഗായിക രംഗത്തെത്തിയത്.
പൊതുവേ ആറ്റിക്കുറുക്കി മാത്രമേ റിയാന സംസാരിക്കാറുള്ളു. ഇത്തവണയും ചുരുങ്ങിയ വാക്കുകളിൽ പ്രതികരിച്ച ഗായികയുടെ പ്രസ്താവന വലിയ തോതിൽ ചർച്ചയായിക്കഴിഞ്ഞു. പലവിധ അഭിപ്രായങ്ങൾ നിരത്തി നിരവധി അനുമാനങ്ങളിലേക്ക് എത്തുകയാണ് സമൂഹമാധ്യമലോകം. റിയാനയുടെ തുടർ പ്രതികരണം എന്തെന്നറിയാൻ ആരാധകർ കാത്തിരിക്കുന്നു.
ഈ വർഷം മാർച്ചിൽ അനന്ത് അംബാനി–രാധിക മെർച്ചന്റ് പ്രീവെഡ്ഡിങ് ആഘോഷവേളയിൽ പാടാൻ റിയാന ഇന്ത്യയിലെത്തിയിരുന്നു. ഒരു മണിക്കൂർ പാട്ടിന് 74 കോടി രൂപ ഗായിക പ്രതിഫലമായി വാങ്ങിയത് ഏറെ ചർച്ച ചെയ്യപ്പെട്ടു. മുൻപ് ലോകത്തിലെ ഏറ്റവും സമ്പന്ന ഗായികയെന്ന ഖ്യാതി റിയാനയ്ക്കു സ്വന്തമായിരുന്നു. എന്നാൽ അടുത്തിടെ പുറത്തുവന്ന ഫോബ്‌സ് മാസികയുടെ കണക്കുകൾ പ്രകാരം 1.4 ബില്യൻ ഡോളറുമായി റിയാന രണ്ടാം സ്ഥാനത്താണ്. 1.6 ബില്യൻ ഡോളറുമായി ടെയ്‌ലർ സ്വിഫ്റ്റ് ഒന്നാമതെത്തി.