‘ബാലു അപ്പുറത്തെ മുറിയിലുണ്ടെന്ന ചിന്തയാണ് ലക്ഷ്മിക്ക്; ആ മൗനം ചിലർ എന്തും പറയാനുള്ള അവസരമാക്കി’
Mail This Article
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഭാര്യ നടത്തിയ തുറന്നു പറച്ചിലുകൾ ചർച്ചയാകുന്നതിനിടെ അവരുടെ ജീവിതം വിവരിച്ച് സംഗീതസംവിധായകൻ ഇഷാൻ ദേവിന്റെ ഭാര്യ ജീന. ബാലു തൊട്ടടുത്തുണ്ടെന്ന ധാരണയോടെയാണ് ലക്ഷ്മി എപ്പോഴും സംസാരിക്കുന്നതെന്നും പുഞ്ചിരിയോടെ മാത്രമേ അവരുടെ പഴയ ജീവിതത്തെക്കുറിച്ച് ഓർമിക്കാറുള്ളുവെന്നും ജീന സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ലക്ഷ്മിയുടെ അഭിമുഖം മനോരമ ന്യൂസ് ചാനലിലൂടെ പുറത്തു വന്നതിനെത്തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ചവർക്കു മറുപടിയെന്നോണമാണ് ജീനയുടെ കുറിപ്പ്. ലക്ഷ്മിയെ വിമർശിക്കുന്നവരോട് രൂക്ഷമായി പ്രതികരിച്ച ഇഷാൻ ദേവിന്റെ കുറിപ്പ് ഏറെ ചർച്ചയായിരുന്നു. പിന്നാലെയാണ് ജീനയുടെ പ്രതികരണവും പുറത്തുവന്നത്.
കുറിപ്പിന്റെ പൂർണരൂപം:
ഇന്ന് കേട്ടതും കണ്ടതും ആയ ചില പ്രതികരണങ്ങളിലേക്ക്.
*ലക്ഷ്മി നന്നായി സംസാരിക്കുന്നുണ്ടല്ലോ…
ഉണ്ടല്ലോ, ലക്ഷ്മി നന്നായി സംസാരിക്കാൻ വേണ്ടി ആണ് ഇത്രയും നാൾ എടുത്തത്.. കുറച്ചു നാള്‍ മുൻപ് വരെ ആ ദിവസത്തെ കുറിച്ച് സംസാരിക്കാൻ നല്ല പാടായിരുന്നു ചേച്ചിക്ക്..
* ലക്ഷ്മി ചിരിയോടെ ആണല്ലോ സംസാരിക്കുന്നത്? വല്യ സങ്കടം ഒന്നും കാണാൻ ഇല്ലാലോ.. ഇങ്ങനെ അല്ല പ്രതീക്ഷിച്ചത്..
അവരുടെ സങ്കടം അവരുടെ മാത്രം ആണ്.. വളരെ അടുത്തുള്ള ആളുകൾ കണ്ടാൽ മതി മനസ്സിലാക്കിയാൽ മതി.. ആളുകളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ഇത് മത്സരപരീക്ഷ അല്ലാലോ.. പിന്നെ ആ സ്റ്റുഡിയോയിൽ ഉള്ള ആളുകൾ പറയും, എന്തായിരുന്നു ചേച്ചിയുടെ അപ്പോഴത്തെ മാനസികാവസ്ഥ എന്നത്.
* കണ്ടാൽ അറിയാം കള്ളം ആണ് പറയുന്നത് എന്ന്
സത്യം അറിയേണ്ടവർക്കു സത്യം അറിയാൻ പറ്റി.. കള്ളം കണ്ടുപിടിക്കാൻ ഇരുന്നവർക്കു അതെ കാണാൻ പറ്റൂ..
* ഇവൾക്ക് എല്ലാം അറിയാം
അറിയാം.. അവർക്ക് അറിയാവുന്ന കാര്യങ്ങൾ ആണ് പറഞ്ഞത്.. അവർക്കു അറിയാത്ത എന്തേലും സംഭവിച്ചു എങ്കിൽ അത് കണ്ടു പിടിക്കണം എന്ന് തന്നെയാ അവർ അന്ന് മുതലേ പറയുന്നത്.. കാറിനുള്ളിൽ നടന്നതേ അവർക്ക് അറിയൂ..
* ഇപ്പോൾ എന്തിനാണോ ഇറങ്ങിയത്
ചേച്ചിയുടെ മൗനം ചിലർ എന്തും പറയാൻ ഉള്ള അവസരം ആക്കി.. ചേച്ചിയോട് അടുപ്പം ഉണ്ടെന്നു പറയുന്ന ചിലർ ചേച്ചി പറഞ്ഞു എന്ന് പറഞ്ഞു വെറും അനാവശ്യം പറഞ്ഞു തുടങ്ങിയപ്പോൾ.. ചേച്ചിയോട് സ്നേഹം ഉള്ളവർ ലക്ഷ്മി ഇനി മിണ്ടാതെ ഇരിക്കരുത് എന്ന് പറഞ്ഞപ്പോൾ.. ഒരു വട്ടം ലക്ഷ്മിക്ക് അറിയാവുന്നതു പറയൂ എന്ന് പറഞ്ഞപ്പോൾ.. ബാലു അണ്ണന് വേണ്ടി സംസാരിക്കാൻ ചേച്ചി മാത്രേ ഉള്ളൂ എന്ന് തോന്നിയതു കൊണ്ട്.
* ലക്ഷ്മിയെ എന്തോ കുഴിയിൽ ചാടിച്ചു
ഈ ഉള്ളത് പറയുന്നേ എങ്ങനെയാ കുഴിയിൽ ചാടിക്കുന്നെ ആകുന്നെ? അപ്പോൾ ശരിക്കും എന്താണു ചേച്ചി പറയേണ്ടത്?
അപ്പോൾ നിങ്ങൾ ഒക്കെ പറഞ്ഞു നടക്കുന്നത് ലക്ഷ്മിയെ മലമുകളിൽ കൊണ്ടാക്കുന്നതാണോ?
* ലക്ഷ്മി വളരെ genuine ആയാണ് സംസാരിക്കുന്നത്
അതെ.. ലക്ഷ്മിചേച്ചി വളരെ genuine ആണ്.. കഴിഞ്ഞ ആറ് വർഷം ആയി ഇത് തന്നെ ആണ് ഞങ്ങളോട് പറഞ്ഞിട്ടുള്ളത്, അതിൽ ഒരു മാറ്റവും ഇല്ല. ഇപ്പോൾ അല്ല കണ്ട നാൾ മുതലേ ചേച്ചി ഇങ്ങനെയാ.. പക്ഷേ ബാലുഅണ്ണൻ കൂടെ ഉണ്ടായിരുന്നപ്പോൾ ഉള്ള ലക്ഷ്മിയുടെ ഒരു നിഴൽ മാത്രം ആണ് ഇപ്പോൾ പല കാര്യങ്ങളിലും.
* ബാലുവിന്റെ പേര് പറയുമ്പോൾ തന്നെ ലക്ഷ്മി പുഞ്ചിരിക്കുന്നു..
അതെ… ചേച്ചിക്ക് പുഞ്ചിരിയോടെ അല്ലാതെ ബാലുഅണ്ണനെ ഓർക്കാൻ പറ്റില്ല, അവരുടെ ജീവിതം ഓർക്കാൻ പറ്റില്ല. പലപ്പോഴും ചേച്ചി അണ്ണനെക്കുറിച്ചു സംസാരിക്കുമ്പോൾ ബാലുഅണ്ണൻ അപ്പുറത്തെ റൂമിൽ ഉണ്ടെന്നു തോന്നിയിട്ടുണ്ട് എനിക്ക് ഇപ്പോഴും. ‘ഈ ബാലു ഉണ്ടല്ലോ’ എന്ന് പറഞ്ഞു തുടങ്ങുമ്പോൾ.
2018 സെപ്റ്റംബർ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടത്. ഏകമകൾ തേജസ്വിനി സംഭവദിവസം തന്നെ മരിച്ചു. ചികിത്സയിൽ കഴിയവേ ഒക്ടോബർ 2ന് ബാലഭാസ്കറും മരണത്തിനു കീഴടങ്ങി. അപകടത്തിൽ ലക്ഷമിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഭർത്താവും ഏകമകളും തന്നെ തനിച്ചാക്കി പോയതിന്റെ വേദന തിന്നു ജീവിക്കുമ്പോഴും വിവാദങ്ങളും വേട്ടയാടിയിട്ടുണ്ട് ലക്ഷ്മിയെ. ഇതാദ്യമായാണ് വിഷയത്തിൽ ലക്ഷ്മി പ്രതികരിക്കാൻ തയ്യാറാകുന്നത്.