അസുഖം വന്ന് കിടപ്പിലാകുമെന്ന് ബാലു ഭയന്നു, അത് കേട്ടപ്പോൾ ഞാനും തകർന്നു, മരണത്തിൽ ബാലു ആഹ്ലാദിച്ചിരിക്കാം: ലക്ഷ്മി
Mail This Article
വയലിൻ വായിക്കാൻ പറ്റത്ത അവസ്ഥയിൽ ജീവിച്ചിരിക്കരുതെന്ന് ബാലു ആഗ്രഹിച്ചിരുന്നതായി ഭാര്യ ലക്ഷ്മി. അസുഖബാധിതനായി കിടപ്പിലായിപ്പോകുമെന്ന് അദ്ദേഹം ഭയപ്പെട്ടെന്നും ആ ചിന്ത തന്നോടു പങ്കുവച്ചിട്ടുണ്ടെന്നും ലക്ഷ്മി വെളിപ്പെടുത്തി. മരണത്തിൽ ഒരുപക്ഷേ ബാലു ആഹ്ലാദിച്ചിട്ടുണ്ടാകുമെന്നും ലക്ഷ്മി പറഞ്ഞു. മനോരമ ന്യൂസ് ചാനലിനു നൽകിയ അഭിമുഖത്തിൽ ജയമോഹനോടു സംസാരിക്കുകയായിരുന്നു ലക്ഷ്മി.
‘സംഗീതം ഇല്ലാത്തയൊരു ജീവിതം ഉണ്ടാകരുതെന്ന് ബാലു ആഗ്രഹിച്ചിരുന്നു. ചില സന്ദർഭങ്ങളിൽ എന്നോടതു പറഞ്ഞിട്ടുമുണ്ട്. അപകടശേഷം ഞാൻ ബാലുവിനെ കണ്ടിട്ടില്ല. കണ്ടവരൊക്കെ പറഞ്ഞത്, ഒരിക്കലും വയലിൻ വായിക്കാൻ പറ്റുന്ന ശാരീരിക അവസ്ഥയായിരുന്നില്ല അദ്ദേഹത്തിന് എന്നായിരുന്നു. അങ്ങനെയൊരു അവസ്ഥയിൽ ജീവിക്കേണ്ടെന്ന് ബാലു ആഗ്രഹിച്ചിരിക്കാം. ഏത് അവസ്ഥയിലാണെങ്കിലും ജീവനോടെയിരുന്നാൽ മതിയെന്നായിരുന്നു എന്റെ സ്വാർഥമായ ചിന്ത. ബാലഭാസ്കർ എന്ന സംഗീതജ്ഞൻ ആഹ്ലാദിക്കും, അങ്ങനെയൊരു അവസ്ഥയിൽ കിടക്കേണ്ടി വന്നില്ലല്ലോ എന്നോർത്ത്. ബാലുവിന് സംഗീതം അത്രത്തോളം പ്രാണനായിരുന്നു.
അസുഖ ബാധിതനായി കിടക്കുന്ന ഒരു അവസ്ഥയെക്കുറിച്ച് ബാലു ആലോചിച്ചിരുന്നു, പേടിച്ചിരുന്നു. അങ്ങനെയൊരു ചിന്ത എന്തുകൊണ്ടാണ് മനസ്സിൽ വന്നതെന്ന് അറിയില്ല. സ്പോണ്ടിലൈറ്റിസിന്റെ ചെറിയൊരു പ്രശ്നം വന്നിട്ട് അദ്ദേഹത്തിന് കുറച്ചു നാൾ വയലിൻ വായിക്കാൻ സാധിച്ചില്ല. ചികിത്സയിലൂടെ അത് മാറ്റിയെടുക്കുകയും ചെയ്തു. പക്ഷേ, ആ അവസ്ഥ അദ്ദേഹത്തെ പലവിധ ചിന്തകളിലേക്കു നയിച്ചു. ‘‘എന്തെങ്കിലും ഒരു അസുഖബാധിതനായി ഞാൻ കിടന്നു പോകും. എനിക്ക് വയലിൻ വായിക്കാൻ പറ്റാത്തയൊരു അവസ്ഥയുണ്ടാകും’’ എന്ന് ഒരിക്കൽ എന്നോടു പറഞ്ഞു. അതു കേട്ടപ്പോൾ ഞാനാകെ തളർന്നു പോയി. എന്റെ വേദന മനസ്സിലാക്കിയതുകൊണ്ട് പിന്നീടൊരിക്കലും അങ്ങനെ എന്നോടു പറഞ്ഞില്ല. പക്ഷേ ആ ചിന്ത അദ്ദേഹത്തിന്റെ മനസ്സിൽ എപ്പോഴുമുണ്ടായിരുന്നു. അതോർത്ത് ഭയപ്പെടുകയും ചെയ്തു. വയലിൻ വായിക്കാൻ പറ്റാത്ത ഒരു ജീവിതം അദ്ദേഹത്തിനു സങ്കൽപിക്കാൻ പോലും സാധിച്ചിരുന്നില്ല.
വയലിൻ വായിക്കണമെന്നു മാത്രമാണ് ബാലു ആഗ്രഹിച്ചത്. അതിനു വലിയ പ്രതിഫലം വേണമെന്നൊന്നും ചിന്തിച്ചില്ല. വീട്ടിലിരുന്ന് പ്രാക്ടീസ് ചെയ്യാൻ പറ്റിയാലും മതി. തൃപ്തികരമായ ഒരു പ്രാക്ടീസു ശേഷം വളരെ സന്തോഷവാനായി അദ്ദേഹം പുറത്തുവരാറുണ്ട്. അതേസമയം, എത്ര വലിയ പ്രതിഫലം കിട്ടുന്ന വേദിയാണെങ്കിലും സംതൃപ്തിയില്ലാത്ത ഒരു ഷോ ആണ് അവതരിപ്പിക്കേണ്ടി വന്നതെങ്കില്‍ മൂഡ് ഓഫ് ആയിരിക്കും. ഒരു കലാകാരന്റെ സംതൃപ്തി. അത് മാത്രമാണ് ബാലു ആഗ്രഹിച്ചത്. അല്ലാതെ വലിയ വേദികളോ പ്രതിഫലമോ ഒന്നും അദ്ദേഹത്തിനു പ്രധാനമായിരുന്നില്ല’, ലക്ഷ്മി പറഞ്ഞു.