വേദിയിൽ ‘കുട്ടിക്കളി’ വേണ്ട; കോൾഡ്പ്ലേയ്ക്ക് മുന്നറിയിപ്പ്, നിബന്ധന ലംഘിച്ചാൽ കർശന നടപടി

Mail This Article
കുട്ടികളെ യാതൊരു തരത്തിലും സംഗീതപരിപാടിയുടെ വേദിയിൽ ഉപയോഗിക്കരുതെന്നു കാണിച്ച് സംഗീതബാൻഡ് കോൾഡ്പ്ലേയ്ക്ക് അഹമ്മദാബാദിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ മുന്നറിയിപ്പ്. ഇയർപ്ലഗുകളോ ശ്രവണ സംരക്ഷണമോ ഇല്ലാതെ കുട്ടികളെ സംഗീത വേദിയിലേക്ക് പ്രവേശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് സംഘാടകർക്കു നിർദേശം ലഭിച്ചു. 120 ഡെസിബലിൽ കൂടുതലുള്ള ശബ്ദം കുട്ടികളുടെ ആരോഗ്യത്തിന് കാര്യമായ തകരാർ ഉണ്ടാക്കുമെന്നും അതിനാൽ ആ സാഹചര്യം ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ജനുവരി 25, 26 ദിവസങ്ങളിലായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ അവതരിപ്പിക്കാനിരിക്കുന്ന സംഗീതപരിപാടിക്കു മുന്നോടിയായിട്ടാണ് കോൾഡ്പ്ലേയ്ക്കു താക്കീത് ലഭിച്ചത്. നിബന്ധനകളിൽ വീഴ്ച പറ്റിയാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് അഹമ്മദാബാദിലെ ജില്ലാ ശിശു സംരക്ഷണ വകുപ്പ് അറിയിച്ചു.
ചണ്ഡിഗഡ് സ്വദേശി പണ്ഡിറ്റ് റാവു ധർണേവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാൻഡിനു മുന്നറിയിപ്പ് ലഭിച്ചത്. ഉച്ചത്തിലുള്ള ശബ്ദങ്ങളും പ്രകാശമാനമായ ലൈറ്റുകളും ഉൾക്കൊള്ളുന്ന സംഗീതപരിപാടികളിൽ കുട്ടികളെ ഉൾപ്പെടുത്തുന്നത് അവരുടെ ശാരീരിക ആരോഗ്യത്തിനും മാനസിക വികാസത്തിനും ഹാനികരമാണെന്ന് അധ്യാപകൻ കൂടിയായ ധർണേവർ വാർത്താ ഏജൻസിയോടു പ്രതികരിച്ചു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഭാവിയിൽ സമാനമായ നടപടികൾ കൈക്കൊള്ളാനുള്ള തന്റെ പ്രതിബദ്ധതയെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പഞ്ചാബി ഗായകൻ ദിൽജിത് ദോസഞ്ജിന്റെ ലുധിയാനയിൽ നടന്ന പുതുവത്സര സംഗീത പരിപാടിക്കെതിരെ പണ്ഡിറ്റ് റാവു ധർണേവർ നേരത്തെ പരാതി നൽകിയിരുന്നു. മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പാട്ടുകൾ പാടിയതിനെതിരെയായിരുന്നു പരാതി. അത്തരം പാട്ടുകൾ കുട്ടികളെയും യുവാക്കളെയും മോശമായ വിധത്തിൽ സ്വാധീനിക്കുമെന്ന് പരാതിയിൽ പറയുന്നു. പിന്നാലെയാണ് കോൾഡ് പ്ലേയ്ക്കും മുന്നറിയിപ്പ് ലഭിച്ചത്.