മാമാങ്കം പല കുറി കൊണ്ടാടി, മുടിപ്പൂക്കൾ വാടിയാലെന്തോമനേ...; മലയാളത്തിന് തരംഗിണിയുടെ സമ്മാനം
Mail This Article
മലയാള ലളിതഗാനശാഖയ്ക്കു തരംഗിണി നൽകിയ സംഭാവന വളരെ വലുതാണ്. സിനിമാ ഭക്തി ഗാനങ്ങളുടെ കാര്യത്തിൽ അങ്ങനെ പറയാനാവില്ല. തരംഗിണി ഇറക്കിയില്ലെങ്കിലും അവ ജന്മമെടുക്കകതന്നെ ചെയ്യുമായിരുന്നു. പക്ഷേ, മലയാളത്തിനൊരു ലളിതഗാന സമൃദ്ധി കൊടുത്തത് തരംഗിണിയാണെന്നു പറയാതെ വയ്യ. വസന്ത ഗീതങ്ങൾ, പൊന്നോണ തരംഗിണി, രാഗതരംഗിണി, മധുര ഗീതങ്ങൾ, ഉത്സവഗാനങ്ങൾ, ഗ്രാമീണ ഗാനങ്ങൾ, മൈലാഞ്ചി പാട്ടുകൾ... തുടങ്ങിയ പേരുകളിൽ എല്ലാ വർഷവും ആൽബങ്ങൾ തരംഗിണിയിൽനിന്ന് ഇറങ്ങിക്കൊണ്ടിരുന്നു. എന്തിനേറേ, വിഷാദഗാനങ്ങൾ എന്ന പേരിൽപോലും തരംഗിണി ആൽബം ഇറക്കി. ബാലു കിരിയത്തിന്റെ വരികൾക്ക് സംഗീതം നൽകിയത് ദർശൻ രാമൻ.
സിനിമയ്ക്ക് പുറത്തുള്ള സംഗീതസംസ്കാരത്തിൽ പെടുന്ന ഒട്ടേറെ ഗാനങ്ങൾ മലയാളി ആസ്വദിച്ചത് ഈ ആൽബങ്ങളിലൂടെയാണ്. പാട്ടുകൾ മാത്രമല്ല, സിനിമയിൽ സജീവമല്ലാത്ത സംഗീതജ്ഞർക്കും ഇതൊരു നല്ല അവസരമായിരുന്നു. തരംഗിണി മലയാളത്തിനു ചെയ്ത ഏറ്റവും വലിയ സംഭാവന അവർ ഇറക്കിയ ഈ ലളിതഗാനങ്ങളാണ്.
മാമാങ്കം പല കുറി കൊണ്ടാടി, തോണിക്കാരനുമവന്റെ പാട്ടും, മുടിപ്പൂക്കൾ വാടിയാലെന്തോമനേ, ഉത്രാടപ്പൂനിലാവേ വാ, എന്നും ചിരിക്കുന്ന സൂര്യന്റെ, പായിപ്പാട്ടാറ്റിൽ, അരയന്നമേ, എനിക്കു നിന്നോടു പ്രണയമാണെന്ന്.... അങ്ങനെ സിനിമാഗാനങ്ങളെക്കാൾ ഹിറ്റായ എത്രയോ മധുരമനോജ്ഞ ലളിതഗാനങ്ങളാണ് തരംഗിണി സംഭാവന ചെയ്തത്.