അന്ന് അദ്ദേഹം ചോദിച്ചു, ‘നീ എന്താ എന്നെ വിളിക്കാത്തത്’; ജയചന്ദ്രന്റെ ഓർമകളിൽ വിങ്ങി കമൽ
Mail This Article
തന്നെ സിനിമയിലേക്ക് ആകർഷിച്ചത് യേശുദാസിന്റെയും ജയചന്ദ്രന്റെയും പാട്ടുകളാണെന്ന് സംവിധായകൻ കമൽ. താൻ സിനിമയിലെത്തിയ കാലത്ത് തന്റെ സിനിമകളിലെ പാട്ടുകൾ യേശുദാസ് ആണ് പാടിയിരുന്നത്. ഒരിക്കൽ കണ്ടപ്പോൾ ജയചന്ദ്രനെ കണ്ടപ്പോൾ ‘നീ എന്താണ് എന്നെ വിളിക്കാത്തത്’ എന്ന് അദ്ദേഹം ചോദിച്ചെന്നും അതുകേട്ട് വിഷമം തോന്നിയെന്നും കമൽ പറയുന്നു. ഏതു പ്രായത്തിലുള്ള പാട്ടുകളും അദ്ദേഹത്തിന്റെ തൊണ്ടയ്ക്ക് ഇണങ്ങും. കോളജ് കുട്ടികളുടെ പാട്ടായ "പ്രായം തമ്മിൽ മോഹം നൽകി" എന്ന പാട്ട് അദ്ദേഹം പാടിയാൽ നന്നായിരിക്കുമെന്ന് വിദ്യാസാഗർ പറഞ്ഞു എന്ന് കമൽ പറയുന്നു. കമൽ മെമ്പറായുള്ള കമ്മിറ്റി ആണ് ജയചന്ദ്രന് ജെസി ഡാനിയേൽ പുരസ്‌കാരം നൽകിയത്. അത് അദ്ദേഹത്തെ വിളിച്ചറിയിച്ചത് താൻ ആയിരുന്നു എന്നും കമൽ ഓർത്തെടുക്കുന്നു.
‘യേശുദാസിന്റെയും ജയചന്ദ്രന്റെയും ശബ്ദമാണ് ഞങ്ങളെയൊക്കെ സിനിമയിലേക്ക് അടുപ്പിച്ചത്. അവരുടെ പാട്ടുകൾ വലിയൊരു പ്രചോദനം ആയിരുന്നു. വളരെ വാത്സല്യത്തോടെയാണ് അദ്ദേഹം ഞങ്ങളോട് ഇടപഴകിയത്. ഞങ്ങൾ സിനിമയിൽ വരുന്ന കാലം മുതൽ വലിയൊരു സൗഹൃദം എന്നോട് ഉണ്ടായിരുന്നു. ഞാൻ സിനിമ ചെയ്തു തുടങ്ങിയപ്പോൾ സംഗീത സംവിധായകർ ദാസേട്ടനെ ആണ് പാടാൻ വിളിച്ചിരുന്നത്. ഒരിക്കൽ എന്നെ കണ്ടപ്പോൾ അദ്ദേഹം ശകാരിച്ചു നീ എന്താണ് എന്നെ പാടാൻ വിളിക്കാത്തത് എന്ന് ചോദിച്ചു. എനിക്ക് ഭയങ്കര കുറ്റബോധം തോന്നി. ഞാൻ 'നിറം' ചെയ്തപ്പോൾ വിദ്യാസാഗറിനോട് പറഞ്ഞു എന്തായാലും ജയേട്ടനെക്കൊണ്ട് പാടിക്കണം. അങ്ങനെയാണ് 'പ്രായം തമ്മിൽ മോഹം നൽകി' എന്ന പാട്ട് പാടിയത്. കോളജ് കുട്ടികൾ പാടുന്ന പാട്ടാണ്. വളരെ ചെറുപ്പമായ ശബ്ദമാണ് അദ്ദേഹത്തിന്റേത് അതുകൊണ്ട് അദ്ദേഹത്തിന് ആ പാട്ട് പാടാൻ കഴിയും എന്ന് വിദ്യാസാഗർ പറഞ്ഞു. ആ പാട്ടിനു പിന്നീടു അവാർഡ് കിട്ടി. പിന്നീട് ഒരുപാട് പാട്ടുകൾ അദ്ദേഹത്തെക്കൊണ്ട് പാടിക്കാൻ സാധിച്ചു. അതിൽ എനിക്ക് വലിയ സംതൃപ്തി ഉണ്ട്. ഞാൻ ചലച്ചിത്ര അക്കാദമിയിൽ ഇരിക്കുമ്പോൾ ജെ സി ഡാനിയൽ അവാർഡ് അദ്ദേഹത്തിന് കൊടുത്തത് ഞാൻ കൂടി അടങ്ങിയ കമ്മിറ്റി ആണ്. അതുവരെ അത് സിനിമാപ്രവർത്തകർക് മാത്രമാണ് കൊടുത്തിരുന്നത്. സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവന കണക്കിലെടുത്താണ് അദ്ദേഹത്തിന് അവാർഡ് കൊടുത്തത്. ഞാൻ ആണ് അദ്ദേഹത്തെ അത് വിളിച്ച് അറിയിച്ചത്. അപ്പോൾ അദ്ദേഹം ചോദിച്ചത് "ഓ ആണോ അത് എന്ത് അവാർഡ് ആണ്" എന്നാണ്. സംഗീതം അല്ലാതെ മറ്റൊരു ലോകം ഇല്ല അദ്ദേഹത്തിന്. ഞങ്ങൾ ഒരുമിച്ചിരിക്കുമ്പോൾ റാഫി, ജാനകിയമ്മ തുടങ്ങി മറ്റു പല സംഗീതജ്ഞന്മാരെക്കുറിച്ചായിരിക്കും അദ്ദേഹം പറയുക.
എന്നോട് വലിയ വാത്സല്യമായിരുന്നു അദ്ദേഹത്തിന്. ദാസേട്ടൻ ആയാലും ജയേട്ടൻ ആയാലും ഏത് തരം പാട്ടുകളും തൊണ്ടക്ക് ഇണങ്ങും. 'പ്രായം തമ്മിൽ' അദ്ദേഹത്തിന് പാടാൻ പറ്റും എന്നത് സംഗീതസംവിധായകന് ഉറപ്പായിരുന്നു. പൊന്നുഷസ്സിൻ എന്ന പാട്ട് അദ്ദേഹമാണ് പാടിയത്. രമേശ് നാരായണൻ ആണ് ആ പാട്ട് പഠിച്ചത്. അക്ഷരസ്പുടതയാണ് അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത. അദ്ദേഹത്തിന്റെ ശബ്ദത്തിനു ഇണങ്ങുന്ന പാട്ടുകൾ ആണ് അദ്ദേഹത്തിന് സംഗീത സംവിധായകർ കൊടുത്തിരുന്നത് അത് നമ്മുടേതല്ല അവരുടെ തെരഞ്ഞെടുപ്പാണ്’, കമൽ പറയുന്നു.