ഇഷ്ട നിറം പച്ച, പക്ഷേ ധരിക്കുന്നത് വെള്ള; യേശുദാസിന്റെ വസ്ത്രത്തിനു പിന്നിലെ കൗതുക കഥ!

Mail This Article
വിശേഷണങ്ങള്‍ക്കതീതനാണ് യേശുദാസ്. അദ്ദേഹം ആരെന്ന് മലയാളികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടതില്ല. ഓരോ മലയാളിയുടെയും ഹൃദയാന്തരത്തില്‍ ആ മാസ്മരിക ശബ്ദമുണ്ട്. യേശുദാസ് പാടി അനശ്വരമാക്കിയ ഈണങ്ങളുണ്ട്. എത്ര കൊടിയ വേദനകള്‍ക്കിടയിലും ദാസേട്ടന്റെ ദൈവീക സ്വരം കേള്‍ക്കുന്ന മാത്രയില്‍ എല്ലാം മറന്നു പോകുമെന്ന് സാക്ഷ്യപ്പെടുത്തിയ നിരവധി ആളുകളുണ്ട്. യേശുദാസ് മുഴുവന്‍ മലയാളികളുടെയും അഭിമാനമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റാര്‍ക്കും ആർജിക്കാനോ തിരുത്തിക്കുറിക്കാനോ ആവാത്ത റെക്കോര്‍ഡുകള്‍ക്ക് ഉടമയാണ് അദ്ദേഹം. 8 തവണ മികച്ച ഗായകനുളള ദേശീയ പുരസ്‌കാരം. 25 സംസ്ഥാന പുരസ്‌കാരങ്ങള്‍. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 50,000ത്തിലേറെ പാട്ടുകള്‍. ഒരേ ദിവസം 4 ദക്ഷിണേന്ത്യന്‍ ഭാഷകളിലായി 16 ചലച്ചിത്രഗാനങ്ങള്‍ വരെ റിക്കോര്‍ഡ് ചെയ്യപ്പെട്ടു.
പത്മഭൂഷന്‍, ജെ.സി.ദാനിയല്‍ അവാര്‍ഡുകള്‍ വേറെ. വിവിധ സര്‍വകലാശാലകളുടെ ഡി-ലിറ്റുകള്‍. അതേ സമയം ഈ ബഹുമതികളൊക്കെ ആദരണീയമാക്കും വിധം പുരസ്‌കാരങ്ങള്‍ക്കപ്പുറം വളര്‍ന്ന മഹാപ്രതിഭാസമാണ് യേശുദാസ്. പിന്‍തുണയ്ക്കാന്‍ ആരുമില്ലാത്ത ഒരു കാലത്തിന്റെയും നിര്‍ദ്ധനമായ ഗാര്‍ഹികാന്തരീക്ഷത്തിന്റെയും പരിമിതികള്‍ക്കിടയില്‍ പഠനം പൂര്‍ത്തിയാക്കാതെ ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളിലേക്ക് ഇറങ്ങിയ ഒരു യുവാവ് ജനകോടികളുടെ മനസ്സു കയ്യിലെടുത്ത് അമ്മാനമാടുന്നത് നിയതിയുടെ തീരുമാനം.
ഈശ്വരന്‍ തന്റെ ശബ്ദം യേശുദാസിന്റെ തൊണ്ടയില്‍ വച്ച് തിരിച്ചെടുക്കാന്‍ മറന്നു പോയെന്ന് സത്യജിത്ത്‌റേ ഒരിക്കല്‍ പറഞ്ഞു. ദൈവത്തില്‍ വിശ്വാസമില്ലാത്ത അങ്ങ് യേശുദാസിനെ വിശേഷിപ്പിക്കാന്‍ എന്തിന് ദൈവത്തെ കൂട്ടുപിടിക്കുന്നു എന്ന് ആരാഞ്ഞ ബംഗാളി മാധ്യമപ്രവര്‍ത്തകനോട് അദ്ദേഹം പറഞ്ഞു.
'ദൈവമുണ്ടോ ഇല്ലയോ എന്ന് എനിക്കുറപ്പില്ല. പക്ഷേ യേശുദാസിന്റെ ശബ്ദം എന്നെ ദൈവത്തെക്കുറിച്ച് ഓര്‍മിപ്പിക്കുന്നു. അത്രകണ്ട് മനുഷ്യാതീതമാണ് ആ സ്വരമാധുരി'.
ഒരുപക്ഷേ യേശുദാസിന് ലഭിച്ച ഏറ്റവും വലിയ ബഹുമതി അതായിരിക്കാം.
വെളളവസ്ത്രവും നരയും..
കേവലം ഒരു ഗായകന്‍ മാത്രമല്ല യേശുദാസ്. മതം, പൊതുസമൂഹം, മനുഷ്യാവസ്ഥകള്‍..ഇതെല്ലാം സംബന്ധിച്ച് അദ്ദേഹത്തിന് തനതായ കാഴ്ചപ്പാടുകളുണ്ട്. അഭിമുഖങ്ങളില്‍ അതേറ്റ് പറഞ്ഞിട്ടുമുണ്ട്. വെള്ളവസ്ത്രമില്ലാതെ യേശുദാസിനെ നമുക്ക് സങ്കല്‍പിക്കാനാവില്ല. പാട്ടിലും വേഷത്തിലും യേശുദാസിനെ അനുകരിക്കുന്ന ഗായകര്‍ പോലും വെള്ളവസ്ത്രം മാറ്റിയുടുക്കാറില്ല. എന്തായിരിക്കാം ഇതിനു കാരണം?
'വാസ്തവത്തില്‍ പച്ചയാണ് എന്റെ ഇഷ്ടനിറം. കാരണം സസ്യങ്ങളോടും പ്രകൃതിയോടുമുളള സ്‌നേഹമാണ്. മനുഷ്യര്‍ പുറംതളളുന്ന അശുദ്ധവായു സ്വീകരിച്ച് നമുക്ക് നിലനില്‍ക്കാനുളള ശുദ്ധവായു തരുന്നത് അവരല്ലേ? അതിന് നാം അവരെ നമിക്കണം.
പക്ഷേ വസ്ത്രം ധരിക്കുമ്പോള്‍ ശുഭ്രനിറത്തോടാണ് പണ്ടേപ്രിയം. വിദേശത്ത് പൊതുവെ വെള്ളവസ്ത്രം ധരിക്കുന്നത് വധുവരന്‍മാരാണ്. അതുകൊണ്ട് അവിടങ്ങളില്‍ പ്രോഗ്രാമിന് പോകുമ്പോള്‍ കളര്‍ വസ്ത്രങ്ങള്‍ ധരിച്ചു നോക്കിയിരിക്കുന്നു. പിന്നെ എനിക്കത് ചേരുന്നില്ലെന്ന് തോന്നി ഉപേക്ഷിക്കുകയായിരുന്നു.'
വസ്ത്രത്തില്‍ ശുഭ്രവര്‍ണം നിര്‍ബന്ധമാക്കിയ യേശുദാസ് മുടിയുടെ കാര്യത്തില്‍ ദീര്‍ഘകാലമായി മറിച്ചൊരു നിലപാടാണ് എടുത്തിരുന്നത്. പ്രായമായി ഏറെ കാലം കഴിഞ്ഞിട്ടും നന്നായി മുടികറുപ്പിച്ച് പേരിന് പോലും ഒരു നരയില്ലാത്ത യേശുദാസിനെയാണ് നമുക്ക് പരിചയം. എന്നാല്‍ കഴിഞ്ഞ കുറെക്കാലമായി അദ്ദേഹം ആ നിലപാട് മാറ്റി മറിച്ചു. ഇന്ന് വസ്ത്രം പോലെ തന്നെ വെളുത്ത് നരച്ച മുടിയുമായി മാത്രമേ യേശുദാസിനെ കാണാന്‍ കഴിയൂ.
''ആദ്യകാലത്ത് നര മറയ്ക്കാതിരിക്കാനാണ് ഞാന്‍ ശ്രമിച്ചത്. കാണുന്നവരൊക്കെ ദാസേട്ടന്‍ നരച്ചു അല്ലേ എന്ന് ചോദിക്കാന്‍ തുടങ്ങി. അത് ബുദ്ധിമുട്ടായപ്പോള്‍ പതിയെ ചായം അടിച്ച് നര കറുപ്പിക്കാന്‍ തുടങ്ങി. അതോടെ ചോദ്യങ്ങള്‍ അവസാനിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എന്തായാലും ഇനി മുടി കറുപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. വസ്ത്രത്തില്‍ ഞാന്‍ കള്ളം കാണിക്കാറില്ല. പാട്ടിലും കാണിക്കാറില്ല. മുടിയില്‍ മാത്രമായി കള്ളം കാണിക്കേണ്ട ആവശ്യമില്ലെന്ന് തോന്നി'.
ഗാനഗന്ധര്‍വന്‍ എന്ന് വ്യാപകമായി അദ്ദേഹം അറിയപ്പെടുന്നു. അതിന് പിന്നിലും ഒരു കഥയുണ്ട്. പിന്നണി ഗാനരംഗത്ത് പേരെടുത്ത ശേഷം കൊച്ചിന്‍ അമച്വര്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ എന്ന കലാസംഘടന യേശുദാസിന്റെ ഒരു ഗാനമേള സംഘടിപ്പിക്കുന്നു. പ്രോഗ്രാം കഴിഞ്ഞ് തീര്‍ത്തും അവിചാരിതമായി ജ്ഞാനപീഠ ജേതാവ് മഹാകവി ജി.ശങ്കരക്കുറുപ്പ് വേദിയിലേക്ക് കയറി വരുന്നു. അദ്ദേഹം അപ്പച്ചന്റെ സുഹൃത്ത് കൂടിയാണ്. യേശുദാസ് കാരണമറിയാതെ അമ്പരന്ന് നില്‍ക്കെ ശങ്കരക്കുറുപ്പ് ദാസിന്റെ സംഗീത വൈശിഷ്ട്യത്തെക്കുറിച്ച് മൈക്കിലൂടെ ഘോരഘോരം പ്രസംഗിക്കുന്നു. ഒടുവില്‍ ഇങ്ങനെ പറയുന്നു.
'നമ്മുടെ സ്വകാര്യ അഭിമാനമായ ഈ ഗാനഗന്ധര്‍വനെ 'ഗാനതിലകം' എന്ന ബഹുമതിമുദ്ര നല്‍കി ആദരിക്കാന്‍ പരിപാടിയുടെ സംഘാടകര്‍ എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു'
ആദരവ് ഏറ്റുവാങ്ങി ദാസ് മടങ്ങിയതോടെ ഗാനതിലകം ആളുകള്‍ മറന്നു. എന്നാല്‍ മഹാകവിയുടെ ഗന്ധര്‍വന്‍ എന്ന വിശേഷണം വര്‍ഷങ്ങള്‍ക്കിപ്പുറവും ലോകമെങ്ങും ഏറ്റു ചൊല്ലുന്നു. ഇതൊക്കെയാണെങ്കിലും പ്രശസ്തിയുടെ കൊടുമുടിയിലേക്ക് പാട്ടും പാടി നടന്നു പോയ യേശുദാസ് ഇന്ന് കാണുന്ന തലത്തിലെത്തിയതിന് പിന്നില്‍ കണ്ണീര്‍നനവുളള വഴികളുണ്ട്.
പിതാവിന്റെ വഴിയേ മകനും...
ഗായകനായ പിതാവ് അഗസ്റ്റിന്‍ ജോസഫ് പാടുന്നതു കേട്ട് വളരെ ചെറുപ്പം മുതലേ ദാസ് പാടുമായിരുന്നു. എന്നാല്‍ മറ്റുളളവരുടെ കണ്‍വെട്ടത്ത് പാടാറുമില്ല. തനിച്ചിരുന്ന് ഹിന്ദിപ്പാട്ടുകള്‍ മൂളുന്നത് അപ്പച്ചനും അമ്മച്ചിയും പലപ്പോഴും കേട്ടു. ഒരു ദിവസം മകനെ അടുത്തുവിളിച്ചിരുത്തി അദ്ദേഹം പങ്കജ് മല്ലിക്കിന്റെ വിഖ്യാതമായ ഗാനം പാടിക്കൊടുത്തു.
'ആയീ ബഹാര്‍ ആജ് ആയീ ബഹാര്‍..'
നാല് വയസുകാരന്‍ അതേറ്റു പാടി. പിതാവ് വിസ്മയത്തോടെ കേട്ടിരുന്നു. മുതിര്‍ന്നവരെക്കാള്‍ സ്ഫുടമായ ഉച്ചാരണം. ഗോള്‍ഡന്‍ വോയ്‌സ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സ്വരമാധുര്യം. മകന്റെ ഭാവി പാട്ടിലാണെന്ന് അദ്ദേഹത്തിനു തോന്നി. പിന്നീട് മുടങ്ങാതെ പരിശീലനം നല്‍കി. വീട്ടിലുള്ളപ്പോഴൊക്കെ പിതാവ് ദാസിനെ അടുത്തു വിളിച്ച് ശാസ്ത്രീയ സംഗീതത്തിന്റെ ബാലപാഠങ്ങളും ഹിന്ദിപ്പാട്ടുകളും പറഞ്ഞുകൊടുക്കും.
ഭാഗവതര്‍ സ്ഥലത്തില്ലാതിരുന്ന ഒരു ദിവസം അദ്ദേഹത്തെ കാണാനെത്തിയ ചിലര്‍ പാടുമോ എന്ന് ദാസിനോട് ചോദിച്ചു. അപ്പച്ചന്‍ പഠിപ്പിക്കുന്നുണ്ടെന്ന് അമ്മ പറഞ്ഞപ്പോള്‍ എങ്കില്‍ ഒന്ന് പാടൂ എന്നായി അതിഥികള്‍. ദാസ് അവര്‍ക്ക് മുന്നില്‍ തെല്ലും സങ്കോചമില്ലാതെ പാടി.
'ആയി ബഹാര്‍ ആജ് ആയീ ബഹാര്‍...'
അതിഥികള്‍ കയ്യടിച്ച് പ്രോത്സാപ്പിച്ചതോടെ ദാസിനും ആവേശമായി. അടുത്ത പാട്ടും പാടി.
'ചലേ പവന്‍ കീ ജാനാ..'
പങ്കജ് മല്ലിക്കിന്റെ ഗാനം. വീണ്ടും കയ്യടികള്‍.
തുടര്‍ന്ന് സൈഗാളിന്റെ നാലഞ്ച് പാട്ടുകള്‍ കൂടി പാടി.
എഴുത്തുകാരനായ ജോസഫ് ചടയംമുറി ആയിരുന്നുഅതിഥികള്‍ക്കൊപ്പമുണ്ടായിരുന്നത്. അദ്ദേഹം വിസ്മയത്തോടെ ദാസിന്റെ പാട്ടുകള്‍ കേട്ടിരുന്നു. അതിനിടയില്‍ മടങ്ങിയെത്തിയ ഭാഗവതരോട് ചടയംമുറി പറഞ്ഞു.
'ഈ പ്രായത്തില്‍ ഇത്ര മനോഹരമായി ഒരു കുട്ടിയും പാടുന്നത് കേട്ടിട്ടില്ല. നോക്കിക്കോ ഇവന്‍ വലിയ ഗായകനായിത്തീരും.'
യാത്ര പറഞ്ഞിറങ്ങും മുന്‍പ് അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു.
'അനുഗ്രഹിക്കപ്പെട്ട ശബ്ദമാണ് ഇവന്റേത്'
ചടയംമുറിയുടെ വാക്കുകള്‍ എട്ട് പതിറ്റാണ്ടായി ലോകമെങ്ങുമുളള മലയാളികള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു.
അനുഗ്രഹിക്കപ്പെട്ട ശബ്ദം..
യേശുദാസ് ആദ്യമായി വീടിന് പുറത്തുളളവര്‍ക്ക് മുന്നില്‍ തന്റെ കലാവൈഭവം പ്രകടിപ്പിക്കുന്നത് ചടയംമുറിയുടെയും സുഹൃത്തുക്കളുടെയും മുന്നിലാണ്.
എട്ട് വയസുള്ളപ്പോള്‍ ഫോര്‍ട്ടുകൊച്ചിയിലെ ഒരു പ്രാദേശിക സംഗീതമത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ലഭിച്ച കപ്പും സ്വര്‍ണമെഡലുമാണ് പാടിയതിന് ലഭിക്കുന്ന ആദ്യത്തെ സമ്മാനം.
ആദ്യത്തെ പൊതുവേദി
ദാസിന്റെ പാട്ടിന് മറ്റുള്ളവരില്‍ നിന്നും അംഗീകാരം ലഭിക്കുന്നുവെന്ന് കണ്ടതോടെ ഭാഗവതര്‍ക്ക് ഉത്സാഹമേറി. അദ്ദേഹം മകനെ എല്ലാ ദിവസവും അത്താഴത്തിനും കുടുംബപ്രാർഥനയ്ക്കും ശേഷം ഹാര്‍മോണിയപ്പെട്ടിയുടെ അടുത്തു വിളിച്ചിരുത്തി സംഗീതത്തിന്റെ വിശാലമായ പാഠങ്ങള്‍ പറഞ്ഞുകൊടുക്കും. പലപ്പോഴും രാത്രി ഒരു മണി വരെയൊക്കെ ആ പഠനം നീളും. ഒരു പൊതുവേദിയില്‍ മകന്റെ അരങ്ങേറ്റം കുറിക്കണമെന്ന് ഭാഗവതര്‍ക്കു തോന്നി. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഒരു സംഗീതക്കച്ചേരിക്ക് ഭാഗവതര്‍ ബുക്ക് ചെയ്യപ്പെട്ടു. ഇക്കുറി മകന്‍ കൂടി പാടാനുണ്ടാവുമെന്ന് അദ്ദേഹം സംഘാടകരെ അറിയിച്ചു. 9 വയസുകാരനായ കുട്ടിയുടെ പാട്ട് കേള്‍ക്കാനായി ആളുകള്‍ കൗതുകത്തോടെ കാത്തിരുന്നു.
തുടക്കത്തില്‍ രണ്ടുപേരും ഒരുമിച്ചിരുന്ന് പാടി. കുറച്ചുകഴിഞ്ഞ് ദാസിനെ തനിയെ മൈക്കിന് മുന്നിലിരുത്തിയിട്ട് അഗസ്റ്റിന്‍ ജോസഫ് മൈതാനത്തിന്റെ പിന്‍ഭാഗത്തേക്ക് നടന്നു. ആളുകളുടെ അഭിപ്രായം നേരിട്ട് മനസിലാക്കുക എന്നതായിരുന്നു ലക്ഷ്യം. കുറച്ച് കഴിഞ്ഞ് കേള്‍വിക്കാര്‍ തമ്മില്‍ പറയുന്നത് കേട്ടു.
'കൊച്ചുപയ്യനാണെങ്കിലും എന്ത് ഭംഗിയായി പാടുന്നു.'
'അഗസ്റ്റിനേക്കാള്‍ മെച്ചമാണ് അവന്റെ പാട്ട്'
ഒരു വെള്ളിക്കപ്പ് സമ്മാനമായി നല്‍കിയാണ് സംഘാടകര്‍ അന്ന് ദാസിനെ അയച്ചത്. പിന്നീടങ്ങോട്ട് അംഗീകാരങ്ങളുടെ പെരുമഴയായിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളിലും യുവജനോത്സവത്തിലുമെല്ലാം ദാസ് സമ്മാനങ്ങള്‍ വാരിക്കൂട്ടി. ദാസിന്റെ വഴി സംഗീതം തന്നെയെന്ന് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ബോധ്യമായി.
അക്കാലത്താണ് അഗസ്റ്റിന്‍ ജോസഫ് രോഗബാധിതനാവുന്നത്. പ്രോഗ്രാമുകള്‍ക്ക് പോകാന്‍ കഴിയാതെ അദ്ദേഹം വീട്ടില്‍ തന്നെ ഒതുങ്ങിക്കൂടിയതോടെ സാമ്പത്തികമായി വലിയ ഞെരുക്കത്തിലായി. ഈ ഘട്ടത്തിലും ദാസ് തന്റെ സംഗീതപഠനം മുടക്കിയില്ല.
ഇതിനിടയില്‍ എസ്.എസ്.എല്‍.സി പാസായി.
അന്ന് അതിമനോഹരമായ ശബ്ദത്തില്‍ പിന്നണി പാടുന്നവര്‍ കുറവായിരുന്നു. കമുകറ, കെ.പി.ഉദയഭാനു എന്നിങ്ങനെയുളള ഗായകര്‍ അവരുടെ തനത് ശബ്ദത്തില്‍ പാടി. അക്കാലത്ത് ചലച്ചിത്രഗാനങ്ങള്‍ റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്തു തുടങ്ങിയിരുന്നു. വീട്ടില്‍ റേഡിയോ ഇല്ലാത്തതു കൊണ്ട് ദാസ് ചില ഹോട്ടലുകളിലും റേഡിയോയുള്ള വീടുകളിലും ചെന്നിരുന്ന് പാട്ട് കേള്‍ക്കും. എന്നെങ്കിലും ഒരിക്കല്‍ തന്റെ പാട്ടും ഇതുപോലെ വരുന്നത് സ്വപ്നം കാണും.
സംഗീതത്തിലാണ് ദാസിന്റെ അഭിരുചിയെന്ന് കണ്ട പിതാവ് തൃപ്പൂണിത്തുറ ആല്‍.എല്‍.വിയില്‍ ഉപരിപഠനത്തിനായി ചേര്‍ത്തു. ഗാനഭൂഷണം ഡിപ്ലോമയെടുത്ത് ഏതെങ്കിലും സ്‌കൂളിലോ അക്കാദമിയിലോ അദ്ധ്യാപകനാക്കാം എന്നതായിരുന്നു കണക്കുകൂട്ടല്‍.
അന്നത്തെ പ്രിന്‍സിപ്പല്‍ കുമാരസ്വാമിക്ക് യേശുദാസ് എന്ന കുട്ടി ഒരു അത്ഭുതമായിരുന്നു. ഇത്രയും സുന്ദരമായ ഒരു ശബ്ദം അന്നോളം താന്‍ കേട്ടിട്ടില്ലെന്ന് സ്വാമി പറയുമായിരുന്നു. നാല് വര്‍ഷമായിരുന്നു അന്ന് ഗാനഭൂഷണം കോഴ്‌സ്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഡബിള്‍ പ്രമോഷന്‍ കൊടുക്കാറുണ്ട്. അനന്യസാധാരണമായ പ്രതിഭയുളള ദാസിന് അങ്ങനെ ഒരു വര്‍ഷം ലാഭിച്ചു കിട്ടി. ഒന്നാം റാങ്കോടെയാണ് ദാസ് ഡിപ്ലോമ പാസായത്.
പഠനകാലത്ത് തന്നെ ദാസിന്റെ കഴിവുകളെക്കുറിച്ച് കേട്ടറിഞ്ഞ് ഫിലിം ഡയറക്ടര്‍ കെ.എസ്.ആന്റണി ദാസിനെ കാണാന്‍ വന്നു. ഒപ്പം നാടക കലാകാരനായ വൈക്കം ചന്ദ്രനുമുണ്ടായിരുന്നു. ചന്ദ്രന് ദാസിനെ മുന്‍പരിചയമുണ്ട്. അവര്‍ക്കു മുന്നില്‍ ദാസ് ചില പാട്ടുകളൊക്കെ പാടി. സംഗതി ഇഷ്ടമായെങ്കിലും വാക്ക് പറയാതെയാണ് മടങ്ങിയത്.
ഉപരിപഠനം ദുഷ്‌കരം
ഉപരിപഠനത്തിനായി ദാസ് തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീതകോളജില്‍ വന്നു. സംഗീതഭൂഷണം പാസാകുകയാണ് ലക്ഷ്യം. ശെമ്മാങ്കുടിയാണ് അന്ന് പ്രിന്‍സിപ്പല്‍. ദാസിന്റെ അന്യാദൃശമായ കഴിവുകള്‍ അദ്ദേഹത്തെയും അമ്പരപ്പിച്ചു. എന്നാല്‍ പഠനവും ഭക്ഷണവും താമസവും ഉള്‍പ്പെടെ പല തരം ചിലവുകള്‍ക്ക് ബുദ്ധിമുട്ടുന്ന വിവരം അഭിമാനിയായ ദാസ് പുറത്ത് പറഞ്ഞില്ലെങ്കിലും ശെമ്മാങ്കുടി മനസിലാക്കി. അദ്ദേഹം ദാസിനെ തന്റെ വീടിനോടു ചേര്‍ന്നുള്ള ഒരു കാര്‍ഷെഡില്‍ താമസിക്കാന്‍ അനുവദിച്ചു. അങ്ങനെ വാടകച്ചെലവ് ഒഴിവായിക്കിട്ടി.
അക്കാലത്ത് ആകാശവാണിയില്‍ ലളിതഗാനം പാടാന്‍ പുതിയ ഗായകരെ തെരഞ്ഞെടുക്കുന്നു എന്നറിഞ്ഞ് ഓഡിഷന് ദാസും എത്തി. എന്നാല്‍ പിന്നീട് അവിടെ നിന്നും ഒരു അറിയിപ്പ് വന്നു. യേശുദാസിന്റെ ശബ്ദം പ്രക്ഷേപണ യോഗ്യമല്ല പോലും. തൊട്ടുപിന്നാലെ അന്ന് വന്നു കണ്ട കെ.എസ്.ആന്റണി വീണ്ടും ദാസിനെ കാണാന്‍ എത്തി. സംഗീതസംവിധായകന്‍ എം.ബി.ശ്രീനിവാസന്‍ തൃശൂരില്‍ വരുന്നുണ്ട്. അദ്ദേഹത്തെ പോയൊന്ന് കാണണം. എം.ബി.എസിന് ദാസിന്റെ ശബ്ദം ഇഷ്ടപ്പെട്ടാല്‍ സിനിമയിലേക്ക് തെരഞ്ഞെടുക്കും.
ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ അധികരിച്ചുളള സിനിമയാണ്. കാല്‍പ്പാടുകള്‍ എന്നാണ് പേര്.
അതിനിടയില്‍ അപ്പച്ചന്റെ രോഗം കലശലായി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അധികരിച്ചു. സംഗീതഭൂഷണം കോഴ്‌സ് പൂര്‍ത്തിയാക്കാതെ കൊച്ചിയിലേക്ക് മടങ്ങേണ്ടി വന്നു ദാസിന്. നിസഹായതയുടെ പാരമ്യതയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ പീച്ചി ഗസ്റ്റ്ഹൗസില്‍ വച്ച് ഒരു കൂടിക്കാഴ്ച നിശ്ചയിച്ചുകൊണ്ട് എം.ബി.ശ്രീനിവാസന്റെ ടെലഗ്രാം വന്നു. രോഗം പോലും മറന്ന് അഗസ്റ്റിന്‍ ജോസഫ് മകനൊപ്പം ഒരു ബസില്‍ പീച്ചിയിലേക്ക് പുറപ്പെട്ടു.
എം.ബി.എസ് ഒരു പാട്ട് പാടാന്‍ പറഞ്ഞു.
'ഷാരംഗാ തേരീ യാദ്‌മേ..മേംനസഹീഹും..ഓ..'
എന്ന ശോകഗാനമാണ് ദാസ് ഭാവസാന്ദ്രമായി പാടിയത്. സെറ്റിയില്‍ ചാരിക്കിടന്ന എം.ബി.എസ് എണീറ്റിരുന്നു. അസാധ്യ ലയവിന്ന്യാസം...ഉച്ചാരണശുദ്ധി..അനായാസമായ ആലാപന രീതി...
ഗസലും ശാസ്ത്രീയസംഗീതവും അടക്കം പല ജനുസിലുളള പാട്ടുകള്‍ ദാസ് പാടി. എല്ലാം അതീവസുന്ദരം. എം.ബി.എസ് ഇരിപ്പിടത്തില്‍ നിന്നെണീറ്റ് വന്ന് ദാസിനെ ആശ്ലേഷിച്ചു. പിന്നെ അഗസ്റ്റിനെ നോക്കി പറഞ്ഞു.
'ഭാഗവതര്‍ ...നിങ്ങള്‍ ഭാഗ്യവാനാണ്...എന്റെ മകന് ഇതുപോലെ പാടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു'
സംവിധായകന്‍ ആന്റണിയോട് അദ്ദേഹം പറഞ്ഞു.
'ആന്റണി.. ദാസ് ഒരു അത്ഭുതമാണ്. ഇവന്‍ ചരിത്രം സൃഷ്ടിക്കും' ആന്റണിക്കും സന്തോഷമായി.
അഞ്ച് മാസങ്ങള്‍ കടന്നു പോയിട്ടും വിവരങ്ങള്‍ ഒന്നും അറിഞ്ഞില്ല. ഭാഗ്യദേവത വീണ്ടും തന്നെ പരീക്ഷിക്കുകയാണെന്ന് ദാസിന് തോന്നി. ഓണക്കാലമാണ്. ഈ ഓണവും നിരാശയുടേതാണല്ലോ എന്ന് വിചാരിച്ചിരിക്കെ വീണ്ടും ഒരു ടെലഗ്രാമെത്തി.
'റിക്കാര്‍ഡിങ്ങിനു തയ്യാറായി മദ്രാസിലെത്തുക-എം.ബി.ശ്രീനിവാസന്‍'
പ്രതീക്ഷകളോടെ മദ്രാസിലേക്ക്..
അന്ന് മദ്രാസിലേക്ക് പോകാന്‍ 18 രൂപ വേണം. അപ്പച്ചന്‍ സുഖമില്ലാതെ കിടപ്പിലാണ്. അമ്മയുടെ കയ്യില്‍ ആകെയുളള 4 രൂപ മകന് കൊടുത്തു. അതുമായി പിറ്റേന്ന് തന്നെ റെയില്‍വെ സ്‌റ്റേഷനിലേക്ക് പോയി. പരിചയക്കാരനായ മത്തായിയുടെ ടാക്‌സിയിലാണ് യാത്ര. അദ്ദേഹത്തോട് വിവരം പറഞ്ഞു. മത്തായി അടുത്തുളള പെട്രോള്‍ പമ്പില്‍ നിന്നും 30 രൂപ കടം വാങ്ങി ദാസിന് കൊടുത്തു. അവിടെ ചെന്നപ്പോഴാണ് അറിയുന്നത്. രണ്ട് മാസം മദ്രാസില്‍ തങ്ങണം. കയ്യിലുളള കാശ് പരിമിതമാണ്. മറീനാ ബിച്ചില്‍ അലഞ്ഞും പൈപ്പു വെളളം കുടിച്ചും ജീവിതത്തിന്റെ കയ്പുരസം അടുത്തറിഞ്ഞ നാളുകള്‍. അതിനിടയില്‍ ടൈഫോയ്ഡ് പിടികൂടി രണ്ടാഴ്ച പനിച്ചു വിറച്ചു കിടന്നു.
റിക്കാര്‍ഡിങ്ങിനു സമയമായി. പനി പിടിച്ച ഗായകനെക്കൊണ്ട് മുഴുനീള ഗാനം പാടിച്ച് പാളിപ്പോയാല്‍ പഴികേള്‍ക്കാനിടയുണ്ട്. ഒന്നാമത് നവാഗതനാണ്. റിസ്‌കെടുക്കാന്‍ പറ്റില്ല. എന്നു കരുതി ഇത്രയും ദൂരം യാത്ര ചെയ്ത് വന്നയാളെ പറഞ്ഞു വിടാനും പറ്റില്ല. അങ്ങനെ സിനിമയില്‍ അവശേഷിച്ചിരുന്ന ഒരു നാല് വരി ശ്ലോകമുണ്ട്. ശ്രീനാരായണഗുരു രചിച്ചത്. അത് ദാസിനെക്കൊണ്ട് പാടിക്കാം എന്ന് തീരുമാനമായി.
'ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്'
മുഴുനീള ഗാനങ്ങള്‍ കെ.പി.ഉദയഭാനു പാടി റിക്കോര്‍ഡ് ചെയ്തു. അടുത്തത് ദാസിന്റെ ഊഴമാണ്. രണ്ട് തവണ എം.ബി.എസ് പാടിച്ചു നോക്കി. ദാസ് അതിമനോഹരമായി പാടി. പക്ഷെ റിക്കാര്‍ഡിങ് എന്നു കേട്ടപ്പോള്‍ ദാസ് പരിഭ്രമിക്കുന്നത് എം.ബി.എസ് ശ്രദ്ധിച്ചു. ആദ്യത്തെ റിക്കാര്‍ഡിംഗാണ്. ആരായാലും ഭയക്കും. എം.ബി.എസ് ഒരു തന്ത്രം പ്രയോഗിച്ചു. ദാസ് അറിയാതെ റിക്കോര്‍ഡിസ്റ്റിനോട് ഒരു കാര്യം പറഞ്ഞു.
''ഫൈനല്‍ റിഹേഴ്‌സല്‍ എന്ന് ഞാന്‍ പറയും. ദാസ് ടെന്‍ഷനില്ലാതെ പാടും. ആ തക്കം നോക്കി റിക്കാര്‍ഡ് ചെയ്തുകൊളളണം''.
റിഹേഴ്‌സല്‍ എന്ന് വിശ്വസിച്ച് ദാസ് അസലായി പാടി.
ടേക്കിനായി ആശങ്കയോടെ കാത്തു നിന്ന ദാസിന്റെ തോളില്‍ തട്ടി റിക്കോര്‍ഡിസ്റ്റ് പറഞ്ഞു.
'നിങ്ങളുടെ പാട്ട് റിക്കാര്‍ഡ് ചെയ്തു കഴിഞ്ഞിരിക്കുന്നു'
എല്ലാവരും കൂടി ചേര്‍ന്ന് ആ പാട്ട് കേട്ടുനോക്കി.
ശ്രോതാക്കള്‍ ഒന്നടങ്കം കയ്യടിച്ചു. എല്ലാവര്‍ക്കും ഒന്നേ പറയാനുണ്ടായിരുന്നുളളു.
'ഇത്രമേല്‍ മനോഹരമായ ഒരു സ്വരം ഇതിനു മുന്‍പൊരിക്കലും കേട്ടിട്ടില്ല. എന്തൊരു മൃദുലത. എന്തൊരു ഭാവാത്മകത. അഭിനന്ദിക്കാന്‍ വാക്കുകളില്ല'
നിറഞ്ഞ മനസ്സോടെ ഒരു ജന്മസാഫല്യത്തിന്റെ നിര്‍വൃതിയോടെ പരിസരം മറന്ന് യേശുദാസ് നിന്നു. നാളിതുവരെ കേള്‍ക്കാത്ത അപൂര്‍വസ്വരമാധുരിയെക്കുറിച്ചുളള വാര്‍ത്തകള്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ എമ്പാടും പരന്നു. ആദ്യസിനിമ പുറത്തിറങ്ങും മുന്‍പ് രണ്ടാമത് ഒരു മുഴുനീള ഗാനം പാടാനുളള അവസരം ദാസിനെ തേടിയെത്തി. വീട്ടില്‍ ഒരു സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ടെലഗ്രാം വരുന്നത്. കേട്ടപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ഒരു പ്രശ്‌നം അലട്ടി. മദ്രാസിലേക്ക് പോകാനുളള പണം കയ്യിലില്ല. ആദ്യം പാടിയ നാല് വരിക്ക് കാലണ പ്രതിഫലം കിട്ടിയില്ല.
അപ്പച്ചന്റെ സ്‌നേഹിതരിലൊരാള്‍ കടം തരാമെന്ന് സമ്മതിച്ചെങ്കിലും അവസാന നിമിഷം പിന്‍മാറി. തിരിച്ചു കിട്ടിയില്ലെങ്കിലോ എന്ന ഭയം കൊണ്ടാവാം. ഒരു വിധത്തില്‍ അങ്ങോട്ടുളള ടിക്കറ്റിന്റെ പണം സംഘടിപ്പിച്ചു.
ശാന്തിനിലയം എന്ന പടത്തിന് വേണ്ടിയാണ് റിക്കോര്‍ഡിങ്. ആ പടം നാട്ടില്‍ റിലീസ് ചെയ്തു. വെളളിത്തിരയിലെ മിന്നും താരങ്ങള്‍ യേശുദാസിന്റെ ശബ്ദത്തിനൊപ്പം ചുണ്ടുകള്‍ ചലിപ്പിച്ച് പാടുന്നതായി അഭിനയിക്കുന്നത് കണ്ട് നാട് അഭിമാനം കൊണ്ടു.
ദാസ് അപ്പോഴും നാട്ടില്‍ മടങ്ങിയെത്തിയിട്ടില്ല. കൂടുതല്‍ അവസരങ്ങള്‍ വരുന്നു. അതിനാല്‍ മദ്രാസില്‍ രണ്ടുമാസം നില്‍ക്കാന്‍ തീരുമാനിച്ചു.
അന്ന് മലയാള സിനിമയിലെ മുടിചൂടാമന്നനായ നിര്‍മ്മാതാവ് കുഞ്ചാക്കോ (ഉദയാ സ്റ്റുഡിയോ) ദാസിന്റെ ശബ്ദം കേള്‍ക്കുന്നു. അദ്ദേഹത്തിന് വല്ലാതെ ഇഷ്ടമായി.
പുതുമയുണ്ട്. ഗഹനമാണ്. വികാരനിര്‍ഭരവുമാണ്. പാലാട്ടു കോമന്‍ എന്ന സിനിമയില്‍ സാക്ഷാല്‍ വയലാറിന്റെ വരികള്‍ പാടാന്‍ കുഞ്ചാക്കോ ദാസിന് അവസരം നല്‍കി. സമശീര്‍ഷനായ പി.സുബ്രഹ്‌മണ്യവും (നീലാ പ്രൊഡക്ഷന്‍സ്) വെറുതെയിരുന്നില്ല. അദ്ദേഹം തന്റെ ശ്രീരാമപട്ടാഭിഷേകം എന്ന പടത്തില്‍ ദാസിന് അവസരം നല്‍കി.
കമലഹാസന്‍ ബാലതാരമായി വന്ന കെ.എസ്.സേതുമാധവന്റെ കണ്ണും കരളുമായിരുന്നു അടുത്ത ചിത്രം. കെ.എസ്. അന്ന് മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകനാണ്. അദ്ദേഹം കൂടി ഏറ്റെടുത്തതോടെ യേശുദാസ് ചലച്ചിത്ര വ്യവസായത്തിന്റെ മാത്രമല്ല മുഴുവന്‍ മലയാളികളുടെയും കണ്ണും കരളുമായി.
ഭാഗ്യജാതകം തെളിയുന്നു..
''ആദ്യത്തെ കണ്‍മണി ആണായിരിക്കണം ആരുമേ കണ്ടാല്‍ കൊതിക്കണം..''
ആയിരുന്നു ദാസിന്റെ ആദ്യത്തെ ഡ്യൂയറ്റ്. സഹഗായിക പി.ലീല. ചിത്രം ഭാഗ്യജാതകം. അവിടന്നങ്ങോട്ട് ദാസിന്റെ ഭാഗ്യജാതകം തെളിയുകയായിരുന്നു.
അക്കുറി ദാസ് നാട്ടിലേക്ക് മടങ്ങിയത് കനമുളള കറന്‍സി നോട്ടുകളടങ്ങുന്ന ഒരു കവറുമായിട്ടായിരുന്നു. അത്തരം അനവധി കവറുകള്‍ പിന്നീട് ദാസിനെ തേടി വന്നു. ഐതിഹാസിക മാനങ്ങളുളള സംഗീതജ്ഞന്‍ ജി. ദേവരാജന്‍ മാസ്റ്ററുടെ ഭാര്യ എന്ന സിനിമയില്‍ പാടിയതോടെ യേശുദാസ് എന്ന നാലക്ഷരം മലയാള സിനിമയിലെ ഏറ്റവും വലിയ അനിവാര്യതകളിലൊന്നായി.പിന്നീടുളളത് ഏതൊരു കേരളീയനും സുവിദിതമായ ചരിത്രം.
പ്രേംനസീറിന്റെയും സത്യന്റെയും മധുവിന്റെയും സുകുമാരന്റെയും പിന്നീട് മമ്മൂട്ടിയുടെയും ശബ്ദത്തില്‍ പാടുന്നു എന്ന് തോന്നിപ്പിക്കുകയും അതേ സമയം തനിക്ക് മാത്രം സ്വന്തമായ ഗന്ധര്‍വ്വസ്വരത്തില്‍ ആലപിക്കുകയും ചെയ്യുന്ന യേശുദാസ്.
രാവണപ്രഭുവിലെ ആകാശദീപങ്ങള്‍ സാക്ഷി ആഗ്നേയ ശൈലങ്ങള്‍ സാക്ഷി...
പാടുന്ന ടോണും തീക്കടല്‍ എന്ന പടത്തില്‍ നടന്‍ സുകുമാരന്റെ സ്വരത്തില്‍ അടിച്ചങ്ങ് പൂസായി കുടിച്ചങ്ങ് വാറായി ഞാന്‍... എന്ന് പാടുന്ന ദാസും അജഗജാന്തരം. തമാശയ്ക്ക് പോലും മദ്യം രുചിച്ചു നോക്കിയിട്ടില്ലാത്ത ദാസ് അടിച്ചുഫിറ്റായതു പോലെ പാടുന്നത് എത്ര സ്വാഭാവികമായാണ്.
അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം യേശുദാസ് പാടുമ്പോള്‍ ഏത് കൊടിയ നിരീശ്വരവാദിയും അറിയാതെ കൈകൂപ്പും.
ഏഴ് പതിറ്റാണ്ടുകളായി അദ്ദേഹം തന്റെ സുവണശബ്ദത്തിലൂടെ നമ്മെ പ്രണയിപ്പിച്ചും കരയിച്ചും ചിരിപ്പിച്ചും ലഹരി പിടിപ്പിച്ചും സാന്ത്വനിപ്പിച്ചും ആത്മീയനിറവ് പകര്‍ന്നും ജീവിതധന്യതകളിലേക്ക് കൈപിടിച്ചുയര്‍ത്തുന്നു. തലമുറകളെ പാടിയുറക്കിയ, പിന്നെ പാടിയുണര്‍ത്തിയ ആ സ്വരം ഒരിക്കലും നിലയ്ക്കരുതേയെന്ന് നാം അറിയാതെ പ്രാർഥിച്ചു പോകുന്നു. അനശ്വരതയെ സ്പര്‍ശിച്ചുകൊണ്ട് ഈ പ്രപഞ്ചമുളളിടത്തോളം കാലം ആ സ്വരം നമ്മുടെ കര്‍ണപുടങ്ങളെ ധന്യമാക്കിക്കൊണ്ടേയിരിക്കും.