‘കർണാടക സംഗീതം അഭ്യസിക്കാത്തവരെക്കൊണ്ട് പാടിക്കാറില്ല’; അന്ന് അവസരം തേടിച്ചെന്നപ്പോൾ ജയചന്ദ്രന് കിട്ടിയ മറുപടി

Mail This Article
അപൂർവസുന്ദരമായൊരു ഗാനത്തിലെ രാഗസഞ്ചാരം പോലെ, ആകസ്മികതകൾ കൗതുകം വിതറിയ സംഗീതജീവിതമാണ് പി.ജയചന്ദ്രന്റേത്. നാടകീയത മാത്രമല്ല, ഭാഗ്യ നിർഭാഗ്യങ്ങളും ചിലപ്പോൾ ആ ജീവിതത്തിനു പക്കമേളമൊരുക്കി. ഗായകന്റെ സംഗീതജീവിതത്തിലെ അത്തരം കൗതുകങ്ങളിലൂടെ...
തോ ബാത് തുഛ് മേം ഹേ
തേരീ തസ്‌വീർമേം നഹീം
(ആലാപനം: മുഹമ്മദ് റഫി -1963)
ജയചന്ദ്രന് ഏറ്റവും പ്രിയപ്പെട്ട ഗായകൻ മുഹമ്മദ് റഫിയും ഗായിക പി.സുശീലയുമാണ്. പ്രദീപ് കുമാർ നായകനായ ‘താജ്മഹൽ’ എന്ന ഹിന്ദി സിനിമ റിലീസായ സമയം. സിനിമ കണ്ടശേഷം, അതിലെ മുഹമ്മദ് റഫിയുടെ ഗാനങ്ങൾ ഉറക്കെപ്പാടി, മദ്രാസിലെ നിരത്തിൽ, നഗരവിളക്കുകൾക്കു നടുവിലൂടെ ബൈക്കിൽ മൂന്നുപേർ... ജയചന്ദ്രൻ, അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ സുധാകരൻ, പിന്നെ സാക്ഷാൽ യേശുദാസ്. സുധാകരന്റെ ഉറ്റ സുഹൃത്തായിരുന്നു യേശുദാസ്.
സംഭവത്തെപ്പറ്റി ജയചന്ദ്രൻ ഇങ്ങനെ ഓർക്കുന്നു: സിനിമ കഴിഞ്ഞു മുറിയിലെത്തിയപ്പോൾ ദാസേട്ടൻ അതിലെ പാട്ടുകൾ പാടി. സുധാകരേട്ടനും കൂടി. ഞാൻ ഗാനരംഗം അഭിനയിക്കുകയും നൃത്തം ചെയ്യുകയുമുണ്ടായി.
അക്കാലത്ത് ഇടയ്ക്കിടെ ദാസേട്ടൻ വരും. വന്നാൽ ഉത്സവലഹരിയാണ്. പലപ്പോഴും സുധാകരേട്ടന്റെ കുപ്പായങ്ങളിൽ ഇഷ്ടമുള്ളത് എടുത്തിട്ടാണ് ദാസേട്ടൻ മടങ്ങുക. അന്നു ദാസേട്ടൻ സിനിമയിൽ പാടിത്തെളിഞ്ഞുവരുന്ന കാലമാണ്. പലപ്പോഴും ഏട്ടൻ ബൈക്കിൽ കയറ്റി ദാസേട്ടനെ സ്റ്റുഡിയോയിൽ കൊണ്ടുവിടുമായിരുന്നു. ഒരിക്കൽ ദാസേട്ടൻ എന്നെ റിക്കോർഡിങ് കാണാൻ കൊണ്ടുപോയി. ‘കാട്ടുപൂക്കൾ’ എന്ന ചിത്രത്തിനുവേണ്ടി ഭരണി സ്റ്റുഡിയോയിൽ പാടിയ ‘മാണിക്യവീണയുമായെൻ’ എന്ന ഗാനം....അവിടെവച്ച് ദാസേട്ടൻ എന്നെ ദേവരാജൻ മാഷിനു പരിചയപ്പെടുത്തി.
മഞ്ഞലയിൽ മുങ്ങിത്തോർത്തി
ധനുമാസ ചന്ദ്രികവന്നു....
(ആലാപനം: പി.ജയചന്ദ്രൻ-1966)
പുതുമുഖ ഗായകനെ പാട്ടുപഠിപ്പിച്ച് ആർ.കെ.ശേഖർ ഹാർമോണിയം മാറ്റിവച്ചു. കഷ്ടിച്ച് ഒരു സിനിമയിൽ പാടി സാന്നിധ്യമറിയിക്കുകമാത്രം ചെയ്ത യുവഗായകൻ പി.ജയചന്ദ്രൻ പേടിയോടെ വീണ്ടും പാട്ടുമൂളി. ‘കളിത്തോഴൻ’ എന്ന സിനിമയ്ക്കുവേണ്ടി ജി.ദേവരാജൻ എന്ന വലിയ സംഗീത സംവിധായകനുവേണ്ടിയാണു പാടുന്നത്. പേടിക്കാതിരിക്കുന്നതെങ്ങനെ? ആദ്യം അവസരം തേടി അദ്ദേഹത്തിനരികിൽ ചെന്നപ്പോൾ കർണാടക സംഗീതം അഭ്യസിക്കാത്തവരെക്കൊണ്ട് പാടിക്കാറില്ലെന്ന് മുഖത്തടിച്ചപോലെ പറഞ്ഞതാണ്.
ദേവരാജനുവേണ്ടി പശ്ചാത്തല സംഗീതമൊരുക്കുകയും പാടിപ്പഠിപ്പിക്കുകയും ചെയ്യുന്ന ആർ.കെ.ശേഖറിനു പക്ഷേ, ചിരിയായിരുന്നു. ഇന്നത്തെ പ്രശസ്ത സംഗീതസംവിധായകൻ എ.ആർ.റഹ്മാന്റെ പിതാവാണ് അദ്ദേഹം. ‘താരുണ്യം തന്നുടെ’, ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’ എന്നീ രണ്ടു പാട്ടുകളാണ് ശേഖർ പാടിപ്പഠിപ്പിച്ചത്. ‘മഞ്ഞലയിൽ യേശുദാസ് പാടാൻ പോകുന്നപാട്ടാണ്. അത് ഒരു പരിശീലനത്തിനുവേണ്ടി പാഠിപ്പഠിപ്പിക്കുന്നെന്നേയുള്ളൂ’ എന്നു ദേവരാജൻ മാസ്റ്റർ ആദ്യമേ പറഞ്ഞിരുന്നു. എന്നിട്ടും കൊതിയോടെയാണ് ആ ഗാനം പഠിച്ചത്. ഗുരുകുലപഠനം പോലെ ആയിരുന്നു അത്. ആദ്യം പാട്ടു ഹൃദിസ്ഥമാക്കും. പിറ്റേന്ന് പഠിച്ചത് പാടിക്കേൾപ്പിക്കുക, തിരുത്തലുകൾ ഉൾക്കൊള്ളുക.... അങ്ങനെ രാവും പകലും ആ പാട്ടുമാത്രം ചുണ്ടിൽ.
റിക്കോർഡിങ് ദിവസമെത്തി. ആദ്യം ‘താരുണ്യം തന്നുടെ’ എന്ന ഗാനം. അതു കഴിഞ്ഞപ്പോൾ ദേവരാജൻ മാസ്റ്റർ ‘മഞ്ഞലയിൽ’ പാടാൻ പറഞ്ഞു. പാട്ടുകഴിഞ്ഞിറങ്ങുമ്പോൾ സ്റ്റുഡിയോയിൽ ഉണ്ടായിരുന്ന അടുപ്പക്കാരനോടു ചോദിച്ചു, ‘എപ്പോഴാണ് ദാസേട്ടൻ പാടാൻ വരുന്നത്?’ അയാൾ അമ്പരന്നു. ‘ദാസേട്ടനോ? എന്തു പാടാൻ? എടോ ഈ പാട്ട് നീയാ പാടുന്നത്. നിനക്കുവേണ്ടിയാ ഈ പാട്ട് മാസ്റ്റർ ചിട്ടപ്പെടുത്തിയേ.’
താൻ ജീവിതത്തിൽ ഏറ്റവും ആശ്ചര്യപ്പെട്ട നിമിഷം അതാണെന്ന് ജയചന്ദ്രൻ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്.
അനുരാഗ ഗാനം പോലെ...
അഴകിന്റെ അലപോലെ...
(ആലാപനം: പി.ജയചന്ദ്രൻ-1967)
‘ഉദ്യോഗസ്ഥ’ എന്ന ചിത്രത്തിനുവേണ്ടി ബാബുരാജ് ഈണമിട്ട പാട്ട് റിക്കോർഡ് ചെയ്തുകഴിഞ്ഞപ്പോൾ എല്ലാവർക്കും സംതൃപ്തി. പെട്ടെന്നാണു പടത്തിന്റെ വിതരണം ഏറ്റെടുത്ത ആൾ എതിർപ്പുമായെത്തിയത്. ‘ശബ്ദത്തിനു തീരെ കനമില്ല. ശബ്ദത്തിൽ മെച്യൂരിറ്റിയില്ല. വേറെ ആരെക്കൊണ്ടെങ്കിലും പാടിക്കണം.’
ജയചന്ദ്രൻ തകർന്നുപോയി. അലിഞ്ഞുപാടിയ പാട്ടാണ്. അണിയറപ്രവർത്തകർ സ്തബ്ധരായി. നിർമാതാവും ആശയക്കുഴപ്പത്തിലായി. പടത്തിന്റെ വിതരണക്കാരനാണ് എതിർക്കുന്നത്. എന്നിട്ടും സംവിധായകൻ, ജയചന്ദ്രനു വേണ്ടി വാദിച്ചു. സംവിധായകന്റെ സ്ഥാനത്തുനിന്ന് അയാളെ മാറ്റുന്ന അവസ്ഥയിലെത്തി കാര്യങ്ങൾ. വാശിയേറിയ വാദപ്രതിവാദങ്ങൾക്കൊടുവിൽ ആ ഗാനം ജയചന്ദ്രന്റേതുതന്നെ മതിയെന്നു തീരുമാനിച്ചു.
പാട്ട് ഹിറ്റായപ്പോൾ പിന്നീട് മുൻപ് എതിർത്ത ആ വിതരണക്കാരൻ കോട്ടയത്തേക്കു കൊണ്ടുപോയി ജയചന്ദ്രനെക്കൊണ്ട് ഗാനമേള നടത്തിക്കുകയും ഈ ഗാനം പാടിക്കുകയും ചെയ്തു എന്നത് ചരിത്രം.
രാജീവ നയനേ നീയുറങ്ങൂ
രാഗവിലോലേ നീയുറങ്ങു
(ആലാപനം: പി.ജയചന്ദ്രൻ-1974)
ഒരിക്കൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജിലെ ഒരുപരിപാടിയിൽ പങ്കെടുത്ത് ‘രാജീവ നയനേ’ എന്ന ഗാനം പാടി തിരികെ ഇരിപ്പിടത്തിൽ വന്നിരിക്കുമ്പോൾ വേദിയിലുണ്ടായിരുന്ന സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥൻ പുഞ്ചിരിയോടെ അഭിനന്ദിച്ചു: ‘നല്ല പാട്ട്. ഇത് ആരുടെ കോംപോസിഷനാണ്?’
ജയചന്ദ്രനു ചിരിവന്നു.
‘ഇതു പാലക്കാട്ടുകാരൻ, കറുത്ത് ഉയരം കുറഞ്ഞ ഒരു മനുഷ്യൻ ചെയ്തതാ.’
ജയചന്ദ്രൻ പറഞ്ഞു.
‘യാര്? നാൻ താനാ???’
വിശ്വനാഥൻ അത്ഭുതപ്പെട്ടു. തമിഴിലും മലയാളത്തിലുമായി നൂറുകണക്കിനു സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കിയ ആ മഹാപ്രതിഭ താൻ ഒരുക്കിയ പല ഈണങ്ങളും അപ്പോഴേക്കും മറന്നുപോയിരുന്നു.
വാർധക്യത്തിൽ ചെന്നൈയിലെ വീട്ടിൽ ഒതുങ്ങി ജീവിക്കുന്ന കാലത്ത് എം.എസ്‌വിയെ തേടി രാത്രികളിൽ ജയചന്ദ്രൻ ചെല്ലുമായിരുന്നു. പഴയ പാട്ടുകളെക്കുറിച്ചു പറയും. പാടിക്കേൾപ്പിക്കും. സ്നേഹത്തിന്റെ ധമനിയും സംഗീതത്തിന്റെ സിരകളുമായിരുന്നു എംഎസ്‌വിശ്വനാഥന് എന്നു ജയചന്ദ്രൻ പറഞ്ഞിട്ടുണ്ട്.
നെയ്യാറ്റിൻ കരവാഴും
കണ്ണാ നിൻ മുന്നിലൊരു
നെയ്‌വിളക്കാകട്ടെ എന്റെ ജന്മം
(ആലാപനം: പി.ജയചന്ദ്രൻ-1981)
എസ്.രമേശൻ നായർ എഴുതി പി.കെ.കേശവൻ നമ്പൂതിരി ഈണമിട്ട ‘പുഷ്പാഞ്ജലി’ എന്ന ഭക്തിഗാന കസെറ്റിലെ പ്രസിദ്ധമായ ഈ ഗാനത്തിന്റെ ഏറ്റവും വലിയ ആരാധകൻ ഒരു പക്ഷേ, അന്തരിച്ച തമിഴ് നടൻ ശിവാജി ഗണേശനായിരുന്നിരിക്കും.. പാട്ടു കേട്ട് ഇഷ്ടപ്പെട്ട അദ്ദേഹം ജയചന്ദ്രനെ കാറിൽ കയറ്റി വീട്ടിലേക്കു കൊണ്ടുപോയി ആ ഗാനം നേരിട്ടു പാടിക്കേട്ടു. കുറെക്കാലം അദ്ദേഹത്തിന്റെ കാറിലെ പതിവുഗാനം ഇതായിരുന്നു. എപ്പോൾ ജയചന്ദ്രനെ കണ്ടാലും പറയും: ‘തമ്പീ ഉങ്കൾ പാടൽ ഇന്നെക്കും നാൻ കേട്ട്‌രുന്തേ... രൊമ്പ രസിച്ചേൻ....’
രാസാത്തി ഒന്നെ കാണാതെ നെഞ്ചം
കാത്താടി പോലാടത്
(ആലാപനം: പി.ജയചന്ദ്രൻ-1984)
‘വൈദേഹി കാത്തിരുന്താൾ’ എന്ന തമിഴ് ചിത്രത്തിനുവേണ്ടി ഇളയരാജയുടെ ഈണത്തിൽ മൂന്നു ഗാനങ്ങളാണ് ജയചന്ദ്രൻ പാടിയത്. ദിവസം പരമാവധി ഒരു ഗായകന്റെ ഒരു പാട്ടൊക്കെ റിക്കോർഡ് ചെയ്തിരുന്ന അക്കാലത്ത് ഒറ്റദിവസം തന്നെയാണ് ഇതിലെ മൂന്നു ഗാനങ്ങളും പാടിയത്. പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായി.
ഈ പാട്ടിനെക്കുറിച്ച് ഇളയരാജ വിചിത്രമായൊരു കഥ പറയാറുണ്ട്. അദ്ദേഹത്തിന്റെ ജന്മദേശമായ കമ്പം-തേനി ഭാഗത്തെ കൊട്ടകയിൽ സിനിമ റിലീസായ സമയത്ത് ഈ പാട്ട് സ്പീക്കറിലൂടെ ഉയരുമ്പോൾ വനത്തിൽ നിന്ന് കാട്ടാനക്കൂട്ടം എത്തുമായിരുന്നത്രേ. തുമ്പിക്കൈ ആകാശത്തേക്കുയർത്തി, ചെവിയാട്ടി അവ നിശബ്ദം നിൽക്കും. ആരെയും ഉപദ്രവിക്കാതെ, പാട്ടു തീർന്നാൽ തിരിച്ചു കാട്ടിലേക്കു നടക്കും. ഇത് ഒരിക്കലല്ല, ആ സിനിമ പ്രദർശിപ്പിച്ച കാലമെല്ലാം ആവർത്തിച്ചുപോലും.