‘സംഗീതം ശ്വസിച്ച്, സംഗീതം ഭക്ഷിച്ച് ജീവിച്ച മഹാഗായകൻ’; അനുസ്മരിച്ച് ജി.വേണുഗോപാൽ
Mail This Article
ഹൃദയത്തിൽ സംഗീതം മാത്രമായി ജീവിച്ച ഒരു മഹാഗായകൻ ആയിരുന്നു പി.ജയചന്ദ്രൻ എന്ന് ഗായകൻ ജി.വേണുഗോപാൽ. എപ്പോൾ കണ്ടാലും പഴയ പാട്ടുകൾ പാടി കേൾപ്പിക്കാറുണ്ടായിരുന്നു എന്ന് വേണുഗോപാൽ പറയുന്നു. ചില ദിവസങ്ങളിൽ ഭാരതപ്പുഴയുടെ തീരത്തുനിന്ന് ഫോണിൽ തനിക്ക് പാട്ടുപാടി കേൾപ്പിക്കുമായിരുന്നു. ഇത്രമാത്രം പ്രണയാർദ്രമായ ഒരു ശബ്ദമുള്ള, രചനയുമായി ഇഴുകിച്ചേർന്ന് പാടുന്ന തനിക്ക് പാട്ടുകൾ തന്ന എല്ലാ സംഗീതജ്ഞരെയും ഓർത്ത് സൂക്ഷിക്കുന്ന ഒരു പാട്ടുകാരൻ വേറെ ഇല്ല എന്ന് ജി.വേണുഗോപാൽ അനുസ്മരിച്ചു.
‘അദ്ദേഹത്തിന്റെ ഉള്ളിൽ സംഗീതം മാത്രമേയുള്ളൂ വേറെയൊന്നുമില്ല. എപ്പോൾ കണ്ടാലും ജയേട്ടൻ ഇങ്ങനെ പാടിക്കൊണ്ടിരിക്കും. അത് പഴയ പാട്ടുകളാണ്, എംഎസ്‌വി, ദേവരാജൻ, മദൻ മോഹൻ ഇവരുടെയൊക്കെ പാട്ടുകളാണ് ജയേട്ടൻ പാടുക. നമ്മോടു പറയും മൊബൈൽ എടുത്ത് ഒരു സംഗീതജ്ഞന്റെ പേര് പറഞ്ഞിട്ട് അത് അടിക്കൂ എന്ന്. ഇതൊന്നും ജയേട്ടന് ചെയ്യാൻ അറിയില്ല. ആ പാട്ട് അപ്പോൾ കേൾക്കണം. സംഗീതം മാത്രമേ ആ മനസ്സിലുള്ളൂ. പുതിയതും പഴയതുമായ പാട്ടുകൾ അതിന്റെ വരികളും ട്യൂണുകളും മറക്കാതെ ഇങ്ങനെ പാടിക്കൊണ്ടിരിക്കും. സംഗീതം ശ്വസിച്ച്, സംഗീതം ഭക്ഷിച്ച് ജീവിച്ച ആളാണ് ആ മഹാ ഗായകൻ.
ഒരിക്കൽ ഒരു പ്രോഗ്രാം കഴിഞ്ഞ് പിറ്റേദിവസം രാവിലെ എനിക്ക് ജയേട്ടന്റെ ഫോൺ കോൾ വന്നു. ഞാൻ പറഞ്ഞു അയ്യോ സർ. അതേ ഇന്നലെ നീ ആ മറ്റേ പാട്ട് പാടാത്തത് ഒട്ടും ശരിയായില്ല. ഞാൻ ചോദിച്ചു ഏതാണെന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞത് ഞാൻ പാടിയ ഹിറ്റ് ഗാനം ഒന്നുമല്ല അധികം ആരും കേൾക്കാത്ത ഒരു പാട്ട് ആയിരുന്നു. അത് ചേട്ടൻ തന്നെ നാലുവരി ഇങ്ങോട്ട് പാടി കേൾപ്പിച്ചു. ഞാൻ അദ്ഭുത സ്തബ്ദനായിപ്പോയി. അതാണ് ചേട്ടന്റെ സഹൃദയത്വം. ഓരോ പുതിയ പാട്ടും പഠിച്ച് പാടും. ആരും കേൾക്കാത്ത പാട്ടുകൾ തേടിപ്പിടിച്ച് നമ്മളെ വിളിച്ച് പാടി കേൾപ്പിക്കും. പല ദിവസങ്ങളിലും രാത്രി വൈകി വിളിച്ച് ഞാനിപ്പോൾ ഭാരതപ്പുഴയുടെ തീരത്താണ്, നീ ഇത് കേൾക്ക് എന്ന് പറഞ്ഞിട്ട് ലൈവ് ആയിട്ട് ഫോണിൽ പാടി കേൾപ്പിക്കും. അങ്ങനെ ജീവിതം മുഴുവൻ പാട്ട് മാത്രമായ ഒരു മനുഷ്യൻ ആയിരുന്നു അദ്ദേഹം.
ഇത്രമാത്രം പ്രണയാർദ്രമായ ഒരു ശബ്ദം, ഇത്രമാത്രം രചനയുമായി ഇഴുകിച്ചേർന്ന് പാടുന്ന ഒരു ഗായകൻ, ഇത്രമാത്രം എനിക്ക് നല്ല പാട്ടുകൾ തന്ന എല്ലാ സംഗീതജ്ഞരെയും ഓർത്ത് സൂക്ഷിക്കുന്ന ഒരു പാട്ടുകാരൻ ഒപ്പം താൻ പാടാത്ത മറ്റു പാട്ടുകൾ പോലും പാടുന്ന സഹൃദയനായ ഒരു പാട്ടുകാരൻ അതാണ് പി.ജയചന്ദ്രൻ. അദ്ദേഹത്തെക്കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് പാട്ടുകൾ മനസ്സിൽ വരുന്നുണ്ട് ഒന്നിനി ശ്രുതി ചാർത്തി താഴ്ത്തി പാടുമോ, ഇന്ദുമുഖി, ഹർഷബാഷ്പം, രാസാത്തി, തുടങ്ങിയ ഒരുപാട് പാട്ടുകൾ ഞാൻ ഓർത്തെടുക്കുന്നു. പണ്ടു ഗാനമേളയ്ക്കു പാടുമ്പോൾ ബാബുരാജിന്റെ അനുരാഗഗാനം പോലെ എന്ന ജയേട്ടൻ പാടിയ ഗാനമാണ് ഞാൻ പാടിയിരുന്നത്’, ജി.വേണുഗോപാൽ പറയുന്നു.