ADVERTISEMENT

‘രാവണപ്രഭു’ എന്ന ചലച്ചിത്രത്തിന്റെ പാട്ടു റിക്കോർഡിങ്. സുരേഷ് പീറ്റേഴ്സിന്റെ ഈണത്തിൽ ‘അറിയാതെ അറിയാതെ’ എന്ന പാട്ടു പാടിത്തീർത്ത് ജയചന്ദ്രൻ സ്റ്റുഡിയോയിൽ വെടി പറഞ്ഞിരിക്കയാണ്. അപ്പോഴാണ് അകത്തൊരു പ്രശ്നം. യേശുദാസ് പാടാനിരിക്കുന്ന ‘ആകാശദീപങ്ങൾ സാക്ഷി’ എന്ന പാട്ടിന്റെ ട്രാക്ക് പാടേണ്ടയാൾ വന്നിട്ടില്ല. ‘ഞാൻ പാടിത്തരാം’ എന്നു ജയചന്ദ്രൻ. എല്ലാവരും അദ്ഭുതപ്പെട്ടു. ഒരു പാട്ടു പാടിയവൻപോലും പിന്നീട് ട്രാക്ക് പാടുന്നവനെ പുച്ഛത്തോടെ കാണുന്ന കാലമായിരുന്നു അത്.

യേശുദാസും ജയചന്ദ്രനും തമ്മിലുള്ള ബന്ധം അങ്ങനെയായിരുന്നു. പണ്ട് തമിഴിലെ ഒരു പുതുമുഖ സംഗീതസംവിധായകനുവേണ്ടി പാടാൻ പോയ കഥ ജയചന്ദ്രൻ പറഞ്ഞിട്ടുണ്ട്. പലതവണ പാടിച്ച് അയാൾ കഷ്ടപ്പെടുത്തി. ഒരുവിധത്തിൽ പാടി അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു.

ഒരിക്കൽക്കൂടി ചെന്ന് ആ പാട്ട് പാടിക്കൊടുക്കരുതോ എന്നു പിന്നീട് യേശുദാസ് ജയചന്ദ്രനോടു ചോദിച്ചു. കാര്യം അന്വേഷിച്ചപ്പോൾ തന്നെ ആ പാട്ടുപാടാൻ വിളിച്ചതായി യേശുദാസ് പറഞ്ഞു. ട്രാക്ക് എന്നു പറഞ്ഞ് കേൾപ്പിച്ച ശബ്ദം തിരിച്ചറിഞ്ഞപ്പോൾ, ജയചന്ദ്രൻ പാടിയത് മാറ്റിപ്പാടൻ താൽപര്യമില്ലെന്നു തീർത്തുപറഞ്ഞ് യേശുദാസ് മടങ്ങുകയായിരുന്നു.

യേശുദാസ് ആണു ജയചന്ദ്രനെ ജി.ദേവരാജനു പരിചയപ്പെടുത്തിക്കൊടുക്കുന്നതുപോലും.; 1965 ൽ ‘കാട്ടുപൂക്കൾ’ എന്ന സിനിമയുടെ ഗാനലേഖനം നടക്കുമ്പോൾ. അതിനു വളരെ മുൻപുതന്നെ യേശുദാസിനെ ജയചന്ദ്രന് അറിയാം. ഇരുവരും ആദ്യമായി കാണുന്നനത് 1958 ൽ തിരുവനന്തപുരം മോഡൽ സ്കൂളിൽവച്ചാണ്. ആദ്യത്തെ സംസ്ഥാന സ്കൂൾ യുവജനോത്സവമായിരുന്നു വേദി. പള്ളുരുത്തി സ്കൂളിനെ പ്രതിനിധീകരിച്ച് വായ്പാട്ടിൽ ഒന്നാം സ്ഥാനം നേടിയ കാട്ടാശ്ശേരി ജോസഫ് യേശുദാസും ഇരിങ്ങാലക്കുട നാഷനൽ സ്കൂളിനുവേണ്ടി മൃദംഗത്തിൽ ജേതാവായ പാലിയത്ത് ജയചന്ദ്രൻ അച്ചനും ഒരുമിച്ച് മേളയുടെ സമാപനദിവസം കച്ചേരി നടത്തുകയും ചെയ്തു. യേശുദാസ് അന്നു പത്താം ക്ലാസിലും ജയചന്ദ്രൻ ഏഴിലും. അടുത്തവർഷം യേശുദാസ് മത്സരിക്കാൻ ഉണ്ടായിരുന്നില്ല. ജയചന്ദ്രനായിരുന്നു സംഗീതത്തിൽ ഒന്നാം സ്ഥാനം.

ജയചന്ദ്രന്റെ ജ്യേഷ്ഠൻ സുധാകരന്റെ അടുത്ത ചങ്ങാതിയായി പിന്നീട് യേശുദാസ് ചെന്നൈയിൽ എത്തി. ജയചന്ദ്രൻ ചെന്നൈയിൽ ചെന്നു താമസിച്ച 10 ദിവസവും യേശുദാസിന്റെ പാട്ടാണ് കൂട്ടിനെ പൊന്നാക്കിയത്. ചേട്ടന്റെ ബൈക്കിൽ ട്രിപ്പിളടിച്ച് ‘താജ്മഹൽ’ സിനിമ കാണാൻ പോയതും മടങ്ങിവന്ന് യേശുദാസ് അതിലെ പാട്ടുപാടി നേരം വെളുപ്പിച്ചതുമൊക്കെ ജയചന്ദ്രൻ ആത്മകഥയിൽ പറയുന്നുണ്ട്. യേശുദാസും ജയചന്ദ്രനും ഒരുമിച്ചു പാടിയ പാട്ടുകളിലും ഈ അടുപ്പത്തിന്റെ ആഴം വ്യക്തമാണ്. 

യേശുദാസും ജയചന്ദ്രനും ഒന്നിച്ചുപാടിയ ഗാനങ്ങൾ

1.ഉദിക്കുന്ന സൂര്യനെ ചതിക്കയ്യാൽ പിടിച്ചെന്ന് (കുഞ്ഞാലിമരയ്ക്കാർ)

2.പാടാം പാടാം ആരോമൽ ചേവർ തൻ (ആരോമലുണ്ണി)

3.ഇവിടമാണീശ്വര സന്നിധാനം (ബാബുമോൻ)

4.പൊന്നിൻ കട്ടയാണെന്നാലും (കണ്ണപ്പനുണ്ണി),

5.ഈ താരുണ്യപ്പൂവിന്നു (ലാവ),

6. സമയരഥങ്ങളിൽ (ചിരിയോ ചിരി)

7.കനക സിംഹാസനത്തിൽ‌ (കണ്ണപ്പനുണ്ണി)

8.തുറുപ്പുഗുലാൻ ഇറക്കിവിടെൻ (തുറുപ്പുഗുലാൻ)

9.പരിപ്പുവട തിരുപ്പൻ കെട്ടിയ (ദ്വന്ദ്വയുദ്ധം)

10.പോംപോം ഈ ജീപ്പിന്നു (നാണയം),

11.പാപപാപപ നിശാ മനോഹരി (പിൻനിലാവ്)

12.കനകസ്വപ്നങ്ങൾ (മനുഷ്യമബന്ധങ്ങൾ)

13.ദൈവം ഭൂമിയിൽ (കുടുംബം നമുക്ക് ശ്രീകോവിൽ)

14.ഹരിഓം ഭക്ഷണദായകനേ (ആനയും അമ്പാരിയും)

15.ജനനന്മയ്ക്കായ് (ശ്രീകൃഷ്ണപ്പരുന്ത്)

16.അമ്പിളി മണവാട്ടി (ഈനാട്)

17.ജോൺ ജാഫർ ജനാർദനൻ (ജോൺ ജാഫർ ജനാർദനൻ)

18.വിടർന്നു തൊഴുകൈ (ജോൺ ജാഫർ ജനാർദനൻ)

19.ദുഃഖത്തിൻ കയ്പില്ലാതെ (ഇന്നല്ലെങ്കിൽ നാളെ)

20.ഗോമദകം (ഹിമം)

21.കൃഷ്ണാ നീവരുമോ (കുയിലിനെത്തേടി)

22.സ്വർലോക നായകൻ (സൗഹൃദം)

23.വട്ടച്ചെലവിന് (ചക്രം)

24.സർപ്പസന്തതിമാരേ (രതിമന്മഥൻ)

25.അന്തിയിളം (മാണി കോയ കുറുപ്പ്)

26.വിപ്ലവം ജയിക്കട്ടെ (പണിമുടക്ക്)

27.മൊഞ്ചുള്ള മഞ്ചാടി (രാരിച്ചന്റെ രാജയോഗം)

28.താഴംപൂവിന്റെ (പട്ടാളം ജാനകി)

29.ചാവി പുതിയ ചാവി (സംരംഭം)

30.വീണപാടുമീണമായി (വാർധക്യപുരാണം)

31.യാമം ലഹരിതൻ (ജീവിതം)

32.ദൂരെ സാഗരം (അലകടലിനക്കരെ)

33.ഹൃദയം ഒരു വല്ലകി (പടയണി)

34.ആരറിവും (സിഐഡി ഉണ്ണിക്കൃഷ്ണൻ ബിഎ ബിഎഡ്)

English Summary:

Hits of KJ Yesudas and P Jayachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com