ADVERTISEMENT

അനുരാഗ ഗാനം പോലെ, അഴകിന്റെ അല പോലെ നമ്മളിലേക്ക് ഒഴുകിയെത്തിയ ഭാവഗാനങ്ങൾ ഇന്ന് കേൾവിക്കാരെ കരയിപ്പിക്കുകയാണ്. നമ്മുടെയൊക്കെ അഞ്ച് പതിറ്റാണ്ടു കാലത്തെ പ്രണയത്തെ, കാത്തിരിപ്പിനെ, വിരഹത്തെ, വേദനയെ നഷ്ടബോധത്തെ ഒക്കെ സ്വന്തം ശബ്ദം കൊണ്ട് ഭാവസാന്ദ്രമാക്കിക്കൊണ്ടേയിരുന്ന പി.ജയചന്ദ്രൻ ഇന്ന് നിശ്ശബ്ദം യാത്രയാകുന്നു. ആർദ്രവും ശാന്തവും തീക്ഷ്ണവുമായ തന്റെ ശബ്ദം കൊണ്ട് അദ്ദേഹം കേൾവിക്കാരെ അനുഭൂതിയുടെ മറ്റൊരു ലോകത്തിലേക്കു തന്നെ എത്തിച്ചു. 

p-jayachandran-8

യേശുദാസും ജയചന്ദ്രനും സംഗീത ലോകത്തെത്തിയത് സമകാലികരായാണ്. മലയാള സംഗീത ലോകം അതുവരെ കാണാത്ത പ്രതിഭകളായതു കൊണ്ട് തന്നെ താരതമ്യങ്ങൾ, ഫാൻ ഫൈയ്റ്റുകൾ ഒക്കെ അവരുടെ പേരിൽ അന്ന് മുതൽ ഉണ്ടായിരുന്നു. അവർ തമ്മിലുള്ള വ്യത്യസ്തതയാണ് ഇവിടുത്തെ ഗാനശാഖയെ ഇത്ര സമ്പന്നമാക്കിയതും. ജയചന്ദ്രൻ പാടിയ അനുരാഗഗാനം പോലെ, രാജീവ നയനേ, മഞ്ഞലയിൽ മുങ്ങിതോർത്തി, നീലഗിരിയുടെ സഖികള്‍, സ്വയം വര ചന്ദ്രികേ, നീയൊരു പുഴയായ്, തേരിറങ്ങും മുകിലേ തുടങ്ങിയവയൊന്നും മറ്റൊരാൾക്ക്‌ അതുപോലെ കേൾവിക്കരിലേക്ക് എത്തിക്കാനാവില്ല എന്നു തന്നെ പറയാം. 

ചില പ്രതിഭകളെ കുറിച്ച് പറയാറുണ്ട്, അവർ അവരോടു തന്നെ മത്സരിക്കുകയാണെന്ന്. ജയചന്ദ്രന്റെ കാര്യത്തിൽ അത് എന്നും ശരിയായിരുന്നു... അദ്ദേഹത്തിന്റെ കൾട്ട് ക്ലാസ്സിക്‌ ആയ മഞ്ഞലയിൽ മുങ്ങിതോർത്തി എന്ന ഗാനവും ഏതാണ്ട് അര നൂറ്റാണ്ട് കഴിഞ്ഞു പുറത്തിറങ്ങിയ ഉറങ്ങാതെ രാവുറങ്ങിയും അതിന്റെ തെളിവാണ്. ധനുമാസ ചന്ദ്രിക തെളിഞ്ഞു വരുന്നതും അഴിഞ്ഞു കിടന്ന പുടവയായി നിലാവിനെ മടിയിൽ വ‌യ്ക്കുന്നതുമൊക്കെ ഇത്ര ഭംഗിയായി കേൾക്കുന്നവരിലേക്കെത്തിക്കാൻ ജയചന്ദ്രന്റെ ശബ്ദത്തോളം മറ്റൊന്നിനും ആവില്ല. അദ്ദേഹം പാടിയതു പോലെ കേവല മർത്യഭാഷ കൊണ്ട് ആ ശബ്ദത്തെയും അതുണ്ടാക്കുന്ന ഭാവത്തെയും വർണിക്കുക ഒട്ടും എളുപ്പമല്ല. അയത്നലളിതമായി പാട്ടും കേൾക്കുന്നയാളും തമ്മിൽ ഒരു ബന്ധമുണ്ടാക്കാൻ മാത്രം ശക്തിയുണ്ടതിന്. ശില്പ ഭദ്രതയ്ക്കും ചട്ടകൂടുകൾക്കും അപ്പുറം പാട്ട് ഹൃദയത്തെ തുളഞ്ഞു പോകുന്ന അനുഭൂതിയാണ് അതുണ്ടാക്കുന്നത്. സ്വപ്നം പോലെ മനോഹരമായ യഥാർഥ്യമാണ് അദ്ദേഹത്തിന്റെ ശബ്ദം. 

കാലം മാറ്റം വരുത്താത്ത ഭാവമായിരുന്നു അതിന്റെ നിലനിൽപ്. ഇടയ്ക്ക് സിനിമാ സംഗീതത്തിൽ നിന്ന് പതിനഞ്ച് വർഷം അദ്ദേഹം വിട്ടു നിന്നു. ഭക്തി ഗാനങ്ങളും ഗാനമേളയും ഒക്കെയായി അദ്ദേഹം പോപ്പുലർ മ്യൂസിക്കിന്റെ ഏതോ ഓരത്ത് നിന്നു. പക്ഷേ അതിന് മുന്നേയും പിന്നെയും അദ്ദേഹം പാടിക്കൊണ്ടേയിരുന്നു. അത് നമ്മൾ അദ്ഭുതത്തോടെ കേട്ടു. മലയാളത്തിൽ നിന്ന് തമിഴിലേക്കും സിനിമയിൽ നിന്നു ലളിത ഗാനത്തിലേക്കും ഭക്തി ഗാനത്തിലേക്കുമെല്ലാം അദ്ദേഹം ചുവടു മാറ്റിക്കൊണ്ടേയിരുന്നു... പക്ഷേ മാറാതെ ആ ഭാവം അദ്ദേഹത്തിനു കൂട്ടിരുന്നു.

ജയചന്ദ്രൻ നഖക്ഷതങ്ങൾ എന്ന ചിത്രത്തിൽ.
ജയചന്ദ്രൻ നഖക്ഷതങ്ങൾ എന്ന ചിത്രത്തിൽ.

ജയചന്ദ്രന്റെ  സംഗീത ജീവിതത്തിന് അറുപതിലേറെയുണ്ടായിരുന്നു പ്രായം. ഇതിനിടയിൽ സിനിമ മാറി, പാട്ട് മാറി, ഈണം മാറി, കേൾവിക്കാർ മാറി... എന്നാൽ മാറ്റമൊന്നുമില്ലാതെ ആ സ്വരം നിത്യയൗവനമായിത്തന്നെ നിലനിന്നു. അനേകായിരും പാട്ടുകളാൽ തെളിഞ്ഞുനിന്ന ജയരാഗചന്ദ്രിക ഇപ്പോൾ അസ്തമിച്ചിരിക്കുന്നു. മലയാളിയുടെ ഓർമകളിൽ ഒരായിരം ഭാവഗീതങ്ങൾ പാടിപ്പതിപ്പിച്ചാണ് ആ സ്വരഭംഗി നമ്മെ തനിച്ചാക്കി പോകുന്നത്. നന്ദി, ഭാവഗായകാ....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com