ഭാവഗായകാ വിട...; ഉള്ളുലഞ്ഞ് സഹപ്രവർത്തകർ
Mail This Article
ഉള്ളിലെ കുട്ടിത്തം പാടിയ പാട്ടുകൾ: മോഹൻ സിത്താര (സംഗീത സംവിധായകൻ)
വലിയ ദേഷ്യക്കാരനാണ് എന്നാണ് ജയചന്ദ്രനെക്കുറിച്ച് പറഞ്ഞുകേട്ടിട്ടുള്ളത്. പക്ഷേ, വലിയ തമാശക്കാരനാണു ജയചന്ദ്രൻ. പണ്ട്, എന്റെ തിരക്കുള്ള സമയത്ത്, സംഗീതം ചെയ്യുന്ന മുറിയിൽ വന്നു തമാശയൊക്കെ പൊട്ടിക്കും. അതിനു മാത്രമായി അവിടെ വരും എന്നതാണ്. ഒന്നര വർഷം മുൻപ് എന്റെ വീടിനു മുകളിലെ സ്റ്റുഡിയോയിൽ ഒരു പാട്ട് റെക്കോർഡ് ചെയ്യാൻ വന്നപ്പോഴും പഴയ തമാശയൊക്കെ പറഞ്ഞു ചിരിച്ചു. തോളിൽ കയ്യിട്ടു നിന്നു. കുട്ടികളുടെ മനസ്സാണ്. ഉള്ളിൽ തോന്നിയത് അതുപോലെ പറയും. അതുകൊണ്ടാകാം ചിലർ ദേഷ്യക്കാരനെന്നു തെറ്റിദ്ധരിച്ചത്. മലയാളികൾക്ക് ഓമനത്തമുള്ള ഒരുപാട് പാട്ടു പാടിക്കൊടുക്കാൻ പറ്റിയത് ആ കുട്ടിത്തം കൊണ്ടാകണം. അഹങ്കാരമില്ലാത്ത അദ്ദേഹത്തിന്റെ പ്രകൃതം ചെറുപ്പക്കാർ കണ്ടുപഠിക്കേണ്ടതാണ്. വല്ലാത്ത നഷ്ടമായിപ്പോയി. അസുഖമായിരുന്നെങ്കിലും തിരികെവരുമെന്ന പ്രതീക്ഷയിൽ ആയിരുന്നു.
പകരമെത്തിയ സൗമ്യത: ശ്യാം (സംഗീത സംവിധായകൻ)
എന്റെ ആദ്യ മലയാള ചിത്രമായ ‘മാന്യശ്രീ വിശ്വാമിത്ര’നിൽ അവിചാരിതമായി ഗാനം ആലപിക്കാനെത്തിയ ആളായിരുന്നു പി.ജയചന്ദ്രൻ. യേശുദാസിനായി ഒരുക്കിയ ‘ ഹാ.. സംഗീത മധുരനാദം.. ലയം..’ എന്നു തുടങ്ങുന്ന ഗാനം പക്ഷേ, പാടാൻ അവസരം ലഭിച്ചത് ജയചന്ദ്രനായിരുന്നു. യുഎസിലായിരുന്ന യേശുദാസിന് എത്താൻ കഴിയാതിരുന്നതോടെയാണ്, മുടിയൊതുക്കി ചീകി മനോഹരമായി ചിരിക്കുന്ന ആ യുവഗായകൻ എനിക്കു മുന്നിലെത്തിയത്.
സൂപ്പർഹിറ്റായ ആ ഗാനം ഞങ്ങളുടെ ആത്മബന്ധത്തിന്റെ തുടക്കം കൂടിയായി. എന്റെ 45 ൽ ഏറെ ഗാനങ്ങൾ ജയൻ ആലപിച്ചതായാണ് ഓർമ. സൗന്ദര്യം അദ്ദേഹത്തിന്റെ മുഖത്തും ഗാനങ്ങളിലുമുണ്ടായിരുന്നു. എന്റെ ഇളയസഹോദരന്റെ സ്ഥാനമാണ് അദ്ദേഹത്തിനു നൽകിയിരുന്നത്.
ഏറെ ഇഷ്ടപ്പെട്ട ആലാപനശൈലി: എം.ജി.ശ്രീകുമാർ (ഗായകൻ)
പ്രിയദർശന്റെ ‘മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു’ എന്ന ചിത്രത്തിന്റെ റിക്കോർഡിങ്ങിനു മദ്രാസിലെത്തിയപ്പോഴാണ് അതുവരെ ശബ്ദത്തിലൂടെ മാത്രം ഞാൻ ആരാധിച്ചിരുന്ന പി.ജയചന്ദ്രനെ ജീവിതത്തിലാദ്യമായി കണ്ടത്. അന്നു തുടങ്ങിയ ആത്മബന്ധമാണ്. ജയേട്ടന്റെ ഗാനാലാപന ശൈലി വളരെ പ്രിയപ്പെട്ടതായിരുന്നു. അനേകം വേദികളിൽ ഞങ്ങൾ ഒന്നിച്ചു പാടി. മഴവിൽ മനോരമ ജയേട്ടനു ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിയ വേദിയിൽ അദ്ദേഹത്തിന്റെ ഒട്ടേറെ ഗാനങ്ങൾ പാടാൻ എനിക്ക് അവസരം ലഭിച്ചു.
‘ഹർഷബാഷ്പം തൂകി..’, ‘റംസാനിലെ ചന്ദ്രികയോ..’ തുടങ്ങിയ പാട്ടുകളാണ് എനിക്ക് ഏറ്റവും ഇഷ്ടം. അദ്ദേഹത്തിനു ദേശീയ പുരസ്കാരം നേടിക്കൊടുത്ത ശ്രീനാരായണ ഗുരുവിലെ ‘ശിവശങ്കര സർവ ശരണ്യ വിഭോ’ എന്ന ഗാനവും ഏറെ ഇഷ്ടമാണ്.
പഠിക്കാതെ, പാടിത്തെളിയിച്ച വൈഭവം: വിദ്യാധരൻ (സംഗീത സംവിധായകൻ)
ഭാവഗായകൻ നമ്മളെ വിട്ടുപിരിഞ്ഞു. സിനിമയായി ബന്ധപ്പെടുകയോ പാട്ടുകാരനായി നിലനിൽക്കുകയോ ചെയ്യുന്നതിനു മുൻപ് അദ്ദേഹവുമായി ബന്ധമുണ്ട്. പ്രീഡിഗ്രിക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ പഠിക്കുമ്പോൾ മുതലുള്ള ബന്ധമാണത്. ഞാൻ ആറാട്ടുപുഴയും അദ്ദേഹം ഇരിങ്ങാലക്കുടയും ആണല്ലോ.
ഇരിങ്ങാലക്കുടയിൽ ബാലെ അടക്കമുള്ള പരിപാടികൾക്കു പോകുമ്പോൾ സന്ധ്യയ്ക്ക് അവിടത്തെ ക്ഷേത്രത്തിലേക്കു ജയേട്ടൻ വരും. തൊഴുതു കഴിഞ്ഞ് ആറരയ്ക്ക് എന്റെയടുത്ത് ഇരുന്നു കഴിഞ്ഞാൽ പത്തു, പത്തരയാകും എഴുന്നേൽക്കുമ്പോൾ. സംഗീതം പഠിച്ചുപാടിയ പാട്ടുകാരനല്ല.
അതാണ് അദ്ദേഹത്തിന്റെ വൈഭവം. അതിലാണ് എനിക്ക് അദ്ദേഹത്തോടുള്ള സ്നേഹവും ആദരവുമെല്ലാം. സരസമായി സംസാരിക്കുകയും നുണപറയാതെ, കണ്ട കാര്യമെല്ലാം വെട്ടിത്തുറന്നു പറയുകയും ചെയ്യുന്ന വ്യക്തിത്വമാണ്. ഒന്നും മൂടിവയ്ക്കില്ല. ആറാട്ടുപുഴ പൂരസമയത്തൊക്കെ വീട്ടിൽ വന്നിരുന്നു പാടിയിട്ട് പൂരം കാണാൻ മറന്ന് ആളുകൾ നിന്ന സന്ദർഭങ്ങളുണ്ട്. സിനിമയിൽ പാട്ടുപാടിക്കുന്നതിലുപരി അങ്ങനെയൊരു ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. ഒരു ഹിമാലയം പോലെ യേശുദാസ് നിൽക്കുമ്പോൾ അതിന്റെ അരികുപറ്റി അദ്ദേഹവും നിന്നു. ചില പാട്ടുകളൊക്കെ എനിക്കും പാടിക്കാൻ പറ്റി. ആളുകൾ കൂടുതൽ കേട്ട പാട്ടുകളായില്ലെങ്കിലും പ്രേമഗാനങ്ങൾ, ഭക്തിഗാനങ്ങൾ, ഓണപ്പാട്ടുകൾ തുടങ്ങി എന്റെ ഒട്ടേറെ പാട്ടുകൾ അദ്ദേഹം പാടിയിട്ടുണ്ട്.
ഭാവഗായകൻ, ഗാനാസ്വാദകൻ: സുജാത (ഗായിക)
തലയിൽ നിറയെ വെളിച്ചെണ്ണയൊക്കെ തേച്ചാണ് ജയേട്ടനെ പലപ്പോഴും കാണാനാകുക. ഗായകർ പാലിക്കേണ്ട ആരോഗ്യപരമായ ചിട്ടവട്ടങ്ങളെക്കുറിച്ചും ഐസ്ക്രീം പോലുള്ള വർജിത വസ്തുക്കളെക്കുറിച്ചും കാണാതെ പഠിച്ചു നടക്കുന്ന എനിക്കൊക്കെ ആ കാഴ്ച അദ്ഭുതമായിരുന്നു. ‘കുട്ടി തലയിൽ എണ്ണതേച്ചു കുളിക്കണം. നല്ല തെളിഞ്ഞ കാഴ്ച കിട്ടും’ എന്നൊക്കെ പറയുന്ന ജയേട്ടനെയാണ് കുട്ടിക്കാലത്ത് ഞാൻ കണ്ടിട്ടുള്ളത്. ജയേട്ടൻ ഗായകനെന്നതിലുപരി കടുത്ത ഗാനാസ്വാദകനാണ്. പാട്ട് എൻജോയ് ചെയ്യേണ്ടതെങ്ങനെ എന്നു ജയേട്ടനിൽ നിന്നു പഠിക്കണം. ജയേട്ടൻ ഇടക്കാലത്ത് തിരിച്ചുവരവു നടത്തിയ ‘നിറ’ത്തിലെ ‘പ്രായം നമ്മിൽ മോഹം നൽകി’ എന്ന പാട്ടിൽ ഒപ്പം ഞാനാണു പാടിയത്. പക്ഷേ, റെക്കോർഡിങ് രണ്ടു ദിവസമായതിനാൽ ചേട്ടനെ കാണാൻ കഴിഞ്ഞില്ല. ഓർമകൾ തിരമുറിയാതെയുണ്ട്. പ്രണാമം പ്രിയ ജയേട്ടൻ.
ആ അവാർഡുകൾ എന്റെ പുഷ്പാഞ്ജലി: കൈതപ്രം ദാമോദരൻ നമ്പൂതിരി (ഗാനരചയിതാവ്)
ഞാൻ എഴുതിയ 2 ഗാനങ്ങൾ ആലപിച്ചതിലൂടെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് 2 തവണ നേടിയത് അദ്ദേഹത്തിനുള്ള പുഷ്പാഞ്ജലിയായി ഞാൻ കരുതുന്നു. 1969 ൽ റിലീസ് ചെയ്ത ‘കള്ളിച്ചെല്ലമ്മ’ തലശ്ശേരി ലോട്ടസ് തിയറ്ററിലിരുന്നാണ് ഞാൻ കണ്ടത്. ‘കരിമുകിൽ കാട്ടിലെ’ എന്നു തുടങ്ങുന്ന ഗാനം ഇന്നും മനസ്സിലുണ്ട്. പിന്നീട് എത്രയോ പാട്ടുകൾ മലയാളത്തിനു സമ്മാനിച്ച ജയേട്ടൻ ഇല്ലെന്നതു മലയാളിക്കു സങ്കടകരമാണ്. കുറച്ചു നാളായി തീരെ വയ്യാത്ത അവസ്ഥയായിരുന്നു. അതിനാൽ സഹിച്ചേ പറ്റൂ. അതുകൊണ്ടു ഞാനും അനേകായിരം ആരാധകർക്കൊപ്പം ഈ ദുഃഖം പങ്കുവയ്ക്കുന്നു.
അനന്യശബ്ദം; മഹാഗായകൻ: റഫീക്ക് അഹമ്മദ് (കവി, ഗാനരചയിതാവ്)
വല്ലാത്തൊരു ശൂന്യത തോന്നുന്നു; ലോകം ഇരുട്ടേറിയതുപോലെ. ചില മനുഷ്യർ ഒരിക്കലും മരിക്കരുതെന്നു നമ്മൾ ആഗ്രഹിക്കുമല്ലോ. അങ്ങനെയൊരാളായിരുന്നു ജയേട്ടൻ. എന്നോടൊരുപാട് ഇഷ്ടമുള്ളയാളും എനിക്കൊരുപാട് ഇഷ്ടമുള്ളയാളുമാണ് ഇല്ലാതായത്. അസുഖബാധിതനാണെന്ന് അറിയാമെങ്കിലും വിയോഗം അപ്രതീക്ഷിതമായിരുന്നു. ഞാനെഴുതിയ ‘കേരള കഫെ’ സിനിമയിലെ കഥയമമ കഥയമമ എന്ന പാട്ടും ‘എന്നും എപ്പോഴും’ എന്ന സിനിമയിലെ മലർവാകക്കൊമ്പത്ത് എന്ന പാട്ടും അദ്ദേഹം പാടിയതാണ്. ഇടയ്ക്ക് അദ്ദേഹം വിളിക്കാറുണ്ടായിരുന്നു. അടുത്തകാലത്തു വിളിച്ചതു സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ അവശനിലയിലുള്ള ചിത്രംവച്ചു വ്യാജപ്രചാരണം നടക്കുന്ന സമയത്താണ്.
അദ്ദേഹത്തെ അത്രമാത്രമതു വിഷമിപ്പിച്ചിട്ടുണ്ടാകാം. അതുകൊണ്ടാകണം, ഒരു ദിവസം രാത്രി എന്നെ വിളിച്ച് അദ്ദേഹം പറഞ്ഞു: ‘റഫീക്കേ എന്റെ അസുഖമൊക്കെ മാറി കേട്ടോ. ഞാൻ ഉഷാറായി. റിക്കോർഡിങ്ങിനൊക്കെ പോകാൻ തുടങ്ങുകയാണ്’. ഗൗരവക്കാരനെന്നു പലരും പറയുമെങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ ഓർമകൾ വ്യത്യസ്തമാണ്. നിഷ്കളങ്കനായ, വലുപ്പച്ചെറുപ്പം നോക്കാത്ത, ശിശുസഹജ മനസ്സുള്ള മനുഷ്യനായിരുന്നു.
‘ഒറ്റ’ എന്ന ചിത്രത്തിനുവേണ്ടി ഞാനെഴുതിയ പാട്ട് റിക്കോർഡ് ചെയ്തുകഴിഞ്ഞ് അദ്ദേഹം പലവട്ടം വിളിച്ചു. പാട്ടു നന്നായിരുന്നുവെന്നും കുറെക്കാലത്തിനു ശേഷമാണു നല്ലൊരു മെലഡി പാടാൻ കഴിഞ്ഞതെന്നും പറഞ്ഞു.
ജയേട്ടനെപ്പോലുള്ള മനുഷ്യർ പോകുമ്പോൾ ഭൂമിയുടെ സൗന്ദര്യം നഷ്ടപ്പെടുകയാണെന്നു തോന്നുന്നു.