അന്ന് ജയചന്ദ്രന് ശബ്ദം നഷ്ടപ്പെട്ടു; ചികിത്സയ്ക്കു ശേഷം പാടിക്കയറിയത് സൂപ്പർഹിറ്റിലേക്ക്
Mail This Article
ചെമ്പൈ വൈദ്യനാഥഭാഗവതർക്ക് ശബ്ദം നിലച്ചപ്പോൾ ഗുരുവായൂരിൽ ഭജനമിരുന്ന് വീണ്ടെടുത്ത കഥ പ്രസിദ്ധമാണ്. ഗായകൻ പി.ജയചന്ദ്രനും ഒരിക്കൽ ശബ്ദം നഷ്ടപ്പെട്ടു. അന്ന് അദ്ദേഹത്തിനു ശബ്ദം വീണ്ടെടുത്തു നൽകിയത് ഏറ്റുമാനൂരിലുള്ള ഹോമിയോ ഡോക്ടർ എസ്.സതീഷായിരുന്നു. അദ്ദേഹത്തിന്റെ ഓർമകളിലൂടെ...
ഡോ. എസ്.സതീഷ്‍
‘മിഴി രണ്ടിലും’ എന്ന സിനിമയ്ക്കുവേണ്ടി ജയേട്ടൻ പാടിയ ഈ ഗാനം കേൾക്കുമ്പോൾ എന്റെ മനസ്സ് സന്തോഷം കൊണ്ടു തുളുമ്പും. ശബ്ദം നഷ്ടപ്പെട്ട അദ്ദേഹം എന്റെ ചികിത്സയ്ക്കുശേഷം പാടി സൂപ്പർഹിറ്റാക്കിയ ഗാനമാണത്.
2003ന്റെ തുടക്കത്തിലായിരുന്നു അത്. ഒരു ടിവി ചാനലിന്റെ വാർഷികത്തിന് ജയേട്ടൻ കോഴിക്കോട്ട് എത്തിയപ്പോഴാണ് ശബ്ദം അടഞ്ഞുപോയെന്ന് അറിയുന്നത്. സംസാരിക്കുമ്പോൾ കാറ്റുപോലൊരു ശബ്ദം മാത്രം. ഒരുവിധത്തിൽ ചടങ്ങിൽ സംബന്ധിച്ചശേഷം ചെന്നൈയിലേക്കു പറന്നു. അവിടുത്തെ ചികിത്സകൊണ്ട് ഫലംകിട്ടാഞ്ഞപ്പോൾ പിന്നെയും തകർന്നു.
ജയേട്ടന്റെ ഭാര്യ ലളിത തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ സുഹൃത്ത് മനോഹരനെ വിളിച്ചു വിവരം പറഞ്ഞു. തിരുവനന്തപുരത്തേക്ക് ഫ്ലൈറ്റിൽ കയറ്റിവിട്ടാൽ മതി. ബാക്കിക്കാര്യം താൻ നോക്കിക്കൊള്ളാമെന്ന് മനോഹരൻ ഉറപ്പുകൊടുത്തു. അങ്ങനെ മനോഹരനാണ് കോട്ടയത്ത് ഏറ്റുമാനൂരിലുള്ള ‘ശ്രീകലാ ക്ലിനിക്കി’ലേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരുന്നത്.
ചെറുപ്പം മുതലേ ജയചന്ദ്രന്റെ പാട്ടുകൾ എനിക്ക് ഇഷ്ടമായിരുന്നു. കോട്ടയത്ത് തിരുനക്കര ക്ഷേത്രത്തിലെ പരിപാടിക്കു വന്നപ്പോൾ പരിചയപ്പെട്ടു. ക്ഷണം സ്വീകരിച്ച് പിന്നീട് അദ്ദേഹം ഏറ്റുമാനൂരിലുള്ള എന്റെ പാലപ്പള്ളിൽ വീട്ടിൽ വന്നു. പിന്നീട് കോട്ടയം ഭാഗത്ത് എവിടെ പരിപാടിക്കു വന്നാലും എന്റെ വീട്ടിൽ വന്നുതാമസിച്ച് ഒരുമിച്ച് പരിപാടിക്കു പോകുന്ന നിലയിലേക്കു സൗഹൃദം വളർന്നു.
എന്നെ സതീശൻ എന്നുമാത്രമേ വിളിക്കൂ. ഞങ്ങൾ തമ്മിൽ 20 വയസ്സോളം വ്യത്യാസമുണ്ട്. പക്ഷേ, ഒരിക്കലും ഇടപെടുമ്പോൾ അങ്ങനെ അനുഭവപ്പെട്ടിട്ടില്ല.
വലിയ സംഗീതപ്രേമിയല്ലാതിരുന്നിട്ടും എന്റെ അച്ഛൻ ഡോ. എൻ.എസ്.നമ്പൂതിരിക്കും അദ്ദേഹത്തോടു പ്രത്യേക മമതയായിരുന്നു. ഒരിക്കൽ ഒരു വലംപിരിശംഖ് അച്ഛൻ അദ്ദേഹത്തിനു സമ്മാനിച്ചു. വിളിക്കുമ്പോഴൊക്കെ ജയേട്ടൻ അതേപ്പറ്റി പറയുമായിരുന്നു.