പൂങ്കുയിൽ ശ്രുതി താഴ്ത്തി, ശാരദ നിലാവ് തിരി താഴ്ത്തി... ഭാവഗായകൻ ഉറക്കമായ്; നോവോടെ നാട്

Mail This Article
പൂങ്കുയിൽ ശ്രുതി താഴ്ത്തി, ശാരദ നിലാവ് തിരി താഴ്ത്തി... ഭാവഗായകൻ ഉറക്കമായ്. സ്മൃതിതൻ ചിറകിലേറി സ്വന്തം ഗ്രാമഭൂവിൽ ഇന്ന് അണയും ഭാവചന്ദ്രൻ. വികാരസാന്ദ്രമായ ഗാനങ്ങളാൽ മലയാള ഗാനശാഖയെ നിലാവണിയിച്ച പി.ജയചന്ദ്രന് കലാകേരളം ഇന്നു വിടചൊല്ലും.
ജയചന്ദ്രന്റെ പാട്ടുകൾ കൊണ്ടായിരുന്നു അക്കാദമി അനശ്വരഗായകന് യാത്രയയപ്പേകിയത്. ജയചന്ദ്രന്റെ ഭൗതികശരീരം അക്കാദമിയുടെ പടികടന്നെത്തുമ്പോൾ, ‘തിരുവാഭരണം ചാർത്തി വിടർന്നു തിരുവാതിര നക്ഷത്രം...’ എന്ന ഗാനമായിരുന്നു മുഴങ്ങിയത് എന്നത് യാദൃച്ഛികമാകാം. പ്രണയവും വിരഹവും വിഷാദവും ഭക്തിയും...അങ്ങനെ ശ്രോതാക്കളിൽ വികാരങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച അനശ്വരഗായകൻ അനക്കമറ്റു കിടന്നപ്പോൾ, അവസാനമായി അദ്ദേഹത്തെ കാണാനെത്തിയവർ ഉള്ളിൽ പാടി: മൗനം പോലും മധുരം.
വെയിൽ മറന്ന് ആയിരങ്ങളാണ് അക്കാദമി വളപ്പിൽ കാത്തുനിന്നത്. ഊഴം കാത്തുനിന്നവരുടെ നിര നീണ്ടുനീണ്ട് അക്കാദമിയുടെ ഗേറ്റ് വരെ എത്തി. പ്രമുഖർ പോലും വരി തെറ്റിക്കാതെ ഈഴം കാത്തുനിന്നു. ആസ്വാദകർക്കിടയിൽ വലിപ്പച്ചെറുപ്പമില്ലല്ലോ. അവിടെ നിന്ന് തിരികെ പൂങ്കുന്നത്തെ വീട്ടിലേക്കു ഭൗതികശരീരം എടുക്കാറായപ്പോഴും ഒരുനോക്കു കാണാൻ ആളുകൾ വന്നുകൊണ്ടേയിരുന്നു. കൂപ്പിയ കൈകളുമായി അവരും വിടചൊല്ലിയ ശേഷം ഇഷ്ടഗായകൻ തിരികെ പുഷ്പചക്രങ്ങൾ അലങ്കരിച്ച വാഹനത്തിൽ വീട്ടിലേക്ക്. വീട്ടിലെത്തിയ ശേഷവും അന്ത്യാഞ്ജലി അർപ്പിക്കാൻ പ്രമുഖരെത്തി. രാത്രിയിലും ആളുകൾ എത്തിക്കൊണ്ടിരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെയാണ് പ്രിയഗായകനെ ഇവിടെ നിന്ന് യാത്രയാക്കുക.
മടക്കം, പിച്ചവച്ച മണ്ണിലേക്ക്
കുട്ടിക്കാലത്ത് ഓടിക്കളിച്ച പാലിയത്തെ മണ്ണിലേക്കാണു മലയാളത്തിന്റെ ഭാവഗായകൻ നിത്യവിശ്രമത്തിനായി മടങ്ങിയെത്തുന്നത്. ഉണരാത്ത നിദ്രയിലാണ്ടാലും ആ മാന്ത്രികസ്വരത്തിനു മരണമില്ല.
ഇന്നലെ രാവിലെ തൃശൂർ പൂങ്കുന്നം തോട്ടേക്കാട് ലെയ്നിലെ വീട്ടിൽ (മണ്ണത്ത് ഹൗസ്) ഒരു മണിക്കൂറോളം പൊതുദർശനമുണ്ടായിരുന്നു. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി അതിരാവിലെ തന്നെ വീട്ടിലെത്തി. മന്ത്രി എ.കെ.ശശീന്ദ്രൻ, നടന്മാരായ മമ്മൂട്ടി, ബിജു മേനോൻ, രമേഷ് പിഷാരടി, കലാമണ്ഡലം ഗോപി, റഫീക്ക് അഹമ്മദ്, ബി.കെ. ഹരിനാരായണൻ, സംവിധായകൻ ശ്രീവത്സൻ ജെ.മേനോൻ, ഗായകൻ എം.ജി.ശ്രീകുമാർ, ഗായിക മൃദുല വാരിയർ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
തുടർന്ന് 10.40ന് കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ റീജനൽ തിയറ്ററിൽ പൊതുദർശനമൊരുക്കി. അത് ഒരു മണി വരെ നീണ്ടു. കേരളത്തിന്റെ സാംസ്കാരിക ലോകം ഒന്നാകെ അക്കാദമിയിലെത്തി. ജയചന്ദ്രൻ പാടിയ പാട്ടുകൾ ഈ സമയം അക്കാദമിയിൽ മുഴങ്ങി.