ജയചന്ദ്രനെ ഹിന്ദിയിൽ പരിചയപ്പെടുത്തിയത് എ.ആർ.റഹ്മാൻ; പാട്ട് ഹിറ്റായി, പക്ഷേ സിനിമ ഇറങ്ങിയില്ല

Mail This Article
1975 ൽ ‘പെൺപട’എന്ന ചിത്രത്തിനുവേണ്ടി ജയചന്ദ്രൻ പാടിയ ‘വെള്ളിത്തേൻ കിണ്ണം പോൽ’ എന്ന പാട്ട് ഈണമിട്ടത് എ.ആർ.റഹ്മാനാണെന്നാണു കഥ. അച്ഛൻ ആർ.കെ.ശേഖർ അകത്തേക്കുപോയ സമയത്ത് 9 വയസ്സുകാരനായ റഹ്മാൻ (അന്ന് പേര് ദിലീപ്) ഹാർമോണിയത്തിൽ മൂളിയ ഈണമാണത്രേ പിന്നീട് സിനിമയിലെത്തിയത്. അതെന്തായാലും റഹ്മാൻ പിന്നീടും ജയചന്ദ്രന്റെ സ്വരം പ്രയോജനപ്പെടുത്തിയിട്ടുണ്ട്.
തനിക്ക് ഏറ്റവും തൃപ്തി തന്ന ഗാനങ്ങളിൽ ഒന്നായി റഹ്മാൻ പറഞ്ഞിട്ടുള്ളത് 1994 ൽ പുറത്തിറങ്ങിയ ‘മെയ് മാതം’ എന്ന ചിത്രത്തിലെ ‘എൻ മേൽ വിഴുന്ത മഴൈ തുളിയേ’ എന്ന യുഗ്മഗാനം. ഇതു പാടിയതാകട്ടെ, ജയചന്ദ്രനും ചിത്രയും.
റഹ്മാന്റെ ഈണത്തിൽ തമിഴിൽ ജയചന്ദ്രൻ പാടിയ മറ്റൊരു വ്യത്യസ്ത ഗാനമാണ് ‘ഒരു ദൈവം തന്ത പൂവേ’(കന്നത്തിൽ മുത്തമിട്ടാൽ). ഭാരതിരാജയുടെ ‘കിഴക്ക് ചീമയിലെ’ എന്ന സിനിമയിലെ ‘കത്താഴം കാട്ടുവഴി’ എന്ന നാടോടിഗാനം റഹ്മാന് പുരസ്കാരം നേടിക്കൊടുത്തു.
ജയചന്ദ്രൻ എന്ന ഗായകനെ ഹിന്ദിയിൽ പരിചയപ്പെടുത്തിയതും റഹ്മാനാണ്. 2010 ൽ പുറത്തിറങ്ങാനിരുന്ന ‘അദാ’ എന്ന ചിത്രത്തിൽ ജയചന്ദ്രനും അൽകാ യാഗ്നിക്കും ആലപിച്ച ‘മുജ്ഝേ മിലോ വഹാൻ’ എന്ന ഗാനം ഹിറ്റായെങ്കിലും സിനിമ ഇറങ്ങിയില്ല.