ആശുപത്രിക്കിടക്കയിൽ ജയചന്ദ്രൻ ഡോക്ടർമാരോട് അഭ്യർഥിച്ചത് ഒറ്റക്കാര്യം!
Mail This Article
ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴും തനിക്ക് സിനിമകളിൽ പാടുകയും റെക്കോർഡിങ്ങിന് പോവുകയും ചെയ്യണം എന്നാണ് പി.ജയചന്ദ്രൻ ഡോക്ടർമാരോടു പറഞ്ഞിരുന്നത് എന്ന് ഗായകൻ ബിജു നാരായണൻ. ജയചന്ദ്രനോടൊപ്പം നിരവധി സിനിമകളിലും സ്റ്റേജ് ഷോകളിലും പാടാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്ന് ബിജു നാരായണൻ പറയുന്നു. തന്റെ വീട് സന്ദർശിച്ചപ്പോൾ ഭാര്യ ഉണ്ടാക്കിയ ഭക്ഷണം ആസ്വദിച്ച് കഴിച്ച് തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ മുഖം ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് ഗായകൻ വേദനയോടെ ഓർത്തെടുത്തു. പുറമെ പരുക്കനായി തോന്നുമെങ്കിലും സ്നേഹസമ്പന്നനും ശുദ്ധഹൃദയത്തിനുടമയുമായ അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടം തന്നെയാണെന്ന് ബിജു നാരായണൻ അനുസ്മരിച്ചു.
‘തീരാത്ത നഷ്ടം എന്നൊക്കെ എല്ലാവരും ക്ലീഷേ പോലെ പറയാറുണ്ട് എങ്കിലും ഇതൊരു തീരാനഷ്ടം തന്നെയാണ്. അദ്ദേഹത്തെ സ്നേഹിക്കുന്ന ഓരോ വ്യക്തിക്കും അത് അങ്ങനെ തന്നെ. എനിക്ക് അദ്ദേഹവുമായി ഒരുപാട് വർഷത്തെ ബന്ധം ഉണ്ട്. 1993 ലാണ് ജയേട്ടനുമായി ഒരുമിച്ച് ആദ്യമായി പാട്ടുപാടുന്നത്. തീരം തേടുന്ന തിരകൾ എന്ന സിനിമയ്ക്കു വേണ്ടിയായിരുന്നു അത്. പിന്നീട് എത്രയോ പാട്ടുകൾ അദ്ദേഹവുമായി ഒരുമിച്ച് സിനിമയിലും കസെറ്റുകളിലും പാടിയിട്ടുണ്ട്. നിരവധി സ്റ്റേജ് ഷോകൾ കേരളത്തിന് അകത്തും പുറത്തും ഒക്കെ അദ്ദേഹത്തോടൊപ്പം ചെയ്തിട്ടുണ്ട്. അങ്ങനെ ഒരുപാട് ഓർമകളും അനുഭവങ്ങളുമാണ് ജയേട്ടനുമായിട്ടുള്ളത്. നമ്മുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഓർമകൾ ആയിരിക്കും അത്. പലപ്പോഴും നമ്മൾ ചില ചാനൽ ചർച്ചകളിലും ഇന്റർവ്യൂമൊക്കെ കാണുമ്പോൾ പരുക്കൻ ആയി തോന്നുമെങ്കിലും അടുത്തറിയാവുന്നവർക്ക് അറിയാം അദ്ദേഹം ഒരു ശുദ്ധഹൃദയനായിരുന്നുവെന്ന്.
പാട്ടുകാരെ വിളിച്ച് അഭിനന്ദിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു ജയേട്ടൻ. വ്യക്തിപരമായി എനിക്കും അനുഭവമുണ്ട്. സത്യം ശിവം സുന്ദരം എന്ന സിനിമയിലെ സൂര്യനായി തഴുകി എന്ന പാട്ട് പാടിയപ്പോൾ എന്നെ വിളിച്ച് അഭിനന്ദിച്ചു. നീ വളരെ നന്നായി അത് പാടി ഈ പാട്ട് നിനക്ക് ഒരുപാട് നേട്ടങ്ങളും അംഗീകാരങ്ങളും കൊണ്ട് തരും എന്നും പറഞ്ഞു. അടുത്തിടെ ഒരു പാട്ട് പാടിയപ്പോഴും അദ്ദേഹം വിളിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. ഒരുപാട് സവിശേഷതകൾ ഉള്ള ആളാണ് അദ്ദേഹം. എന്റെ വീട്ടിൽ അദ്ദേഹം വന്നിട്ടുണ്ട് എന്റെ ഭാര്യ ഉണ്ടാക്കിയ ഭക്ഷണം കഴിക്കുകയും ഒരുപാട് നേരം ഞങ്ങളോടൊപ്പം ഇരിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവരുമായും വളരെ സ്നേഹത്തോടെ തമാശയൊക്കെ പറഞ്ഞിരിക്കുന്ന ജയേട്ടന് മറ്റൊരു മുഖം കൂടി ഉണ്ടെന്ന് ഈ അവസരത്തിൽ പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. പുതിയ തലമുറയിലെ എല്ലാവർക്കും തന്നെ ഒരു പുസ്തകമാണ് അദ്ദേഹത്തിന്റെ ശൈലിയും അദ്ദേഹത്തിന്റെ എക്സ്പ്രഷനും പെർഫക്‌ഷനും. അക്ഷരസ്ഫുടത അദ്ദേഹത്തെ കണ്ട് ഓരോരുത്തരും അനുകരിക്കുകയും മനസ്സിലാക്കുകയും വേണം. എന്നും നമ്മുടെ മനസ്സിൽ അദ്ദേഹം നിറഞ്ഞു നിൽക്കും.
അടുത്ത കാലം വരെ അദ്ദേഹം പാടിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തിലേറെയായി അദ്ദേഹത്തെ രോഗം അലട്ടിയിരുന്നു. ചികിത്സയിൽക്കഴിയുമ്പോഴും ഡോക്ടർമാരോടൊക്കെ അദ്ദേഹത്തിന് ഒരു അപേക്ഷയേ ഉണ്ടായിരുന്നുള്ളു, തനിക്ക് റെക്കോർഡിങ്ങിന് പോകണം, പ്രോഗ്രാമിനു പാടണം അതിന് തടസ്സം ഉണ്ടാകരുത് എന്ന്. അദ്ദേഹത്തിന്റെ ശബ്ദത്തിൽ എപ്പോഴും യുവത്വവും പുതുമയും നിറഞ്ഞുനിന്നു. അത് അടുത്ത കാലം വരെ നാം സിനിമയിലും ആൽബത്തിലുമൊക്കെ കേട്ടിട്ടുള്ളതാണ്. ആഗ്രഹിച്ചതു പോലെ കഴിഞ്ഞ മാസം വരെ അദ്ദേഹം റെക്കോർഡിങ്ങിനു പോയിരുന്നു എന്നാണ് ഞാൻ അറിഞ്ഞത്. ഒരുപാട് ഹിറ്റുകൾ അടുത്തകാലത്ത് അദ്ദേഹം നൽകുകയുണ്ടായി. നാലഞ്ചു തലമുറയിലെ സംഗീത സംവിധായകരോടൊപ്പം അദ്ദേഹം പാടിയിട്ടുണ്ട്, അതൊക്കെ വിരലിലെണ്ണാവുന്ന ഗായകർക്കു മാത്രം കിട്ടുന്ന സൗഭാഗ്യമാണ്.
പത്തു വെളുപ്പിന് എന്ന പാട്ട് മുതൽ ഒരുപാട് പാട്ടുകൾ അദ്ദേഹത്തോടൊപ്പം പാടാൻ എനിക്കു സാധിച്ചു. സ്വന്തം പാട്ടുകൾ മാത്രമല്ല മറ്റു ഗായകരുടെ പാട്ടുകൾ പോലും അദ്ദേഹം വേദികളിൽ പാടുന്നതു കണ്ട് ഒരുപാട് സന്തോഷം തോന്നിയിട്ടുണ്ട്, അദ്ദേഹവും അത് ആസ്വദിക്കുകയായിരുന്നു’, ബിജു നാരായണൻ പറഞ്ഞു.