അന്ന് ജയചന്ദ്രൻ പറഞ്ഞു, ‘ഞാനൊരു മടിയനാണ്, എനിക്കു വയ്യ’; പക്ഷേ നിർബന്ധിച്ചപ്പോൾ വഴങ്ങി, പാടിയതോ അനശ്വരം!

Mail This Article
കർണാടകസംഗീതം ചിട്ടയായി അഭ്യസിച്ചിട്ടില്ലെങ്കിലും കീർത്തനങ്ങൾ മാത്രം ചേർത്തൊരു സംഗീതസമാഹാരം– നിർബന്ധങ്ങൾക്കു വഴങ്ങാത്ത ഗായകൻ പി.ജയചന്ദ്രൻ ഒരിക്കൽമാത്രം അങ്ങനെയൊരു ആവശ്യത്തിനു സമ്മതം മൂളി. അത്തരത്തിൽ ഒരേയൊരു ആൽബമേ ജയചന്ദ്രന്റേതായി ഉള്ളൂ. 2021 ൽ മനോരമ മ്യൂസിക് ആണ് അതു പുറത്തിറക്കിയത്.
കോവിഡ് കാലത്ത് ജീവിതം വീട്ടിലൊതുങ്ങിയപ്പോഴാണ് ഇങ്ങനൊരു ആലോചനയുണ്ടായത്. കർണാടകസംഗീത കീർത്തനങ്ങൾ പാടി സമാഹരിക്കാമെന്ന് സുഹൃത്തുക്കളായ എസ്.മനോഹരനും ബാലു ആർ.നായരും നിർബന്ധിച്ചു. ‘ഞാനൊരു മടിയനാണെന്ന് അറിയാമല്ലോ. എനിക്കു വയ്യ’ എന്നായിരുന്നു ആദ്യ പ്രതികരണം. പക്ഷേ, നിർബന്ധം തുടർന്നപ്പോൾ വഴങ്ങി. ‘ആദ്യ ദിവസം 2 കീർത്തനം റിക്കോർഡ് ചെയ്തുകഴിഞ്ഞപ്പോൾ നല്ല സുഖംതോന്നി’– അപൂർവമായ ആ സംഗീതോദ്യമത്തെക്കുറിച്ച് പിന്നീടു ജയചന്ദ്രൻ പറഞ്ഞു.
ഇരയിമ്മൻ തമ്പി ശ്രീരാഗത്തിൽ ഒരുക്കിയ ‘കരുണ ചെയ്‌വാനെന്തു താമസം...’, മുഖാരി രാഗത്തിൽ തയാറാക്കിയ ‘അടിമലരിണതന്നെ...’, ദർബാരി കാനഡയിലെ ജയദേവകൃതിയായ ‘രാധികാ കൃഷ്ണാ രാധികാ...’, നാട്ട രാഗത്തിലെ മുത്തുസ്വാമി ദീക്ഷിതർ കൃതി ‘മഹാഗണപതിം...’, സദാശിവ ബ്രഹ്മേന്ദ്രരുടെ സാമ രാഗത്തിലെ കീർത്തനം ‘മാനസസഞ്ചരരേ...’, ആരഭിയിൽ സ്വാതിതിരുനാൾ ചിട്ടപ്പെടുത്തിയ ‘പാഹിപർവത നന്ദിനി...’, ഷഹാന രാഗത്തിൽ പൂർണത്രയീ ജയപ്രകാശ ശർമ എഴുതിയ ‘ശ്രീപൂർണത്രയീശനേ...’, നീലാംബരിയിൽ സ്വാതിതിരുനാൾ ഒരുക്കിയ ‘കാന്തനോടു ചെന്നു മെല്ലെ...’ എന്ന പദം, വസന്ത രാഗത്തിലെ സ്വാതിതിരുനാൾ കൃതി ‘പരമപുരുഷ ജഗദീശ്വര...’, മാണ്ഡ് രാഗത്തിലെ പെരിയസാമി തൂരന്റെ ‘മുരളീധര ഗോപാലാ...’, ഇരയിമ്മൻ തമ്പിയുടെ പ്രസിദ്ധമായ താരാട്ടുഗാനം ‘ഓമനത്തിങ്കൾക്കിടാവോ...’ എന്നിവയാണ് ജയചന്ദ്രനാദത്തിന്റെ വശ്യതയോടെ അന്നു ചരിത്രമായത്. യു ട്യൂബിൽ 54 ലക്ഷം പേർവരെ കേട്ട കീർത്തനങ്ങൾ ഇക്കൂട്ടത്തിലുണ്ട്.
ചെറുപ്പത്തിൽ ജയചന്ദ്രൻ മൃദംഗം പഠിച്ചെങ്കിലും, കർണാടകസംഗീതം അഭ്യസിക്കാൻ താൽപര്യം കാട്ടിയില്ല. പിൽക്കാലത്ത് മദ്രാസിലെത്തിയപ്പോൾ കർണാടകസംഗീതത്തിലെ മുടിചൂടാമന്നനായ എം.ബാലമുരളീകൃഷ്ണയിൽനിന്നും അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്ന ജയവിജയന്മാരിൽനിന്നും ചിലതു മനസ്സിലാക്കി. സിനിമയിൽ സജീവമായപ്പോൾ, ജി.ദേവരാജൻ പ്രസിദ്ധ സംഗീതജ്ഞൻ എസ്.കല്യാണരാമന്റെ ശിഷ്യനാകാൻ പറഞ്ഞുവിട്ടു. ‘നന്നായി പാടുന്നയാൾ, കർണാടകസംഗീതം പഠിച്ച് ശബ്ദം കുഴപ്പമാക്കേണ്ട’ എന്ന ഉപദേശം നൽകി കല്യാണരാമൻ പറഞ്ഞയച്ചു.
‘ദക്ഷിണാമൂർത്തി സ്വാമിയുടെ ക്ലാസിക്കൽ ശൈലിയായാലും രാഘവൻ മാഷുടെ ഫോക്ക് രീതിയായാലും പഠിപ്പിച്ചുതരുന്നത് അതേപടി പാടുകയാണു ഞാൻ ചെയ്യാറുള്ളത്. ഒരുതരം അനുകരണംതന്നെ. അതായിരിക്കണം എന്റെ ഐഡന്റിറ്റി’– സ്വന്തം ആലാപനത്തിലെ ഭാവസൗന്ദര്യത്തെ ജയചന്ദ്രൻ നിരീക്ഷിച്ചത് ഇങ്ങനെ.
എല്ലാ കാര്യങ്ങളെയും ലാഘവത്തോടെ കാണുന്ന ജയചന്ദ്രൻ പക്ഷേ, കർണാടകസംഗീതം പഠിക്കാൻ കഴിയാത്തതിന്റെ ദുഃഖം പലപ്പോഴും പങ്കുവച്ചിരുന്നു. എന്നാൽ ‘ആസ്വാദകൻ’ എന്ന നിലയിൽ അങ്ങേയറ്റത്തെ ആത്മവിശ്വാസം അദ്ദേഹം പുലർത്തി. എപ്പോഴും പാട്ടു കേട്ടുകൊണ്ടിരുന്നതിന്റെ ജ്ഞാനം അദ്ദേഹത്തിന്റെ ആലാപനത്തിനും കരുത്തായി.