ഹൃദയത്തോടു ചേർന്നു നിന്ന ആ രണ്ടുപേരുടെ വേർപാട്; എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടുപോയ സങ്കടദിനങ്ങൾ!

Mail This Article
ഗായികയെന്ന നിലയിൽ പലരുടെയും ഹൃദയത്തിലൊരിടം സ്വന്തമാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിക്കുന്നത്. ഹൃദയത്തോട് ഏറ്റവും ചേർന്നുനിന്ന രണ്ടുപേരെ നഷ്ടപ്പെട്ടതിന്റെ നൊമ്പരം ഇപ്പോഴും ഒരു വിങ്ങലായി എന്റെ ഉള്ളിലുണ്ട്. 1986 ജൂലൈയിൽ നെഞ്ചുവേദനയുമായാണ് അച്ഛനെ (കരമന കൃഷ്ണൻ നായർ) തിരുവനന്തപുരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. അർബുദത്തിന്റെ കടുത്ത വേദനകൾപോലും കടിച്ചമർത്തി എനിക്കൊപ്പം റിക്കോർഡിങ് സ്റ്റുഡിയോകളിലേക്കു കൂട്ടുവരാറുള്ള അദ്ദേഹം ഈ നെഞ്ചുവേദനയെയും അതിജീവിക്കുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. പക്ഷേ അന്നു രാത്രി, ഞങ്ങൾ നോക്കിയിരിക്കെത്തന്നെ അച്ഛൻ യാത്രയാകുകയായിരുന്നു.
പതിമൂന്നു വർഷത്തെ കാത്തിരിപ്പിനും പ്രാർഥനയ്ക്കുമൊടുവിൽ ഭഗവാൻ തന്ന എന്റെ പൊന്നുമകളും എന്നെ വിട്ടുപോയി. എനിക്ക് എന്നെത്തന്നെ നഷ്ടപ്പെട്ടുപോയ ആ സങ്കടദിനങ്ങളിൽനിന്നു ഞാൻ തിരിച്ചുവന്നത് സംഗീതത്തിന്റെ കൈ പിടിച്ചാണ്. ഒരുപക്ഷേ, ഹൃദയത്തിനു മാത്രമാകുന്നൊരു ഹീലിങ് മാജിക് ആയിരിക്കാമത്. എത്ര ദുഃഖങ്ങളിൽ മുറിഞ്ഞും നുറുങ്ങിയും പോയാലും വീണ്ടും മിടിച്ചും തുടിച്ചും ഹൃദയം നമ്മെ പുനർജീവിപ്പിക്കുന്നതായിരിക്കാം.
ഈ ഭൂമിയിൽ നാം പിറന്നു വീഴുംമുൻപേ മിടിച്ചു തുടങ്ങുന്നതാണ് നമ്മുടെ ഹൃദയം. നമ്മുടെ ശരീരത്തിലെ ഏറ്റവും സംഗീതാത്മകമായ ഇടവും ഹൃദയമാണെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. ഓരോ മിടിപ്പിലും ഒരു താളമുണ്ട്. അങ്ങനെയെങ്കിൽ എത്ര കോടിക്കണക്കിന് ഹൃദയങ്ങളാണ് ഒരേ താളത്തിൽ ഈ ഭൂമിയിൽ മിടിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവുമേറ്റവും നിശ്ശബ്ദമായൊരു നിമിഷമാത്രയിൽ നമുക്കു കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ, എത്ര സ്വരസുന്ദരമായൊരു സിംഫണിയായിരിക്കണം നമ്മുടെയേവരുടെയും ഹൃദയങ്ങൾ ചേർന്നു സൃഷ്ടിക്കുന്നത്. പ്രപഞ്ചം ഒരുപക്ഷേ, ആ സംഗീതത്തിനു കാതോർക്കുന്നുണ്ടായിരിക്കണം.
ഏതെങ്കിലുമൊരു ഹൃദയം മുറിപ്പെടുമ്പോൾ, രോഗംകൊണ്ടോ വ്യഥകൊണ്ടോ ആ ഹൃദയതാളം മുറിയുമ്പോൾ നമുക്കു ചുറ്റിലും അലയടിക്കുന്ന ആ മധുരസംഗീതിക കൂടിയല്ലേ താളം മുറിഞ്ഞുപോകുന്നത്. അങ്ങനെ സംഭവിക്കാതിരിക്കട്ടെ. ഓരോ ഹൃദയത്തിൽനിന്നും സന്തോഷത്തിന്റെയും സൗഖ്യത്തിന്റെയും സുന്ദരസംഗീതമുയരട്ടെ. ഒപ്പം മിടിക്കുന്ന ഹൃദയങ്ങളെ ചേർത്തുപിടിക്കാൻ നമുക്കു കഴിയട്ടെ.