ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി ടീം വീണ്ടും; പ്രേക്ഷകർ ഏറ്റെടുത്ത് ബെസ്റ്റിയിലെ പുതിയ പാട്ട്

Mail This Article
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ട് പുറത്തിറങ്ങി. സച്ചിൻ ബാലുവും നിത്യ മാമ്മനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടൊവീനോ തോമസ് എന്നിവരുടെ സമൂഹമാധ്യമപേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തത്. കണ്ണൂരിൽ നടന്ന 'ബെസ്റ്റി സായാഹ്നം' പരിപാടിയിലും 'വെള്ളമഞ്ഞിന്റെ തട്ടമിട്ടൊരു പെൺ കിടാവുപോൽ താഴ്‌വര' എന്ന് തുടങ്ങുന്ന ഗാനം നിറഞ്ഞുനിന്നു. മികച്ച പ്രതികരണമാണ് ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. ഇതിനോടകം 10 ലക്ഷത്തിലധികം പേർ ഗാനം യുട്യൂബിൽ മാത്രം കണ്ടു കഴിഞ്ഞു.
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച 'ബെസ്റ്റി' ഷാനു സമദ് ആണ് സംവിധാനം ചെയ്യുന്നത്. ഈ മാസം 24ന് റിലീസ് ചെയ്യുന്ന സിനിമയിൽ യുവതാരങ്ങളാണ് പ്രധാന വേഷങ്ങളിൽ. സസ്പെൻസ് നിറഞ്ഞ ഫാമിലി എന്റർടെയ്നർ മികച്ച പാട്ടുകൾ കൊണ്ടും സമ്പന്നമാണ്.