അംബാനി കൊടുത്തത് 83 കോടി, പാട്ടുകളും വിറ്റു; സാമ്പത്തിക പ്രതിസന്ധിയിൽ ബീബർ? മടങ്ങിവരവ് ഉടൻ!

Mail This Article
പോപ് താരം ജസ്റ്റിൻ ബീബർ സംഗീതലോകത്തേക്കു മടങ്ങിവരാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പുതിയ ആൽബവുമായി ഗായകൻ വൈകാതെ ആരാധകർക്കു മുന്നിലെത്തുമെന്നാണു സൂചന. 2023ൽ വിരമിക്കൽ പ്രഖ്യാപിച്ചതിനു ശേഷം ബീബർ, കുടുംബത്തിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. 2021ല്‍ പുറത്തിറങ്ങിയ ‘ജസ്റ്റിസ്’ ആണ് അവസാന ആല്‍ബം. വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ തന്റെ മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് ബീബർ കൈമാറിയിരുന്നു. ഇനിയിപ്പോൾ ബീബറിന്റെ രണ്ടാം വരവിൽ ആൽബങ്ങളുടെ അവകാശം സംബന്ധിച്ച് പുതിയ ചർച്ചകളുണ്ടാകാനാണു സാധ്യത.
അനാരോഗ്യവും സ്വകാര്യജീവിതത്തിലെ പ്രശ്നങ്ങളുമായിരുന്നു ജസ്റ്റിൻ ബീബറിന്റെ വിരമിക്കലിനു പിന്നിൽ. 2022 ൽ ഗായകന് റാംസേ ഹണ്ട് സിന്‍ഡ്രോം എന്ന രോഗം ബാധിച്ചിരുന്നു. തുടർന്ന് മുഖത്തിന്റെ ഒരു ഭാഗം ചലിപ്പിക്കാനോ കണ്‍പോള അടയ്ക്കാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയില്‍ എത്തി. ആരോഗ്യസ്ഥിതി വീണ്ടും വഷളായതോടെ ഗായകൻ ലോകപര്യടനം റദ്ദ് ചെയ്തിരുന്നു.
അതിനിടെ കഴിഞ്ഞ വർഷം, അനന്ത് അംബാനി–രാധിക മെർച്ചന്റ് വിവാഹത്തോടനുബന്ധിച്ചു നടന്ന സംഗീത് ചടങ്ങിൽ ബീബർ പാടാൻ എത്തി. 83 കോടി രൂപയാണ് അംബാനിക്കുടുംബത്തിൽ നിന്നും ബീബർ പ്രതിഫലമായി കൈപ്പറ്റിയത്. സാധാരണയായി സ്വകാര്യ ആഘോഷ വേദികളിൽ പാടുന്നതിന് 20 മുതൽ 50 കോടി വരെയാണ് ബീബർ വാങ്ങാറുള്ളത്. ഏറ്റവും ഉയർന്ന പ്രതിഫലമാണ് അംബാനിക്കുടുംബത്തിൽ നിന്നും കൈപ്പറ്റിയത്.
അതേസമയം, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പങ്കാളി ഹെയ്‌ലി ബാൾഡ്‌വിനൊപ്പം ബീബർ ആദ്യ കൺമണിയെ വരവേറ്റു. ‘ജാക്ക് ബ്ലൂസ് ബീബർ’ എന്നാണ് മകനു പേര് നൽകിയിരിക്കുന്നത്. പങ്കാളിക്കും മകനുമൊപ്പം കുടുംബജീവിതം ആസ്വദിക്കുന്ന ബീബറിന്റെ ചിത്രങ്ങൾ ഇടയ്ക്കിടെ പുറത്തു വരാറുണ്ട്. കുടുംബനാഥനായി ഒതുങ്ങാൻ വേണ്ടിയാണ് പാട്ട് നിർത്തുന്നതെന്നു പ്രഖ്യാപിച്ച ബീബർ, ഇപ്പോൾ വീണ്ടും സംഗീതലോകത്തേക്കു മടങ്ങി വരുന്നുവെന്ന വാർത്തകൾ ചർച്ചയായിക്കഴിഞ്ഞു. പാട്ടിൽ നിന്നുള്ള വരുമാനം നിലച്ചതോടെ ബീബർ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്നും ആ അവസ്ഥ മറികടക്കാനാണ് മടങ്ങിവരവിന് ഒരുങ്ങുന്നതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.