നീനാ, അവൻ നിനക്കു വേണ്ടിത്തന്നെ ജനിച്ചയാളായിരുന്നു, നിന്റെ ആദ്യ പ്രണയം; എന്നിട്ടും ഒരുമിച്ചു ചേരാനായില്ലല്ലോ!

Mail This Article
നീനാ... നിന്നെ കണ്ടപ്പോൾ പണ്ടു കോളജുകാലത്തു വായിച്ച എംടിയുടെ ‘മഞ്ഞ്’ നോവലിലെ വിമലടീച്ചറെ ഓർമിക്കാതിരിക്കാനായില്ല. നിങ്ങൾ കൂട്ടുകാരികളായിരുന്നില്ല, ഒരേ കാലങ്ങളിൽ കണ്ടുമുട്ടിയവരോ കണ്ടുമുട്ടാനുള്ളവരോ ആയിരുന്നില്ല. എങ്കിലും, നിങ്ങൾ രണ്ടുപേരും ഒരേ കാത്തിരിപ്പിന്റെ സങ്കടപര്യായങ്ങൾ പോലെ തോന്നി. കാരണം, വിമലടീച്ചറുടെ കാത്തിരിപ്പിലും നിന്റെ കാത്തിരിക്കാനാരുമില്ലായ്‌മയിലും കരഞ്ഞൊഴുകിയത് ഒരേ കണ്ണുനീരായിരുന്നു... ഏതേതോ ഇടങ്ങളിൽ നിങ്ങൾ രണ്ടുപേരും തേടിയതും തേടാതിരുന്നതും അനുരാഗിയെ മാത്രമായിരുന്നു. വെറുതെയല്ല, നീ വിമലടീച്ചറെ ഓർമിപ്പിച്ചത്. കാരണം, കരച്ചിലും തനിച്ചാകലും ഒരിക്കലും വരാത്ത അനുരാഗിക്കു വേണ്ടിയുള്ള കാത്തിരിക്കലും ഏതു പെണ്ണിനും പകരുന്ന നോവ് ഒരുപോലെയല്ലേ..?
നീന, കൊച്ചിനഗരത്തിരക്കിലെ പരസ്യ കമ്പനിയിൽ ജോലി ചെയ്യുന്നൊരു ആർട്ടിസ്‌റ്റ്. ഏതെങ്കിലും ആൺവലയങ്ങൾക്കുള്ളിലായിരുന്നു എപ്പോഴും നിന്നെ കണ്ടുമുട്ടുക. ആരെയും കൂസാതെ ആഘോഷിച്ചു തിമിർക്കുന്ന രാപ്പകലുകൾ. വിരൽത്തുമ്പിൽ എപ്പോഴുമുണ്ടായിരുന്നു, വിളറിക്കത്തുന്ന സിഗരറ്റ് കുറ്റികൾ. വിനയ് പണിക്കർ നിനക്കു വെറും ബോസ് മാത്രമായിരുന്നില്ല. നിന്നെ ഏറ്റവും നന്നായി മനസ്സിലാക്കുന്നു എന്നു നിനക്കു തന്നെ തോന്നിയ ഈ ഭൂമിയിലെ ആദ്യത്തെ ആൾ, നിന്റെ ആദ്യ പ്രണയം. സത്യത്തിൽ വിനയ് വരുന്നതോടെയാണ് നീന, നിന്നിൽ ഒരു പെൺകുട്ടിയുണ്ടെന്ന് തോന്നിത്തുടങ്ങിയത്. പക്ഷേ വിനയ്, നീ വെറുമൊരു കൂട്ടുകാരി മാത്രമാണെന്നു കല്ലുവച്ച കള്ളം പറഞ്ഞുകൊണ്ടേയിരുന്നു. അയാൾ നിന്നെ പ്രണയിക്കുന്നുണ്ടെന്ന് നീയും ഞങ്ങളെല്ലാവരും തിരിച്ചറിഞ്ഞിട്ടും അയാൾ മാത്രം സമ്മതിച്ചുതരാതെയുമിരുന്നു.
നഗരത്തിൽ നിന്നൊരുപാടു ദൂരെയുള്ള ഡി അഡിക്‌ഷൻ കേന്ദ്രത്തിലേക്കു നിന്നെയും കൊണ്ട് യാത്രയാകുന്ന വിനയനെ ഇന്നും മറന്നിട്ടില്ല. ആ യാത്രയിൽ നീ നിന്റെ സ്വപ്‌നം അയാളോടു പറയുന്നുണ്ട്. അവിടെ ആരാലും തിരിച്ചറിയപ്പെടാതെ നീയും വിനയനും മാത്രമുള്ള കുറെ ദിവസങ്ങൾ... വിശ്വസിക്കാൻ പ്രയാസമായിരുന്നു, നിനക്കൊപ്പമുള്ള ആ ദൂരയാത്രയ്‌ക്കൊടുവിൽ നിന്നെ ഒറ്റയ്ക്കാക്കി അയാൾ തിരികെപ്പോകുമെന്ന്. വിധി അതായിരുന്നിരിക്കാം... നീ പറഞ്ഞതുപോലെ, നിനക്കു വേണ്ടി ജനിച്ച ആളായിരുന്നിട്ടും ഒരുമിച്ചു ചേരാൻ കഴിയാതെ പോയൊരു സങ്കടനിയോഗം.
ഗാനം: തേൻ നിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ..
ചിത്രം: നീന
സംഗീതം: നിഖിൽ.ജെ.മേനോൻ
രചന: ആർ.വേണുഗോപാൽ
ആലാപനം: സച്ചിൻ വാരിയർ
തേൻ നിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ..
ഈ വഴി പോരൂ കാറ്റേ.. വെറുതെ അലയാതെ
ആരും കാണാ തണുവിരലാലെ കനിവോടെ..
നീറും നെഞ്ചിൽ തഴുകാമോ.. അലിവോടെ
ഈ രാവിൽ കൂട്ടായി ഞാനില്ലയോ...
ഞാൻ പാടും താരാട്ടു പാട്ടില്ലയോ
ചിരി തൂകൂ നീ എൻ ജീവനേ...
കിനാപ്പാടമൊന്നായ് പൂക്കില്ലയോ..
നിനക്കായ് പൂമെത്ത നീർത്തില്ലയോ
മിഴിമൂടു നീ ആരോമലേ...
തേൻ നിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ
ഈ വഴി പോരൂ കാറ്റേ.. വെറുതെ അലയാതെ
ആരും കാണാതണുവിരലായ് കനിവോടെ..
നീറും നെഞ്ചിൽ തഴുകാമോ അലിവോടെ..
പകലിന്റെ തൂവെള്ള വിരിനീക്കി ..
അഴകോലും പൂമ്പുള്ളി ചിറകോടെ..
ഉയരൂ നീ എന്നോമലേ...
ഒളിമിന്നി നീളുന്ന പുഴപോലെ..
ഒരു നല്ല പാട്ടിന്റെ ശ്രുതിപോലെ
ഒഴുകൂ നീ പ്രിയതോഴീ ...
തേൻ നിലാ പൂവിന്നുള്ളം കവരും ഇളം കാറ്റേ
ഈ വഴി പോരൂ കാറ്റേ.. വെറുതെ അലയാതെ
ആരും കാണാ തണുവിരലാലെ കനിവോടെ..
നീറും നെഞ്ചിൽ തഴുകാമോ അലിവോടെ..