ADVERTISEMENT

ലോകപ്രശസ്ത റോക്ക് ബാൻഡ് കോൾഡ്പ്ലേയുടെ മുംബൈ പാട്ടുമേളത്തിന് ഇന്ന് തുടക്കമാകും. നവിമുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് പരിപാടി. വേദിയെ തീ പിടിപ്പിക്കാൻ ശനി, ഞായർ, ചൊവ്വ ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ കോൾഡ്പ്ലേ എത്തും. 8 വർഷത്തിനു ശേഷമാണ് ബാൻഡ് ഇന്ത്യയിലെത്തുന്നത്. കേരളത്തിൽ നിന്നുൾപ്പെടെ നിരവധി പേർ സംഘത്തിന്റെ പ്രകടനം കാണാൻ മുംബൈയിൽ എത്തിക്കഴിഞ്ഞു. ആദ്യം ശനി, ഞായർ ദിവസങ്ങളിൽ മാത്രമായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ‌ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുതീർന്നതും ആരാധകരുടെ ആവേശവും കണക്കിലെടുത്ത് ഒരു ദിവസത്തേക്കു കൂടി പരിപാടി നീട്ടുകയായിരുന്നു.

പ്രമുഖർ ഉൾപ്പെടെ പരിപാടിക്കെത്തുന്നതിനാൽ കനത്ത സുരക്ഷാ സംവിധാനമാണ് ഡി.വൈ പാട്ടിൽ സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരിക്കുന്നത്. ബുക്ക് ചെയ്തിരിക്കുന്നവർ ടിക്കറ്റിനൊപ്പം തിരിച്ചറിയൽ രേഖകളും കരുതണമെന്ന നിർദേശമുണ്ട്. കോൾഡ് പ്ലേ സംഗീതപരിപാടിയിൽ പങ്കെടുക്കുന്നതിനായി പ്രത്യേക ട്രെയിൻ സർവീസുകളും ഒരുക്കിയിട്ടുണ്ട്. 3 ദിവസത്തെ പരിപാടികൾക്കായി ഒരു ലക്ഷത്തോളം ആളുകൾ എത്തുമെന്നാണ് കണക്ക്. 

ചില്ലറക്കാരല്ല അവർ!

1996 ലാണ് ക്രിസ് മാർട്ടിനും ജോണി ബക്ലൻഡും ചേർന്ന് ബ്രിട്ടിഷ് റോക്ക് മ്യൂസിക് ബാൻഡ് ആയ കോൾഡ്പ്ലേയ്ക്ക് രൂപം നൽകുന്നത്. പെക്റ്റൊറൽസ് എന്നായിരുന്നു കോൾഡ് പ്ലേയുടെ ആദ്യത്തെ പേര്. തുടർന്ന് ഗയ് ബെറിമാൻ കൂടി ബാൻഡിന്റെ ഭാഗമായതോടെ പേരിൽ മാറ്റം വരുത്താൻ സംഘം തീരുമാനിച്ചു. അങ്ങനെ അവർ സ്റ്റാർഫിഷ് എന്ന പേരിലേക്കു മാറി. വിൽ ചാംപ്യൻ കൂടി ഗായക സംഘത്തിലേക്ക് എത്തിയതോടെ 1998 കോൾഡ് പ്ലേ എന്ന ഔദ്യോഗിക പേരിൽ ബാൻഡ് ആരാധകർക്കിടയിൽ സ്ഥാനം പിടിച്ചു തുടങ്ങി. കോൾഡ് പ്ലേയുടെ 'യെല്ലോ' എന്ന സിംഗിൾ 2000 ത്തിലാണ് പുറത്തിറങ്ങുന്നത്. മികച്ച ഇതര സംഗീത ആൽബത്തിനുള്ള ഗ്രാമി അവാർഡ് നേടിയാണ് 'യെല്ലോ'യും കോൾഡ് പ്ലേയും യാത്ര തുടങ്ങിയത്. പിന്നീടിങ്ങോട്ട് ആൽബങ്ങളുടെയും പുരസ്കാരങ്ങളുടെയും പെരുമഴ! കൊറിയൻ സംഗീത ബാൻഡ് ആയ ബിടിഎസും കോൾഡ്പ്ലേയും കൈകോർത്ത് 2021 ൽ പുറത്തിറങ്ങിയ ‘മൈ യൂണിവേഴ്സ്’ എന്ന ആൽബവും ലോകശ്രദ്ധ നേടിയിരുന്നു.

ബാൻഡ് അംഗങ്ങൾ

സംഘത്തിലെ മുഖ്യ ഗായകൻ ക്രിസ് മാർട്ടിനാണ്. പിയാനോ കീബോർഡ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നതാകട്ടെ ജോണി ബക്ലൻഡും. ബാസ്സ് ഗിറ്റാർ, കോറസ്, കീബോർഡ്, പെർക്കഷൻ തുടങ്ങിയവ ഗയ് ബെറിമാനും ഡ്രം, പിയാനോ, കീബോർഡ്, അക്കൗസ്റ്റിക് ഗിറ്റാർ തുടങ്ങിയവ വിൽ ചാംപ്യനുമാണ് കൈകാര്യം ചെയ്യുന്നത്.

English Summary:

Coldplay Mumbai Concert 2025

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com