‘കണ്ണീരടക്കാനാകുന്നില്ല’; കോൾഡ്പ്ലേയുടെ പാട്ട് കേട്ട് പൊട്ടിക്കരഞ്ഞ് ശ്രേയ ഘോഷാൽ

Mail This Article
ലോകപ്രശസ്ത റോക്ക് ബാൻഡ് കോൾഡ്പ്ലേയുടെ സംഗീതപരിപാടി കണ്ട് സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ് ഗായിക ശ്രേയ ഘോഷാൽ. പിതാവ് ബിശ്വജിത് ഘോഷാലിനും പങ്കാളി ശൈലാദിത്യയ്ക്കുമൊപ്പമാണ് ശ്രേയ പരിപാടി കാണാനെത്തിയത്. കോൾഡ്പ്ലേ മുംബൈയിൽ ഒരുക്കിയ സംഗീതവിരുന്നിന്റെ രണ്ടാം ദിനമായ ഞായറാഴ്ചയായിരുന്നു ശ്രേയ ഘോഷാലും കുടുംബാംഗങ്ങളും ആസ്വാദകരായി എത്തിയത്.
കോൾഡ്പ്ലേയോട് അതിരില്ലാത്ത സ്നേഹം അറിയിക്കുകയാണെന്നും ക്രിസ് മാർട്ടിനും മറ്റ് ബാൻഡ് അംഗങ്ങളും ചേർന്ന് മുംബൈക്ക് ഒരു മാന്ത്രികരാത്രി സമ്മാനിച്ചുവെന്നും ശ്രേയ ഘോഷാൽ പറയുന്നു. 70 കഴിഞ്ഞ തന്റെ പിതാവ് സംഗീത പരിപാടി ഏറെ ആസ്വദിച്ചെന്നും തനിക്ക് കണ്ണീരടക്കാനാകുന്നില്ലെന്നും ശ്രേയ പ്രതികരിച്ചു.
ശനിയാഴ്ചയാണ് കോൾഡ്പ്ലേയുടെ സംഗീതനിശയ്ക്ക് മുംബൈയിൽ തുടക്കമായത്. നവിമുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലായിരുന്നു പാട്ടുമേളം. ഞായറാഴ്ചയും പരിപാടി തുടർന്നു. ആഘോഷ രാവിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അര ലക്ഷത്തോളം സംഗീത പ്രേമികൾ ഒഴുകിയെത്തി. ഇനി ചൊവ്വാഴ്ചയാണ് പാട്ടുമായി കോൾഡ്പ്ലേ വേദിയിലെത്തുക.