‘പിള്ളേർക്ക് സർപ്രൈസ് കൊടുക്കാൻ കളിച്ചതാ, ഇത്ര ഹിറ്റാകുമെന്ന് കരുതിയില്ല’; നാഗവല്ലിയായി വൈറലായ അധ്യാപിക പറയുന്നു

Mail This Article
മണിച്ചിത്രത്താഴ് എന്ന സിനിമയിലെ പ്രശസ്തമായ ഒരു മുറൈ വന്തു പാർത്തായ എന്ന ഗാനത്തിനു ചുവടു വച്ച് വൈറലായി കോട്ടയം മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ. സ്കൂൾ വാർഷികത്തിൽ വിദ്യാർഥികൾക്ക് സർപ്രൈസ് നൽകാൻ അധ്യാപകർ ചേർന്നൊരുക്കിയ നൃത്തത്തിന്റെ ഒരു ഭാഗമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. തിങ്ങി നിറഞ്ഞിരിക്കുന്ന വിദ്യാർഥികൾക്കിടയിലൂടെ ‘നാഗവല്ലി’ ആയി നൃത്തം ചെയ്ത് കടന്നു വന്ന അധ്യാപികയെ ‘രാമനാഥൻ’ ആയി എത്തിയ അധ്യാപകൻ വേദിയിലേക്ക് ആനയിക്കുന്ന നൃത്തഭാഗമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. അധ്യാപകരെല്ലാവരും കൂടി അവതരിപ്പിച്ച സംഘനൃത്തത്തിന്റെ ഓപ്പണിങ് സീൻ ആയാണ് ‘നാഗവല്ലി’യെ അവതരിപ്പിച്ചത്. ഗംഭീര കയ്യടികളോടെയാണ് വിദ്യാർഥികൾ അധ്യാപകരുടെ കലാവിരുന്നിനെ സ്വീകരിച്ചത്.
മണർകാട് സെന്റ് മേരീസ് സ്കൂളിലെ മലയാളം അധ്യാപികയായ സ്മിജ.എസും ഗസ്റ്റ് അധ്യാപകനായ ജോസ് വിൻസുമാണ് വൈറൽ വിഡിയോയിലെ താരങ്ങൾ. ജോസ് വിൻസാണ് സ്കൂളിലെ പരിപാടിയുടെ ഒരു ഭാഗം സ്വന്തം പേജിൽ പങ്കുവച്ചത്. വിഡിയോ വൈറലായതോടെ അധ്യാപകർക്ക് അഭിനന്ദനപ്രവാഹമാണ്.
അപ്രതീക്ഷിതമായ വിഡിയോ ഹിറ്റ് അടിച്ചതിന്റെ അമ്പരപ്പിലാണ് അധ്യാപികയായ സ്മിജ. "വെറുതെ പിള്ളേരെ ഒന്ന് എന്റർടെയ്ൻ ചെയ്യിപ്പിക്കാമെന്നു കരുതി ചാടി ഇറങ്ങിയതായിരുന്നു. ഇങ്ങനെ ഹിറ്റാകുമെന്ന് കരുതിയില്ല. ഇത്തവണ സ്കൂളിൽ നിന്ന് നാല് അധ്യാപകർ വിരമിക്കുന്നുണ്ട്. ഞങ്ങളുടെ ഹയർ സെക്കൻഡറി തുടങ്ങിയ കാലം മുതലുള്ള അധ്യാപകരാണ്. അവർ ഞങ്ങൾക്ക് അത്രയും പ്രിയപ്പെട്ടവരാണ്. ഞങ്ങളുടെ സ്കൂളിന്റെ സ്വന്തം! അവർക്ക് സ്പെഷലായി എന്തെങ്കിലും ചെയ്യണമല്ലോ എന്ന ആലോചനയിലാണ് അധ്യാപകരുടെ ഒരു പെർഫോമൻസ് എന്ന ആശയം വന്നത്," സ്മിജ മനോരമ ഓൺലൈനോടു പറഞ്ഞു.
"അധ്യാപകരുടെ പെർഫോമൻസിലേക്കു പിള്ളേരുടെ ശ്രദ്ധ കൊണ്ടു വരാൻ വേണ്ടി ഒരു സ്പെഷൽ എൻട്രി നടത്തിയതാണ്. നാഗവല്ലി എന്ന ആശയം മുന്നോട്ടു വച്ചത് ജോസ് സർ ആയിരുന്നു. എത്രത്തോളം വിജയിക്കും എന്നൊന്നും അറിയില്ലായിരുന്നു. കുട്ടികളുടെ ഇടയിൽ നിന്നു കളിച്ചു വരുന്ന തരത്തിലായിരുന്നു പ്ലാൻ ചെയ്തത്. പക്ഷേ, സർപ്രൈസ് ആയതുകൊണ്ട് നേരത്തെ കുട്ടികളുടെ കസേരകൾക്കിടയിൽ ഡാൻസ് ചെയ്യാനുള്ള ഗ്യാപ്പ് ഇടാനും പറ്റിയില്ല. അവസാനം, രണ്ടു മൂന്നു കസേരകൾ പെട്ടെന്നു മാറ്റിയാണ് ഡാൻസ് ചെയ്യാനുള്ള സ്ഥലം ഉണ്ടാക്കിയത്," സ്മിജ പറയുന്നു.
"എല്ലാവർക്കും സർപ്രൈസ് ആയതിനാൽ ഡാൻസിന്റെ തുടക്കം ഒന്നും ആരും ഷൂട്ട് ചെയ്തില്ല. അവസാനത്തെ കുറച്ചു ഭാഗം മാത്രമാണ് വിഡിയോ എടുത്തത്. അതു വൈറലാവുകയും ചെയ്തു. ഞാൻ ഡാൻസ് കളിച്ച് സ്റ്റേജിൽ കയറിച്ചെന്ന് എല്ലാവരും കൂടി ഒരു പെർഫോമൻസ് ഉണ്ട്. ആദ്യം മൂന്നു പേരും പിന്നെ പത്ത് അധ്യാപകരും ചേർന്നുമാണ് പെർഫോമൻസ്. ജോസ് സാറാണ് വിഡിയോ പോസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു പരിപാടി. അടുത്ത ദിവസം ആയപ്പോഴേക്കും ഒരുപാടു കാഴ്ചക്കാരായി. ദൈവമേ, കയ്യിൽ നിന്നു പോയല്ലോ എന്ന ഫീലായിരുന്നു എനിക്ക്. ആരും ഇത്രയും പ്രതീക്ഷിച്ചില്ല. കുട്ടികൾ കട്ട സപ്പോർട്ടാണ്. അവരാണ് ഞങ്ങളെക്കാൾ ഹാപ്പി," സ്മിജയുടെ വാക്കുകളിൽ ആവേശത്തിളക്കം.