‘എല്ലാത്തിനും നന്ദി, ഇത് ഞങ്ങളുടെ സ്വപ്നസാഫല്യം’, വൈകാരികമായി പ്രതികരിച്ച് കോൾഡ്പ്ലേ

Mail This Article
ലോകപ്രശസ്ത റോക്ക് ബാൻഡ് കോൾഡ്പ്ലേയുടെ മുംബൈയിലെ പാട്ടുമേളം സമാപിച്ചു. ശനി, ഞായർ, ചൊവ്വ ദിവസങ്ങളിലായി നവിമുംബൈയിലെ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിലായിരുന്നു സംഘത്തിന്റെ സംഗീതപരിപാടി. ഗുജറാത്തിലെ അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തിൽ 25, 26 തീയതികളിലാണ് ബാൻഡിന്റെ അടുത്ത പരിപാടി നടക്കുക.
മുംബൈയിലെ സംഗീതനിശ തങ്ങളുടെ ഹൃദയം നിറച്ചെന്നും ആ അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും കോൾഡ്പ്ലേ പ്രതികരിച്ചു. ‘പ്രിയപ്പെട്ട മുംബൈ, ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നു നന്ദി. ഈ മനോഹര നഗരത്തിൽ മൂന്ന് ദിവസങ്ങളിലായി ഞങ്ങൾ സംഗീതപരിപാടി അവതരിപ്പിച്ചു. ഞങ്ങളെ സംബന്ധിച്ച് ഇതൊരു സ്വപ്നസാക്ഷാത്കാരമായിരുന്നു. നിങ്ങളെ ഞങ്ങളൊരിക്കലും മറക്കില്ല. ഇനിയും ഈ നഗരത്തിലേക്കു മടങ്ങിവരുമെന്ന് ഉറപ്പ് നൽകുന്നു’, കോൾഡ്പ്ലേ പറഞ്ഞു.
8 വർഷത്തിനു ശേഷമാണ് കോൾഡ്പ്ല ഇന്ത്യയിലെത്തുന്നത്. കേരളത്തിൽ നിന്നുൾപ്പെടെ നിരവധി പേർ സംഘത്തിന്റെ പ്രകടനം കാണാൻ മുംബൈയിൽ എത്തിയിരുന്നു. ആദ്യം ശനി, ഞായർ ദിവസങ്ങളിൽ മാത്രമായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാൽ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റുതീർന്നതും ആരാധകരുടെ ആവേശവും കണക്കിലെടുത്ത് ഒരു ദിവസത്തേക്കു കൂടി പരിപാടി നീട്ടുകയായിരുന്നു...
കോൾഡ്പ്ലേ
1996 ലാണ് ക്രിസ് മാർട്ടിനും ജോണി ബക്ലൻഡും ചേർന്ന് ബ്രിട്ടിഷ് റോക്ക് മ്യൂസിക് ബാൻഡ് ആയ കോൾഡ്പ്ലേയ്ക്ക് രൂപം നൽകുന്നത്. പെക്റ്റൊറൽസ് എന്നായിരുന്നു കോൾഡ് പ്ലേയുടെ ആദ്യത്തെ പേര്. തുടർന്ന് ഗയ് ബെറിമാൻ കൂടി ബാൻഡിന്റെ ഭാഗമായതോടെ പേരിൽ മാറ്റം വരുത്താൻ സംഘം തീരുമാനിച്ചു. അങ്ങനെ അവർ സ്റ്റാർഫിഷ് എന്ന പേരിലേക്കു മാറി. വിൽ ചാംപ്യൻ കൂടി ഗായക സംഘത്തിലേക്ക് എത്തിയതോടെ 1998 കോൾഡ് പ്ലേ എന്ന ഔദ്യോഗിക പേരിൽ ബാൻഡ് ആരാധകർക്കിടയിൽ സ്ഥാനം പിടിച്ചു തുടങ്ങി. കോൾഡ് പ്ലേയുടെ 'യെല്ലോ' എന്ന സിംഗിൾ 2000 ത്തിലാണ് പുറത്തിറങ്ങുന്നത്. മികച്ച ഇതര സംഗീത ആൽബത്തിനുള്ള ഗ്രാമി അവാർഡ് നേടിയാണ് 'യെല്ലോ'യും കോൾഡ് പ്ലേയും യാത്ര തുടങ്ങിയത്. പിന്നീടിങ്ങോട്ട് ആൽബങ്ങളുടെയും പുരസ്കാരങ്ങളുടെയും പെരുമഴ! കൊറിയൻ സംഗീത ബാൻഡ് ആയ ബിടിഎസും കോൾഡ്പ്ലേയും കൈകോർത്ത് 2021 ൽ പുറത്തിറങ്ങിയ ‘മൈ യൂണിവേഴ്സ്’ എന്ന ആൽബവും ലോകശ്രദ്ധ നേടിയിരുന്നു.
ബാൻഡ് അംഗങ്ങൾ
സംഘത്തിലെ മുഖ്യ ഗായകൻ ക്രിസ് മാർട്ടിനാണ്. പിയാനോ കീബോർഡ് തുടങ്ങിയവ കൈകാര്യം ചെയ്യുന്നതാകട്ടെ ജോണി ബക്ലൻഡും. ബാസ്സ് ഗിറ്റാർ, കോറസ്, കീബോർഡ്, പെർക്കഷൻ തുടങ്ങിയവ ഗയ് ബെറിമാനും ഡ്രം, പിയാനോ, കീബോർഡ്, അക്കൗസ്റ്റിക് ഗിറ്റാർ തുടങ്ങിയവ വിൽ ചാംപ്യനുമാണ് കൈകാര്യം ചെയ്യുന്നത്.