വിവാഹമോചന വാർത്തകളുടെ മുന ഒടിച്ച് ഹെയ്‌ലി; വീണ്ടും ചർച്ചയായി ബീബറിന്റെ ദാമ്പത്യം

Mail This Article
വിവാഹമോചനം സംബന്ധിച്ച് അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ ജസ്റ്റിൻ ബീബറിന്റെ ചിത്രം പങ്കുവച്ച് പങ്കാളി ഹെയ്‌ലി ബാൾഡ്‌വിൻ. ഇരുവരും അവധി ആഘോഷത്തിനു പോയപ്പോൾ എടുത്ത ചിത്രമാണിത്. ഹെയ്‌ലി പങ്കിട്ട ചിത്രം ചുരുങ്ങിയ സമയത്തിനകം ചർച്ചയാവുകയും ചെയ്തു. വിവാഹമോചന വാർത്തകളുടെ മുന ഒടിക്കുകയാണ് ഹെയ്‌ലിയുടെ പോസ്റ്റ്. ഇതോടെ ബീബറും ഹെയ്‌ലിയും വേർപിരിയുകയാണെന്ന വിവരം അടിസ്ഥാനരഹിതമാണെന്ന വിലയിരുത്തലിലേക്ക് ചർച്ചകൾ നീങ്ങി.
ഇക്കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ജസ്റ്റിൻ ബീബർ, ഹെയ്‌ലിയെ അൺഫോളോ ചെയ്തത്. ഇതോടെ ഇരുവരും വേർപിരിയുകയാണെന്ന തരത്തിൽ പലവിധ ചർച്ചകളും ഉടലെടുത്തു. അതേസമയം, തന്റെ അക്കൗണ്ടിൽ കയറി മറ്റാരോ ഹെയ്‌ലിയെ അൺഫോളോ ചെയ്തതാണ് എന്ന വിശദീകരണവുമായി ബീബർ രംഗത്തെത്തുകയും ചെയ്തു. എന്നാൽ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങളോട് ഇരുവരും പ്രതികരിച്ചതുമില്ല.
ജസ്റ്റിൻ ബീബറും ഹെയ്‌ലിയും തമ്മിലുള്ള ബന്ധം തകർച്ചയുടെ വക്കിലാണെന്ന തരത്തിൽ മുൻപ് പല തവണ റിപ്പോർട്ടുകൾ വന്നിരുന്നു. ബീബറിന്റെ പക്വതയില്ലാത്ത പെരുമാറ്റവും കുട്ടിത്തം നിറഞ്ഞ പ്രവൃത്തികളുമെല്ലാം ഹെയ്‌ലിയെ നിരാശയിലേക്കെത്തിച്ചുവെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങൾ അറിയിക്കുകയും ചെയ്തു. വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് മുൻപ് ബീബറും ഹെയ്‌ലിയും പൊതു ഇടങ്ങളിൽ തുറന്നു പറഞ്ഞത് ചർച്ചയായിരുന്നു.
2018ലാണ് ജസ്റ്റിന്‍ ബീബറും ഹെയ്‌ലി ബാൾഡ്‌വിനും വിവാഹിതരായത്. അതീവരഹസ്യമായിട്ടായിരുന്നു വിവാഹം. 2024 ഓഗസ്റ്റിൽ ഇരുവർക്കും ആദ്യകൺമണി പിറന്നു. ‘ജാക്ക് ബ്ലൂസ് ബീബർ എന്നാണ് ദമ്പതികൾ മകനു പേര് നൽകിയിരിക്കുന്നത്. ജീവിതത്തിലെ പ്രധാനവിശേഷങ്ങളെല്ലാം താരദമ്പതികൾ ആരാധകരുമായി പങ്കുവയ്ക്കുന്നതു പതിവാണ്.