‘മക്കൾക്കു വേണ്ടി സമയം മാറ്റിവയ്ക്കാനായില്ല, മകളുടെ മരണം തിരിച്ചറിവുകൾ നൽകി’; നെഞ്ചുലഞ്ഞ് ഇളയരാജ

Mail This Article
മകൾ ഭവതാരിണിയുടെ ഒന്നാം ഓർമദിനത്തിൽ വികാരാധീനനായി പ്രതികരിച്ച് സംഗീതജ്ഞൻ ഇളയരാജ. മകളുടെ വേർപാട് ഇപ്പോഴും തന്നെ വേദനിപ്പിക്കുന്നുവെന്നും ആ വിയോഗത്തിനു ശേഷമാണ് താൻ മകളുടെ സ്നേഹം തിരിച്ചറിഞ്ഞതെന്നും ഇളയരാജ പറഞ്ഞു. മുഴുവൻ സമയം സംഗീതത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടുതന്നെ മക്കൾക്കു വേണ്ടി സമയം മാറ്റിവയ്ക്കാൻ തനിക്കായില്ലെന്നും അദ്ദേഹം ദുഃഖത്തോടെ കൂട്ടിച്ചേർത്തു.
‘എന്റെ പ്രിയ പുത്രി ഭവത ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ആ വേർപാട് ഇപ്പോഴും എന്റെ നെഞ്ചിൽ ഭാരമുള്ള ഒരു വേദനയായിത്തന്നെ നിലനിൽക്കുന്നു. അവൾ അപാരമായ സ്നേഹത്തിന്റെ പ്രതിരൂപമായിരുന്നു. അവളെ നഷ്ടപ്പെട്ടതിനു ശേഷമാണ് ഞാനത് തിരിച്ചറിഞ്ഞത്. ഞാൻ എന്റെ സമയം മുഴുവൻ സംഗീതത്തിനു വേണ്ടിയാണ് മാറ്റിവച്ചത്. എപ്പോഴും സംഗീതത്തിൽ മാത്രമായിരുന്നു ശ്രദ്ധ. എന്റെ മക്കൾക്കൊപ്പം സമയം ചെലവഴിക്കാൻ സാധിക്കാതെ പോയതിൽ ഞാനിന്ന് ദുഃഖിക്കുന്നു.
അസംഖ്യം ആളുകൾക്ക് ആശ്വാസം പകരുന്ന സംഗീതം ഈ പ്രയാസകരമായ സമയത്ത് എനിക്ക് ഒരു ചെറിയ ആശ്വാസം നൽകുന്നുണ്ട്. എന്റെ മകളുടെ ജന്മദിനമാണ് ഫെബ്രുവരി 12ന്. അന്നേ ദിവസം അവളുടെ പേരിൽ ഒരു അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. അത് എന്റെ മകൾക്കുള്ള ആദരമാണ്. എന്റെ സഹപ്രവർത്തകരെയും സുഹൃത്തുക്കളെയുമെല്ലാം ആ പരിപാടിയിലേക്കു ഞാൻ ക്ഷണിക്കുന്നു. എന്റെ മകളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നു ഞാൻ പ്രാർഥിക്കുകയാണ്’, ഇളയരാജ പറഞ്ഞു.
അര്‍ബുദരോഗബാധയെ തുടര്‍ന്നു ശ്രീലങ്കയില്‍ ചികിത്സയിലിരിക്കെ 47ാം വയസ്സിലാണ് ഭവതാരിണി വിടവാങ്ങിയത്. ഗായികയുടെ വേർപാട് സംഗീതലോകത്തെ ഏറെ വേദനിപ്പിച്ചു. 1976ൽ ചെന്നൈയിൽ ജനിച്ച ഭവതാരിണി ബാല്യകാലത്തു തന്നെ ശാസ്ത്രീയ സംഗീതത്തിൽ പരിശീലനം നേടിയിരുന്നു. ‘രാസയ്യ’ എന്ന ചിത്രത്തില്‍ ഇളയരാജയുടെ സംഗീതത്തില്‍ പാടിയാണു ഭവതാരിണി പിന്നണി ഗാനരംഗത്തു ചുവടുവച്ചത്. 2002ല്‍ രേവതി സംവിധാനം ചെയ്ത ‘മിത്ര്, മൈ ഫ്രണ്ട്’ എന്ന ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. തുടര്‍ന്ന് ‘ഫിര്‍ മിലേംഗെ’ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്കു സംഗീതം നല്‍കി.
മലയാളത്തില്‍ കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലെ ‘കല്യാണപല്ലക്കില്‍ വേളിപ്പയ്യന്‍’, പൊന്മുടി പുഴയോരത്തിലെ ‘നാദസ്വരം കേട്ടോ’ എന്നീ ഗാനങ്ങള്‍ ആലപിച്ചതു ഭവതാരിണിയാണ്. 2000ല്‍ ‘ഭാരതി’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സംഗീതത്തില്‍ പാടിയ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിനു മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. മലയാളചിത്രമായ ‘മായാനദി’ ആണ് അവസാന ചിത്രം.