ഭക്തിയുടെ നേർക്കാഴ്ചയായി ‘മറിയമേ ദൈവമാതാവേ സ്വസ്തി’; പുത്തൻ പള്ളിക്കായി ശതാബ്ദി ഗീതമൊരുക്കി ഔസേപ്പച്ചൻ

Mail This Article
തൃശൂര്‍ നഗരത്തിലെ പുരാതന ദേവാലയങ്ങളില്‍ ഒന്നായ വ്യാകുലമാതാവിന്‍ ബസിലിക്ക പള്ളിക്കായി ശതാബ്ദി ഗീതമൊരുക്കി സംഗീതസംവിധായകൻ ഔസേപ്പച്ചൻ. ‘മറിയമേ ദൈവമാതാവേ സ്വസ്തി’ എന്നു തുടങ്ങുന്ന ഗാനമാണ് പള്ളിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയത്.
പുത്തൻ പള്ളി അങ്കണത്തിൽ വച്ച് ബിഷപ്പ് മാർ ടോണി നീലങ്കാവിലാണ് ഗാനം റിലീസ് ചെയ്തത്. റോസി തമ്പിയുടെതാണു വരികൾ. അമൽ ആന്റണി ഗാനം ആലപിച്ചിരിക്കുന്നു. മ്യൂസിക് വിഡിയോയിൽ ഔസേപ്പച്ചന്റെ കൊച്ചുമകൾ താഷാ അരുണും പാടി അഭിനയിച്ചിട്ടുണ്ട്. മനോരമ മ്യൂസിക് പുറത്തിറക്കിയിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണു ലഭിക്കുന്നത്.

ഔസേപ്പച്ചന്റെ കയ്യൊപ്പ് പതിഞ്ഞ ഗാനം വിശ്വാസികൾക്കു വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. ഔസേപ്പച്ചന്റെ വയലിൻ സോളോയിലൂടെ ആരംഭിക്കുന്ന ഗാനം പാശ്ചാത്യ ക്രിസ്ത്യൻ ക്വയർ ഗീതങ്ങളുടെയും ഇന്ത്യൻ സംഗീതത്തിന്റെയും സമന്വയമാണ് ആസ്വാദകർക്കു സമ്മാനിക്കുന്നത്. ‘ശക്തന്റെ നാട്ടിലെ ശക്തിസ്വരൂപിണി, തൃശ്ശൂരിൻ അമ്മയെ വ്യാകുലാംബേ’ എന്ന വരികളിൽ ദേവാലയത്തിന്റെ ജനകീയതയാണ് അടയാളപ്പെടുത്തുന്നത്.
അലൻ ജോസഫ് സിബി സംവിധാനം ചെയ്ത വിഡിയോയ്ക്കായി ക്യാമറ നിർവഹിച്ചിരിക്കുന്നത് ഹരി മുരളിയാണ്. സച്ചിൻ സത്യയാണ് എഡിറ്റർ. പുത്തൻ പള്ളി ട്രസ്റ്റി ജോൺ വേലൂക്കാരനായിരുന്നു പ്രോജക്ട് കോഓർഡിനേറ്റർ. തൃശൂരിന്റെ സാംസ്കാരിക അടയാളങ്ങളിലൊന്നായ വ്യാകുലമാതാവിന്‍ ബസിലിക്ക, ‘പുത്തൻ പള്ളി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ജാതിമതഭേദമന്യേ ജനങ്ങൾ ഒഴുകിയെത്തുന്ന ഈ ദേവാലയത്തിന്റെ പഴമയും ഗരിമയും അടയാളപ്പെടുത്തുന്നതാണ് ശതാബ്ദി ഗീതം.