‘പ്രിയനുമാത്രം ഞാൻ...’; 16 വർഷങ്ങൾക്കിപ്പുറം അതേ വസ്ത്രം ധരിച്ച് സംവൃത സുനിൽ, അതിശയിച്ച് ആരാധകർ

Mail This Article
2009ൽ പുറത്തിറങ്ങിയ ‘റോബിൻഹുഡ്’ എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ ഉപയോഗിച്ച വസ്ത്രം വീണ്ടും ധരിക്കാൻ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടി സംവൃത സുനിൽ. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പമുള്ള ‘പ്രിയനുമാത്രം ഞാൻ’ എന്ന പ്രണയഗാനത്തിൽ സംവൃത ധരിച്ച റ്റർറ്റൽ നെക്ക് ടോപ് അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അതേ വസ്ത്രമാണ് ഇപ്പോൾ നടി വീണ്ടും ധരിച്ചത്.
പ്രിയനുമാത്രം ഞാൻ എന്ന ഗാനചിത്രീകരണത്തിനു വേണ്ടി താൻ ധരിച്ച വസ്ത്രം 16 വർഷങ്ങൾക്കിപ്പുറം വീണ്ടും ഉപയോഗിക്കാൻ സാധിച്ചെന്നു പറഞ്ഞ് സംവൃത ചിത്രങ്ങൾ പങ്കുവച്ചു. ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും സംവൃതയ്ക്കു യാതൊരുവിധ മാറ്റങ്ങളും വന്നിട്ടില്ലേയെന്നു ചോദിച്ച് ആരാധകർ അദ്ഭുതപ്പെടുകയാണ്.
2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്ത് അരങ്ങേറിയ താരമാണ് സംവൃത സുനിൽ. പിന്നീട് നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. 2012 ൽ അഖിൽ രാജുമായുള്ള വിവാഹത്തെത്തുടർന്ന് നടി അഭിനയത്തിൽ ഇടവേളയെടുത്തു. ഇന്ന് രണ്ട് മക്കളുടെ അമ്മ കൂടിയാണ് സംവൃത. നോർത്ത് കലിഫോർണിയയിലാണു താമസം.