‘ചേട്ടാ, നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന് അമ്മ നിങ്ങളെ നോക്കുന്നുണ്ടാകും’; ഗോപി സുന്ദറിനെ ആശ്വസിപ്പിച്ച് അഭിരാമി

Mail This Article
സംഗീതസംവിധായകൻ ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ അപ്രതീക്ഷിത വേർപാടിൽ ദുഃഖം രേഖപ്പെടുത്തി ഗായിക അഭിരാമി സുരേഷ്. ചില നഷ്ടങ്ങൾ വാക്കുകൾക്ക് അതീതമാണെന്നും ഏറ്റവും പ്രിയപ്പെട്ട ഒരാളാണു വിടപറഞ്ഞതെന്നും അഭിരാമി പറഞ്ഞു. അന്തരിച്ച തന്റെ പിതാവിനെക്കൂടി അനുസ്മരിച്ചുകൊണ്ടാണ് അഭിരാമി സുരേഷിന്റെ സമൂഹമാധ്യമ കുറിപ്പ്.
‘ചില നഷ്ടങ്ങള്‍ വാക്കുകള്‍ക്ക് അതീതമാണ്. നമ്മള്‍ എത്ര പരിശ്രമിച്ചാലും ആ വേദനയുടെ ആഴം പറഞ്ഞറിയിക്കാനാകില്ല. ലിവി അമ്മയുടെ വിയോഗ വാർത്ത കേട്ടാണ് കഴിഞ്ഞ ദിവസം ഞാൻ ഉണർന്നത്. ഞങ്ങളുടെ പഴയ ചാറ്റുകളിലൂടെ കണ്ണോടിക്കവെ ഒരു ചിത്രം കണ്ടു. അത് എന്നെ കൂടുതല്‍ ദുഃഖിതയാക്കി. ആ ചിത്രത്തില്‍ എനിക്ക് നഷ്ടപ്പെട്ട രണ്ട് മനോഹരമായ ആത്മാക്കളെ ഞാന്‍ കണ്ടു. എന്റെ അച്ഛനും ലിവി അമ്മയും. ഈ ദുഃഖം വാക്കുകളിലൂടെ എങ്ങനെ പറഞ്ഞറിയിക്കാനാകും എന്ന് എനിക്ക് അറിയില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നത് നമ്മുടെ ഒരു ഭാഗം നഷ്ടപ്പെടുന്നത് പോലെയാണ്, ഇനിയൊരിക്കലും തിരിച്ചുവരാത്ത ഒരുഭാഗം. എന്നാല്‍ മറ്റൊരു തരത്തില്‍ ചിന്തിക്കുമ്പോള്‍, അവര്‍ ഇപ്പോള്‍ പ്രകൃതിയുടെ ഭാഗമായി മാറി കാവല്‍മാലാഖമാരെ പോലെ നമ്മെ നോക്കുന്നുണ്ടെന്നും ഇത് ഓര്‍മിപ്പിക്കുന്നു. ഈ നഷ്ടത്തിന്റെ വേദന താങ്ങാന്‍ ചേട്ടനും അച്ഛനും ശക്തിയുണ്ടാകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. ലിവി അമ്മ ഇപ്പോള്‍ നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന് നിങ്ങളെ നോക്കുന്നുണ്ടാകും’, അഭിരാമി കുറിച്ചു.
തൃശൂരിലായിരുന്നു ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബുവിന്റെ (65) അന്ത്യം. ഗോപി തന്നെയാണ് അമ്മയുടെ വിയോഗവാർത്ത ഔദ്യോഗികമായി അറിയിച്ചത്. അമ്മ എങ്ങും പോയിട്ടില്ലെന്നും എപ്പോഴും തനിക്കൊപ്പമുണ്ടായിരിക്കുമെന്നും അദ്ദേഹം നൊമ്പരത്തോടെ പ്രതികരിച്ചു. വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെ വടൂക്കര ശ്മശാനത്തിൽ ലിവിയുടെ സംസ്കാര ചടങ്ങുകൾ നടന്നു.