‘ഇതൊക്കെ ആരാധകരുടെ ഓരോ ഭ്രാന്തുകൾ, ഞാൻ തികച്ചും മാന്യൻ’; ചുംബനവിവാദത്തിൽ ഉദിത് നാരായൺ

Mail This Article
ലൈവ് സംഗീതപരിപാടിക്കിടെ സെൽഫിയെടുക്കാനെത്തിയ ആരാധികമാരെ ചുംബിച്ച് വിവാദത്തിലായതോടെ വിശദീകരണവുമായി ഗായകൻ ഉദിത് നാരായൺ. ഗായകർ മാന്യതയോടെ പെരുമാറുന്ന ആളുകളാണെന്നും ആരാധകരുടെ സ്നേഹപ്രകടനത്തെ പെരുപ്പിച്ചു കാണിക്കേണ്ട ആവശ്യമില്ലെന്നും ചിലപ്പോൾ അവർ ഉന്മാദികളെപ്പോലെയാണ് പെരുമാറുന്നതെന്നും ഉദിത് പ്രതികരിച്ചു.
‘ആരാധകർ ചിലപ്പോൾ ഉന്മാദികളെപ്പോലെയാണ്. അത് തികച്ചും സ്വഭാവികം മാത്രം. എന്നാൽ ഗായകർ അത്തരം മനുഷ്യരല്ല. ഞങ്ങൾ മാന്യന്മാർ ആണ്. ഇത്തരം ചില സ്നേഹപ്രകടനങ്ങൾ, ചുംബനം ഉൾപ്പെടെയുള്ളവ പ്രോത്സാഹിപ്പിക്കാറുണ്ട്. ആരാധകർ അങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കുന്നത്. അതിന്റെ പേരില്‍ ഇത്രവലിയ വിവാദം ഉണ്ടാക്കുന്നതില്‍ എന്ത് അർഥമാണുള്ളത്? സദസ്സില്‍ ഒരുപാട് ആളുകളുണ്ടാവും, ഞങ്ങള്‍ക്കൊപ്പം സുരക്ഷാജീവനക്കാരും ഉണ്ടാകും. അതിനിടയിൽ വീണുകിട്ടുന്ന ഇത്തരം നിമിഷങ്ങൾ ആരാധകർ അവരുടേതായ രീതിയിൽ ആഘോഷിക്കുന്നതിൽ എന്താണ് തെറ്റ്?
ഇത്തരം ലൈവ് വേദികളിൽ മാത്രമാണ് ആരാധകർക്ക് ഞങ്ങളെ അടുത്ത് കാണാനുള്ള അവസരം ലഭിക്കുക. ആരാധനയുടെയും ആഘോഷത്തിന്റെയും ഉന്മാദാവസ്ഥയിലായിരിക്കും അവർ. ആരാധിക്കുന്നയാളെ കാണാനും സ്പർശിക്കാനുമൊക്കെ അവർ ആഗ്രഹിക്കും. ചിലര്‍ക്ക് ഒന്ന് തൊട്ടാല്‍ മതി, ചിലര്‍ കൈയില്‍ ചുംബിക്കും, അവസരം കിട്ടിയാല്‍ ചിലര്‍ കെട്ടിപ്പിടിക്കും ഉമ്മവയ്ക്കും. ഇതൊക്കെ ആരാധകരുടെ ഓരോതരം ഭ്രാന്തുകളാണ്. അതിനൊന്നും ഇത്രയും ശ്രദ്ധ കൊടുക്കേണ്ട ആവശ്യമില്ല’, ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഉദിത് പറഞ്ഞു.
അതേസമയം, ചുംബനരംഗങ്ങൾ പ്രചരിച്ചതോടെ ഉദിത് നാരായണിനെതിരെ വ്യാപകമായി വിമർശനങ്ങളും ഉയരുകയാണ്. ഗായകനിൽ നിന്നും ഇത്തരത്തിലുള്ള ഒരു പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്നും പൊതു ഇടത്തിൽ പരിപാടി അവതരിപ്പിക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യമര്യാദ പോലും ഗായകന്‍ കാണിച്ചില്ലെന്നും സഭ്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന സമീപനമാണുണ്ടായതെന്നും പലരും കുറ്റപ്പെടുത്തി. സംഭവത്തിൽ ഉദിത് നാരായൺ മാപ്പ് പറയണമെന്നും അല്ലാതെ സ്വന്തം പ്രവൃത്തിയെ ന്യായീകരിക്കുകയല്ല വേണ്ടതെന്നും വിമർശകർ പറയുന്നു.