അനുവാദമില്ലാതെ ചുംബിച്ചു, സ്തബ്ധരായി ശ്രേയ ഘോഷാലും അൽക്കയും; ഉദിത് നാരായണിനെതിരെ വിമർശനം ശക്തം

Mail This Article
ലൈവ് സംഗീതപരിപാടിക്കിടെ സെൽഫിയെടുക്കാനെത്തിയ സ്ത്രീകളെ ചുംബിച്ച ഉദിത് നാരായണെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെ ഗായകന്റെ ചില പഴയ വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. പ്രമുഖ ഗായകരെ ഉൾപ്പെടെ അനുവാദം കൂടാതെ ചുംബിക്കുന്ന ഉദിത്തിന്റെ ദൃശ്യങ്ങളാണിവ. ഗായകന്റെ അപ്രതീക്ഷിത സമീപനത്തിൽ അവർ സ്തബ്ധരാകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതോടെ ഉദിത് നാരായണിനെതിരെ വിമർശനങ്ങൾ കടുത്തു.
മുൻനിരഗായികമാരായ ശ്രേയ ഘോഷാൽ, അൽക്ക യാഗ്നിക്, നടി കരിഷ്മ കപൂർ തുടങ്ങിയവരെ ഉദിത് നാരായണ്‍ ചുംബിക്കുന്ന രംഗങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംഗീത റിയാലിറ്റി ഷോയ്ക്കിടെയായിരുന്നു ഉദിത്, അൽക്കയെ ചുംബിച്ചത്. മറ്റൊരു പരിപാടിക്കിടെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയ ശ്രേയ ഘോഷാലിനെയും ഉദിത് ചുംബിച്ചു. ഗായകന്റെ അപ്രതീക്ഷിത പെരുമാറ്റത്തിൽ അസ്വസ്ഥതരാകുന്ന ശ്രേയയെയും അൽക്കയെയും ദൃശ്യങ്ങളിൽ കാണാനാകും.
അതേസമയം, ആരാധികമാരെ ചുംബിച്ച വിഷയത്തിൽ വിശദീകരണവുമായി ഉദിത് രംഗത്തെത്തിയിരുന്നു. ഗായകർ മാന്യതയോടെ പെരുമാറുന്ന ആളുകളാണെന്നും ആരാധകരുടെ സ്നേഹപ്രകടനത്തെ പെരുപ്പിച്ചു കാണിക്കേണ്ട ആവശ്യമില്ലെന്നും ചിലപ്പോൾ അവർ ഉന്മാദികളെപ്പോലെയാണെന്നും ഉദിത് പ്രതികരിച്ചു. പലപ്പോഴും ഗായകർ ചില സ്നേഹപ്രകടനങ്ങൾ പ്രോത്സാഹിപ്പിക്കാറുണ്ട്. അതിന്റെ പേരില്‍ ഇത്രവലിയ വിവാദം ഉണ്ടാക്കുന്നതില്‍ എന്ത് അർഥമാണുള്ളതെന്നും ഗായകൻ ചോദിച്ചു. എന്നാൽ സംഭവത്തിൽ ഉദിത് നാരായൺ മാപ്പ് പറയണമെന്നും അല്ലാതെ സ്വന്തം പ്രവൃത്തിയെ ന്യായീകരിക്കുകയല്ല വേണ്ടതെന്നും വിമർശനങ്ങൾ ഉയർന്നു.