ചന്ദനത്തിരി കത്തിച്ചുവച്ച് എഴുതാനിരിക്കും, ഒരിക്കൽ വരികൾ കിട്ടാതെ ദിവസങ്ങളോളം അലഞ്ഞു, ഒടുവിൽ എഴുതിക്കൂട്ടിയതോ ഹിറ്റോടു ഹിറ്റ്!

Mail This Article
‘ഞാൻ വെള്ളക്കടലാസിൽ പ്രണയലേഖനങ്ങൾ എഴുതി അവൾക്ക് െകാടുത്തിട്ടുണ്ട്. ഇപ്പോഴും ഞാൻ അവൾക്കു വേണ്ടിയാണ് പാട്ടുകളെഴുതുന്നത്. ആരും െകാതിക്കുന്നൊരാൾ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം...’ ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകൾ ഹൃദയത്തിലേറ്റിയ പോലെ ഇന്ന് സൈബർ ഇടങ്ങളിൽ നിറയുന്നത് അദ്ദേഹത്തിന്റെ ശബ്ദവും അഭിമുഖങ്ങളുമാണ്. പുത്തഞ്ചേരിയുടെ ശബ്ദത്തിൽ ആ പാട്ടുകൾ കവിതയായി കേൾക്കുമ്പോൾ വരികൾക്ക് അർഥവും ആഴവുമേറുന്നു. അങ്ങനെയുള്ള പാട്ടിലേക്കെത്തിയ കഥകൾ കേട്ടിരിക്കാൻ തന്നെ എന്തുരസമാണ്. അപ്പോൾ ആ വരികൾക്ക് ഇടയിൽ ഒളിപ്പിച്ച നോവുകൾക്കും പ്രണയങ്ങൾക്കും വിരഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഇതുവരെ കാണാത്ത തലങ്ങൾ വരുന്നു. പുലരാൻ തുടങ്ങുമൊരു രാത്രിയിൽ തനിയെ കിടന്നു മിഴി വാർക്കുന്നവർക്കും ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ വേണ്ടവർക്കും പാഴിരുൾ വീഴുമീ നാലുകെട്ടിൽ നിന്റെ പാദങ്ങൾ തൊട്ടപ്പോൾ പൗർണമിയായ് എന്ന് പറയുന്നവർക്കും അന്നും ഇന്നും പുത്തനാണ് ഈ പുത്തഞ്ചേരി. ആ പദസമ്പത്ത് തൊടാതെ, പറയാതെ, കേൾക്കാതെ ഒരു ദിവസം പോലും മലയാളി ഈ പതിറ്റാണ്ടുകളിൽ കടന്നുപോയിട്ടില്ല. വാക്കോളം കരുത്തേറിയ അടയാളമെന്തെന്നു ചോദിക്കും പോലെയാണത്. അതുെകാണ്ടാണ് വേർപാടിനു വർഷങ്ങൾ ഏറുമ്പോഴും പുത്തഞ്ചേരി നമ്മുടെ വീണുടയാത്ത സൂര്യകിരീടമാകുന്നത്, പലനാളലഞ്ഞ മരുയാത്രയിൽ ഇന്നും ഹൃദയം തിരയുന്ന പ്രിയ സ്വപ്നമാകുന്നത്.
ഒരു ഡയറിയുണ്ടായിരുന്നു പുത്തഞ്ചേരിക്ക്. വാക്കുകളുടെ അക്ഷയഖനിയെ ഗർഭം ധരിച്ച പേജുകളുള്ള ഡയറി. ഒരു ചന്ദനത്തിരി കത്തിച്ചുവച്ച് പുത്തഞ്ചേരി ഏതെങ്കിലും പേജ് തുറക്കുമത്ര. അവിടെ കണ്ണിൽപ്പെടുന്ന വാക്കുകളിൽ നിന്നാകും അന്നത്തെ പാട്ടുതുടങ്ങുക. ‘ഉള്ളിൻ ഉള്ളിൻ അക്ഷരപൂട്ടുകൾ ആദ്യം തുറന്നുതന്നു, കുഞ്ഞികാലടി ഓരടി തെറ്റുമ്പോൾ കൈ തന്നു കൂടെവന്നു. ചന്ദനപൊൻ ചിതയിൽ എന്റെ അച്ഛനെരിയുമ്പോൾ മച്ചകത്താരോ തേങ്ങി പറക്കുന്നത് അമ്പലപ്രാവുകളോ...’ തന്റെ അച്ഛൻ മരിച്ച തുലാമാസ സന്ധ്യയിലെ ആകാശത്തിലെ ചെമ്പിന്റെ നിറം നോക്കിനിന്ന ആ ഓർമകളാണ് ഈ വരികളിലേക്കെത്തിച്ചത്. അങ്ങനെ അങ്ങനെ അനുഭവങ്ങൾ വരിയായി വരച്ചിട്ട ചിത്രകാരൻ. കയ്യിൽ കിട്ടിയ കടലാസു കഷണത്തിൽ ക്ഷണനേരംകൊണ്ട് കുറിച്ചിട്ട വരികളുടെ അർഥവും ഭംഗിയും ആഴവും തലമുറകൾ അളന്നെടുക്കുന്നു.
344 സിനിമകളില്‍ 1594 പാട്ടുകൾ. രണ്ട് പതിറ്റാണ്ടുകാലം കൊണ്ട് ഇത്രയും പാട്ടുകൾ എഴുതിക്കൂട്ടിയ മറ്റാരുണ്ട് മലയാളത്തില്‍? ജയരാജിന്റെ ജോണി വാക്കറിനു പാട്ടെഴുതാൻ ദിവസങ്ങളോളം അലഞ്ഞിട്ടും വരി കിട്ടാതെ നിരാശനായി മടങ്ങാനൊരുങ്ങിയ ഗിരീഷിനെ കുറിച്ച് ചങ്ങാതിമാർ ഇപ്പോഴും പറയാറുണ്ട്. ഒടുവിൽ ‘ശാന്തമീ രാത്രിയിൽ’ തുടങ്ങിയ എവർഗ്രീൻ ഹിറ്റുകൾ എഴുതിവച്ചു. സംഗീതജീവിതത്തിലെ വലിയ ബ്രേക്കും ജോണി വാക്കറായിരുന്നു. പിന്നീടൊരിക്കലും ഒരു പാട്ടിനു മുന്നിലും പുത്തേഞ്ചേരി അറച്ചുനിന്നിട്ടില്ല.
നാലുദിവസങ്ങൾക്കപ്പുറം പ്രണയദിനത്തിൽ പുത്തഞ്ചേരിയുടെ രണ്ടുവരിയെങ്കിലും കുറിക്കാത്ത, മൂളാത്ത പ്രണയികള്‍ കാണുമോ.. എത്രയോ ജന്മമായ് നിന്നെ ഞാൻ തേടുന്നൂ... അത്രമേൽ ഇഷ്‌ടമായ് നിന്നെ എൻ പുണ്യമേ.... ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികൾ, പുലരാൻ കൊതിക്കുമൊരു രാത്രിയിൽ, തനിയെ കിടന്നു മിഴിവാർക്കവെ, ഒരു നേർത്ത തെന്നൽ അലിവോടെവന്നു, നെറുകിൽ തലോടി മാഞ്ഞുവോ..അങ്ങനെ പിന്നെയും പിന്നെയും പ്രണയിക്കാൻ പഠിപ്പിക്കുന്ന വരികൾ. അമ്മ മഴക്കാറിനു കൺ നിറഞ്ഞു, ആ കണ്ണീരിൽ ഞാൻ നനഞ്ഞു, കന്നിവെയിൽ പാടത്തു കനലെരിഞ്ഞൂ, ആ മൺകൂടിൽ ഞാൻ പിടഞ്ഞൂ. അങ്ങനെ നമ്മളും പിടഞ്ഞുപോയ വരികളേറെയില്ലേ..
‘എൻക്വയറി’ എന്ന ചിത്രത്തിൽ ‘ജന്മാന്തരങ്ങളിൽ.....’ എന്ന ഗാനം എഴുതിക്കൊണ്ടാണ് ഗീരീഷ് പുത്തഞ്ചേരി സിനിമാഗാനരചയിതാവാകുന്നത്. പിന്നെ സംഭവിച്ചതെല്ലാം നമ്മുടെ ചുണ്ടത്തുണ്ട്. 2010 ഫെബ്രുവരി 10ന് വാക്കിന്റെ ഗന്ധർവൻ മടങ്ങിയപ്പോൾ ആകാശദീപങ്ങളും ആഗ്നേയ ശൈലങ്ങളും പിന്നെ കാലത്തെ തോല്‍പിച്ച വരികളും സാക്ഷികളായിരുന്നു.