ADVERTISEMENT

ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്പ്ലേ ഇന്ത്യയിലുണ്ടാക്കിയ ഓളം ആരും മറന്നിട്ടില്ല. മുംബൈയിലും അഹമ്മദാബാദിലും ഇവർ ചെയ്ത കൺസർട്ടുകളുടെ തരംഗം ഇപ്പോഴുമുണ്ട് ഇൻസ്റ്റഗ്രാമിൽ. പാട്ടുപ്രേമികളെയും അല്ലാത്തവരെയുമെല്ലാം ഇവർ കയ്യിലെടുത്തു. ലോകമെങ്ങും ആരാധകരുള്ള കോൾഡ്പ്ലേയുടെ ഏറ്റവും പുതിയ ആൽബത്തിലെ മ്യൂസിക് വിഡിയോയിൽ ഭാഗമാകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണു മലയാളിയായ ജിബു ജോർജ്.  

‘We were born to be

Young and free

Soon we started learning

Books are made for burning

We were born to be

Family

Take my uniform, I'm

Running to the sea’

കോൾഡ്പ്ലേയുടെ ‘മ്യൂസിക് ഓഫ് സ്ഫിയർ’ ലോക ടൂർ നടക്കുന്നതിനിടെയാണു കഴിഞ്ഞ ഒക്ടോബർ നാലിന് അവരുടെ ‘മൂൺ മ്യൂസിക്’ എന്ന ആൽബമെത്തുന്നത്. കോൾഡ്പ്ലേയുടെ പത്താമത്തെ സ്റ്റുഡിയോ ആൽബം. അതിന്റെ ബോണസ് എഡിഷനായി എത്തിയ പാട്ടാണു ‘മാൻ ഇൻ ദ് മൂൺ’. സിംഗപ്പുരിൽ ചിത്രീകരിച്ച ഇതിന്റെ വിഡിയോയിലാണു തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ ജിബു ജോർജ് അഭിനയിച്ചത്.  

∙ അപ്രതീക്ഷിതമായെത്തിയ ആനന്ദം

സിംഗപ്പൂരിലെ നാടക, പരസ്യ രംഗങ്ങളിൽ ഏറെ സജീവമായ ജിബുവിനെത്തേടി കഴിഞ്ഞ വർഷം ജനുവരിയിലാണ് ഒരു കാസ്റ്റിങ് ഏജന്റിന്റെ ഫോൺകോൾ എത്തുന്നത്. ഒരു മ്യൂസിക് വിഡിയോയിൽ ഭാഗമാകാൻ താൽപര്യമുണ്ടോ എന്നായിരുന്നു ചോദ്യം. വിഡിയോയുടെ അവസാനത്തിൽ ഒട്ടേറെപ്പേർ അണിനിരക്കുന്ന സീൻ എന്നായിരുന്നു സന്ദേശം. സിനിമയിലും നാടകത്തിലുമെല്ലാം പ്രധാന വേഷങ്ങൾ ചെയ്യുന്നതിനാൽ അത്തരമൊരു സീനിൽ ഭാഗമാകാൻ താൽപര്യം പ്രകടിപ്പിച്ചില്ലെന്നു ജിബു പറയുന്നു. ഏതു ബാൻഡ് എന്നോ ആർക്കൊപ്പമെന്നോ ഒന്നും പറയാതെയായിരുന്നു ഫോൺ സന്ദേശം. കോൾഡ്പ്ലേ എന്ന് ആദ്യം തന്നെ അറിയിഞ്ഞിരുന്നെങ്കിൽ കണ്ണുംപൂട്ടി സമ്മതം മൂളുമായിരുന്നുവെന്നു ജിബുവിന്റെ പൊട്ടിച്ചിരി.  

രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഏജന്റിന്റെ ഫോൺ സന്ദേശം വീണ്ടുമെത്തി. വിഡിയോയിൽ അൽപ്പം പ്രധാനപ്പെട്ടൊരു ഭാഗത്ത് ഭാഗമാകാമോ എന്ന ചോദ്യം. അതിനു സമ്മതം മൂളി. സിംഗപ്പുരിൽ ചിത്രീകരിക്കുന്ന വിഡിയോയായതിനാൽ ആ രാജ്യത്തെ പല സംസ്കാരങ്ങളിൽ നിന്നുള്ള വ്യക്തികളെ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ക്ഷണം. പിന്നാലെ സ്ക്രീൻ ടെസ്റ്റിനു പോയി. അപ്പോഴൊന്നും ബാൻഡ് ഏതെന്നോ എന്താണു സീനെന്നോ അറിഞ്ഞില്ല. സ്ക്രീൻ ടെസ്റ്റ് കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ജിബുവിനെ ഉറപ്പിച്ചതായി ഫോൺ കോൾ എത്തി.  

ജനുവരി അവസാനത്തിലായിരുന്നു ഷൂട്ടിങ്. കരാർ ഒപ്പിടുന്ന ഘട്ടത്തിലാണ് കോൾഡ്പ്ലേയ്ക്കു വേണ്ടിയാണു വിഡിയോ എന്നറിയുന്നത്. മ്യൂസിക് ഓഫ് സ്ഫിയർ ടൂറിന്റെ ഭാഗമായി കോൾഡ്പ്ലേ സിംഗപ്പുരിലെത്തിയ ഘട്ടത്തിലായിരുന്നു ഷൂട്ടിങ്. വിഡിയോയിൽ കാണുന്ന കോഫിഷോപ് ദൃശ്യം ആദ്യം പകർത്തി. തൊട്ടടുത്ത ദിവസമാണു കോൾഡ്പ്ലേ സംഘം അണിനിരന്ന സിംഗപ്പൂർ നദിയിൽ ചിത്രീകരിച്ച വിഡിയോയുടെ അവസാന ഭാഗം ഷൂട്ട് ചെയ്തത്. ‘കോൾഡ്പ്ലേയുടെ ഷോയ്ക്കു ടിക്കറ്റ് പോലും കിട്ടാൻ പ്രയാസമാണ്. അപ്പോഴാണ് അവർ ഞങ്ങൾ കുറച്ചുപേർക്കൊപ്പം നിന്നു പാടുന്നത്. ഒപ്പം നൃത്തംവയ്ക്കുന്നത്. എന്തൊരു അനുഭവമാണത്’ ജിബു പറഞ്ഞു.  

Image Crtedit: X/coldplay.
Image Crtedit: X/coldplay.

ഷൂട്ടിങ്ങിൽ കർശന നിയന്ത്രണങ്ങളുണ്ടായിരുന്നു. ഫൊട്ടോ പോലും പുറത്തുപോകാൻ പാടില്ലെന്ന നിർദേശം. മൊബൈൽ വാങ്ങിവച്ച ശേഷമാണു ഷൂട്ടിങ് സ്ഥലത്തേക്കു കൊണ്ടുപോയത്. വിഡിയോയുടെ വിവരം ആരോടും പറയരുതെന്നും വ്യവസ്ഥ. ഒരു വർഷത്തിനു ശേഷം ഏതാനും ദിവസം മുൻപു വിഡിയോ പുറത്തെത്തിയപ്പോഴാണു വിഡിയോയിൽ ഉണ്ടെന്നത് ഉറപ്പിച്ചതു തന്നെ.  

പ്രശസ്തിയുടെ ഉയരത്തിൽ നിൽക്കുമ്പോഴും എല്ലാവരോടും ഏറെ സൗഹൃദത്തോടും സ്നേഹത്തോടും ഇടപെടുന്ന വ്യക്തിയെന്നാണു കോൾഡ്പ്ലേയുടെ ഫ്രണ്ട്മാൻ ക്രിസ് മാർട്ടിനെ ജിബു വിശേഷിപ്പിക്കുന്നത്. ഷൂട്ടിങ് സമയത്ത് എല്ലാവർക്കൊപ്പം ഏറ്റവും കൂളായി നിന്ന മനുഷ്യൻ. ‘ഹംബിൾ’ എന്നത് ജീവിതത്തിൽ പ്രവർത്തികമാക്കുന്നയാൾ, ജിബു വിശേഷിപ്പിക്കുന്നു. കോൾഡ്പ്ലേയ്ക്കൊപ്പം നിന്നൊരു ചിത്രം പകർത്താൻ സാധിച്ചില്ലെന്നതു സങ്കടമായി നിൽക്കുന്നു. ഷൂട്ടിങ്ങിന്റെ  അവസാനം വിഡിയോയിൽ ഭാഗമായ എല്ലാവർക്കും കോൾഡ്പ്ലേയുടെ കൺസർട്ട് ആസ്വദിക്കാനുള്ള ടിക്കറ്റും നൽകി. അങ്ങന ആ സ്വപ്നവും സാക്ഷാൽക്കരിച്ചതായി ജിബു പറയുന്നു.  

‘കോൾഡ്പ്ലേയുടെ ഡൈഹാർഡ് ഫാനൊന്നും ആയിരുന്നില്ല. പാട്ടു കേൾക്കുമെന്നു മാത്രം. എന്നാൽ ആ ഷൂട്ടിങ് ദിവസം മുതൽ അവരുടെ ആരാധകനായി ഞാൻ മാറി. ‘മാൻ ഇൻ ദ് മൂൺ’ ഏറ്റവും പ്രിയപ്പെട്ട പാട്ടും’. ബെൻ മോറായിരുന്നു വിഡിയോയുടെ സംവിധായകൻ. സ്വന്തം ഷർട്ട് ധരിച്ചാണു ജിബു വിഡിയോയിൽ ഭാഗമായതും.  

∙ അഭിനയം, ആങ്കറിങ്, ഐടി മാനേജർ

തിരുവല്ലയിലും കൊൽക്കത്തയിലുമായിട്ടായിരുന്നു ജിബുവിന്റെ പഠനം. പിതാവ് ആർമിയിൽ ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമായിട്ടാണു കൊൽക്കത്തയിൽ എത്തിയത്. ഐടി പ്രൊജക്ട് മാനേജരായിട്ടാണു സിംഗപ്പൂരിൽ എത്തുന്നത്. സ്റ്റേജ് ഷോകളിൽ ആങ്കറിങ് ചെയ്ത് സിംഗപ്പുരിലെ കലാലോകത്ത് സജീവമായി. മലയാള താരങ്ങളുടെ ഷോകളിലും അവതാരകനായി. പിന്നാലെ പരസ്യങ്ങളിലെത്തി. സിംഗപ്പൂർ കൈരളി കലാനിലയം നാടകസമിതിയുടെ നാടകങ്ങളിലും സജീവമായി. രണ്ടു വീതം മലയാളം, ഇംഗ്ലിഷ് നാടകങ്ങൾ ചെയ്തു. ഒരു നാടകം കാണാനെത്തിയവർ വഴിയാണു ഹ്രസ്വചിത്രങ്ങളിലേക്ക് അവസരം ലഭിച്ചത്. ആദ്യ ഷോർട്ട് ഫിലിം നെപ്പോളിയൻ ഹിന്ദിയിലായിരുന്നു. തുടർന്ന് ആൽബങ്ങളിലും ഷോർട് ഫിലിമുകളിലും അഭിനയിച്ചു. സിംഗപ്പൂരിലെ പ്രശസ്ത സംവിധായകനും നടനും നിർമാതാവുമായ മാർക്ക് ലീയുടെ ചൈനീസ് സിനിമയിലും വേഷമിട്ടു.  

2021ൽ ജിബു നായകനായ ഗ്രഹണം എന്ന സിനിമ സിംഗപ്പൂരിൽ നിന്ന് ഇറങ്ങുന്ന ആദ്യ മലയാളം സിനിമയായിരുന്നു. മലയാളിയായ രജീത് മോഹൻ സംവിധാനം ചെയ്ത ദ് വീൽ എന്ന ഇംഗ്ലിഷ് ചിത്രത്തിലൂടെ ബാർസലോണ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലെ മികച്ച നടനുള്ള പുരസ്കാരവും ജിബുവിനെ തേടിയെത്തി. ‘ഐടി മാനേജർ ബൈ പ്രഫഷനൽ, ആക്ടർ ബൈ പാഷൻ’ ജിബു തന്നെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഐടി ജോലിയും അഭിനയവും ഒപ്പം മുന്നോട്ടുകൊണ്ടുപോകുന്ന ജിബു കൂടുതൽ മലയാളം സിനിമകളുടെ ഭാഗമാകാനുള്ള തയാറെടുപ്പിലാണ്.  

English Summary:

Gibu George became the part of Coldplay musical album

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com