‘ചേട്ടനെ മാതൃകയാക്കാനില്ല, ആ അനുഭവം ഏറെ പഠിപ്പിച്ചു; പ്രിയങ്കയുമായുള്ള ബന്ധം തുടരാൻ പ്രത്യേക ശ്രദ്ധ’; നിക്കിന്റെ വിജയമന്ത്രം!

Mail This Article
നടി പ്രിയങ്ക ചോപ്രയ്ക്കൊപ്പമുള്ള ബന്ധത്തിൽ വിള്ളലുണ്ടാകാതിരിക്കാൻ ഗായകൻ നിക് ജൊനാസ് ഏറെ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് അടുത്ത സുഹൃത്തിന്റെ വെളിപ്പെടുത്തൽ. ജ്യേഷ്ഠനും ഗായകനുമായ ജോ ജൊനാസും നടിയും മോഡലുമായ സോഫി ടേണറും ദാമ്പത്യ ബന്ധം അവസാനിച്ചതോടെ നിക് അവരുടെ ബന്ധത്തിൽ നിന്നും പലതും പഠിച്ചെന്നും അത് അദ്ദേഹത്തെ സ്വന്തം വിവാഹജീവിതത്തിൽ കൂടുതൽ ഉറച്ചു നിൽക്കാൻ സഹായിച്ചെന്നും സുഹൃത്ത് പറഞ്ഞു. ജോയുടെ ഭാഗത്തു നിന്നുണ്ടായ തെറ്റുകൾ താൻ ആവർത്തിക്കാതിരിക്കാനും നിക് ശ്രദ്ധിക്കുന്നുവെന്ന് സുഹൃത്ത് പറഞ്ഞു.

ജൊനാസ് സഹോദരങ്ങളിൽ മുതിർന്നയാളല്ല നിക്. എന്നാൽ സംഗീത ബാൻഡിന്റെ വിജയത്തിൽ അദ്ദേഹം പ്രധാന പങ്ക് വഹിക്കുന്നു. എല്ലാ കാര്യങ്ങളും നിക് അതിസൂക്ഷ്മതയോടെയും പൂർണതയോടെയും കൈകാര്യം ചെയ്യുന്നു. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ വിവാഹജീവിതവും. 2023ൽ നിക്കിന്റെ സഹോദരൻ ജോ ജൊനാസ് വിവാഹമോചിതനായതോടെ നിക് ഒരുപാട് കാര്യങ്ങൾ തിരിച്ചറിഞ്ഞു. പ്രിയങ്കയുമായുള്ള ബന്ധത്തിൽ നിക് വളരെ ശ്രദ്ധാലുവാണ്. അവന്റെ ആ കഴിവാണ് അവരുടെ കെട്ടുറപ്പുള്ള ദാമ്പത്യത്തിന്റെ അടിസ്ഥാനം.
നിക് ഒരിക്കലും പ്രിയങ്കയെ പരിഹസിക്കുകയോ ആവശ്യങ്ങൾ മുന്നോട്ടു വയ്ക്കുകയോ ചെയ്തിട്ടില്ല. പങ്കാളി എന്ന നിലയിൽ നിക് അവിശ്വസനീയമാംവിധം ഉയർന്ന നിലവാരം പുലർത്തുന്നു. സത്യം പറഞ്ഞാൽ, അവൻ പ്രിയങ്കയെക്കാൾ അൽപം കൂടുതൽ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുന്നുണ്ട്. പ്രിയങ്ക ജോലിയുടെ ഭാഗമായി പലപ്പോഴും യാത്രയിലായിരിക്കും. അവൾ പുതിയ ആളുകളെ പരിചയപ്പെടുകയും കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്യുന്നു. പ്രിയങ്കയുടെ തിരക്കുകൾ നിക് മനസ്സിലാക്കുന്നു. അവൻ എപ്പോഴും വീട്ടിൽ തന്നെ തുടരാനാണ് ഇഷ്ടപ്പെടുന്നത്. നിരന്തരമായ സാമൂഹിക ഇടപെടലുകള്‍ അവന് അത്ര ഇഷ്ടമല്ല. എന്നാൽ തന്റെ ജോലിയിൽ എപ്പോഴും അച്ചടക്കവും നീതിയും പുലർത്തുന്നുമുണ്ട്.

നിക് കഠിനാധ്വാനിയാണ്. ബാലതാരമായി വളർന്നു വന്നതിനാൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് നിക്കിനു ബോധ്യമുണ്ട്. അവന്റെ ജീവിതം മറ്റുള്ളവർക്കു മുന്നിൽ ഒരു മോശം മാതൃക സൃഷ്ടിക്കരുതെന്ന് അവന് ആഗ്രഹമുണ്ട്. അതിനു വേണ്ടി അവൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. പേരും പ്രശസ്തിയും വർധിക്കുമ്പോഴും തന്റെ ദാമ്പത്യ ബന്ധം ശക്തമായി തന്നെ തുടരാനാണ് നിക് ആഗ്രഹിക്കുന്നത്. അതിനു വേണ്ടി അവൻ പരിശ്രമിക്കുകയും ചെയ്യുന്നു’, സുഹൃത്ത് പറഞ്ഞു.
ജൊനാസ് ബ്രദേഴ്സിലെ രണ്ടാമന്‍ ജോ ജൊനാസും സോഫി ടേണറും 2023 സെപ്റ്റംബറിലാണ് വേർപിരിഞ്ഞത്. ഈ വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ജോയും സോഫിയും പൊതുവേദികളിൽ എല്ലായ്പ്പോഴും ഒരുമിച്ചെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നായിരുന്നു ആരാധകരുടെ വിശ്വാസം. എന്നാല്‍ സോഫിക്കും ജോയ്ക്കുമിടയില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്ന് വേർപിരിയലിനു പിന്നാലെ അടുത്തവൃത്തങ്ങൾ അറിയിച്ചു.

മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവിൽ 2019 മേയ് 1നായിരുന്നു ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്. ലാസ് വേഗസിൽ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. വില്ല, ഡെൽഫിന്‍ എന്നിങ്ങനെ രണ്ട് പെൺമക്കളാണ് ഇരുവർക്കും. വിവാഹമോചിതരാകാൻ തീരുമാനിച്ചതോടെ മക്കളുടെ സംരക്ഷണം സോഫിയും ജോയും തുല്യമായാണ് ഏറ്റെടുത്തിരിക്കുന്നത്.
2017ലെ മെറ്റ് ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുകയും ആ ബന്ധം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. 2018 ഡിസംബർ 1ന് നിക്കും പ്രിയങ്കയും വിവാഹിതരായി. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢി നിറയുന്ന ആഘോഷങ്ങളോടെയായിരുന്നു പരമ്പരാഗതരീതിയിലുള്ള വിവാഹം.

നിക്കും പ്രിയങ്കയും തമ്മിൽ 10 വയസ്സിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഉയർന്നുകേട്ട ചർച്ചകളിൽ പലതും പ്രായവ്യത്യാസം സംബന്ധിച്ചുള്ളതായിരുന്നു. ദമ്പതികൾ ഒരു വർഷത്തിൽ കൂടുതൽ ഒരുമിച്ചു ജീവിക്കില്ലെന്നും ഇരുവരും ഉടൻ വേർപിരിയുമെന്നുമുൾപ്പെടെയുള്ള പ്രവചനങ്ങള്‍ പുറത്തുവന്നു. എന്നാൽ താരദമ്പതികൾ വിജയകരമായ ദാമ്പത്യത്തിന്റെ 7ാം വർഷത്തിലാണിപ്പോൾ. 2022 ജനുവരിയിൽ നിക്കിനും പ്രിയങ്കയ്ക്കും മകൾ പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്.