ട്രെൻഡിങ്ങായി ‘കപ്പല് മുതലാളി’: പാട്ടിനും പിഷാരടിയുടെ ഡാൻസിനും ഫാൻസ്

Mail This Article
എല്ലാവരെയും ട്രോളുന്ന രമേശ് പിഷാരടിയെ നാം കണ്ടിട്ടുണ്ടാകും എന്നാൽ നിഷ്ക്കരുണം ട്രോളപ്പെട്ട പിഷാരടിയെയോ ? എന്തായാലും പിഷാരടിയും അദ്ദേഹം നായകനായെത്തിയ കപ്പല് മുതലാളി എന്ന സിനിമയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഇപ്പോഴത്തെ തലമുറയ്ക്ക് അത്ര സുപരിചിതമല്ലാത്ത ഈ സിനിമയെ കുത്തിപ്പൊക്കിയതാകട്ടെ ധ്യാൻ ശ്രീനിവാസനും.
ധ്യാൻ ശ്രീനിവാസന്റെ പുതിയ സിനിമയായ ‘ആപ് കൈസേ ഹോ’സിനിമയുടെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി നടന്ന ഒരു ഇന്റർവ്യൂവിൽ ആണ് എല്ലാവരെയും ചിരിപ്പിച്ചുകൊണ്ടുള്ള ധ്യാനിന്റെ പ്രതികരണം. ഏത് സിനിമയാണ് ഇനി റീറിലീസ് ചെയ്യേണ്ടത് എന്ന ചോദ്യത്തിനായിരുന്നു കപ്പല് മുതലാളി എന്ന് ധ്യാൻ മറുപടി പറഞ്ഞത്. ഇത് കേട്ടതും പിഷാരടി അടക്കം പിന്നെ കൂട്ടച്ചിരിയായിരുന്നു. സാധാരണ ഇന്റർവ്യൂകളിലും സ്റ്റേജ് ഷോകളിലും മറ്റുള്ളവരെ ട്രോളുന്ന രമേഷ് പിഷാരടി സത്യത്തിൽ ഇത്തവണ മറുപടിയില്ലാതെ നിശബ്ദനായി പോയി.
സിനിമ ട്രെൻഡിങ്ങായതോടെ ഈ ചിത്രത്തിലെ പാട്ടുകൾ മലയാളി കാസ്സറ്റ്സ് എന്ന യുട്യൂബ് ചാനലിൽ വീണ്ടും അപ്ലോഡ് ചെയ്യപ്പെട്ടു. വിനീത് ശ്രീനിവാസനും അനുപമ വിജയ്‌യും ആലപിച്ച ‘ഇതുവരെ’ എന്ന ഗാനമൊക്കെ വന്നതോടെ ഇതിനു താഴെ കമന്റുകളുടെ പ്രവാഹമാണ്. പിഷാരടിയെ അഭിനന്ദിച്ചും ട്രോളിയും എല്ലാം നിറയെ കമന്റുകൾ. നല്ല പാട്ട്, ഒറ്റ ഇന്റർവ്യു കൊണ്ട് തലവര മാറിയ പടം എന്നൊക്കെയാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. പാട്ടിന്റെ രംഗത്തിലെ ഡാൻസ് സ്റ്റെപ്പിനെ കുറിച്ചും പലരും പറയുന്നുണ്ട്.
രമേഷ് പിഷാരടി ആദ്യമായി നായകനായി അഭിനയിച്ച ഈ സിനിമ 2009 നവംബറിലാണ് പുറത്തിറങ്ങിയത്. സരയു ആയിരുന്നു നായിക. 'ഈ പറക്കും തളിക ' എന്ന മെഗാഹിറ്റിന് ശേഷം താഹ മലയാളത്തിൽ ചെയ്ത സിനിമ ആയിരുന്നു ഇത്. താഹയും സജി ദാമോദരനും ചേർന്നാണ് തിരക്കഥ എഴുതിയത്. മമ്മി സെഞ്ചറിയും റമീസ് രാജയും ചേർന്നായിരുന്നു നിർമ്മാണം. ഭൂമിനാഥൻ എന്ന കഥാപാത്രത്തെയാണ് പിഷാരടി അവതരിപ്പിച്ചത്.