ഇന്ത്യയെ ആവേശത്തിൽ ആറാടിക്കാൻ വീണ്ടും ‘ലൊല്ലപ്പലൂസ’; പാട്ടുമാമാങ്കത്തിന് ഒരുങ്ങി മുംബൈ, വേദിയിൽ ഹനുമാൻ കൈൻഡും

Mail This Article
മുംബൈ∙ ലോകസംഗീതത്തിന്റെ മാസ്മരിക താളത്തിൽ ഇന്ത്യയെ ആറാടിക്കാൻ ‘ലൊല്ലപ്പലൂസ’ വീണ്ടുമെത്തുന്നു. കുതിരക്കുളമ്പടികൾക്കു പകരം സംഗീതപ്രേമികളെ നെഞ്ചേറ്റാനൊരുങ്ങുകയാണ് മുംബൈ മഹാലക്ഷ്മി റേസ് കോഴ്സ് മൈതാനം. മാർച്ച് 8,9 തീയതികളിലാണ് ലോക ടൂറിങ് സംഗീതോത്സവത്തിന്റെ ഇന്ത്യയിലെ മൂന്നാം പതിപ്പ് നടക്കുക. പ്രശസ്ത രാജ്യാന്തര ബാൻഡുകളായ ഗ്രീൻ ഡേ, ഷോൺ മെൻഡസ്, ഗ്ലാസ് അനിമൽസ്, കോറി വോങ്, ലൂയി ടോമ്‌ലിൻസൺ, ജോൺ സമ്മിറ്റ്, അറോറ, നതിങ് ബട്ട് തീവ്‌സ്, ഇസബെൽ ലറോസ എന്നിവർക്കൊപ്പം കൊറിയൻ പോപ് ബാൻഡ് വേവ് ടു എർത്, ഇന്ത്യയിൽ നിന്ന് ഹനുമാൻ കൈൻഡ്, അലോക്, സിദ് വാഷി, സാഹിൽ വസുദേവ എന്നിവരും ലൊല്ലപ്പലൂസയുടെ ഭാഗമാണ്.
അഞ്ചു തവണ ഗ്രാമി ജേതാക്കളായ അമേരിക്കൻ റോക്ക് ബാൻഡ് ഗ്രീൻ ഡേയുടെയും കനേഡിയൻ പോപ് താരം ഷോൺ മെൻഡസിന്റെയും ഇന്ത്യയിലെ അരങ്ങേറ്റ വേദി കൂടിയാണിത്. രണ്ടുദിവസം 20 മണിക്കൂറുകളിലായി മുപ്പതിലേറെ ലോക കലാകാരന്മാരുടെ പ്രകടനത്തിനൊപ്പം ചുവടുവയ്ക്കാൻ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള സംഗീതപ്രേമികൾ മുംബൈയിലെത്തും.
കലാകാരന്മാരുടെ ലിസ്റ്റ് പുറത്തുവിടും മുൻപേ പ്രീ ബുക്കിങ് ആരംഭിക്കുന്ന ലൊല്ലപ്പലൂസയുടെ മൂന്നാംപതിപ്പിന്റെ ബുക്കിങ് 2024 സെപ്റ്റംബറിൽ തുടങ്ങിയിരുന്നു. ജനറൽ ടിക്കറ്റിനു പുറമേ ലൊല്ല കംഫർട്ട്, വിഐപി, നെക്സ ലോഞ്ച് വിഭാഗങ്ങളിലാണ് പ്രവേശനം. ആദ്യഘട്ടം സോൾഡ് ഔട്ട് ആയതിനാൽ രണ്ടു ദിവസത്തെ സംഗീതലഹരി ആസ്വദിക്കാൻ ജനറൽ വിഭാഗത്തിൽ 9,999 രൂപയും ഏറ്റവും ഉയർന്ന വിഭാഗമായ നെക്സ ലോഞ്ചിന് 49,999 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
സംഗീതത്തിനൊപ്പം ആഘോഷമേറെ
സംഗീതാസ്വാദനത്തിൽ മാത്രമായി ഒതുങ്ങില്ല ‘ലൊല്ല’ അനുഭവം. അതുകൊണ്ടു തന്നെ ചെറുപ്പക്കാരുടെ സംഘങ്ങൾ മുതൽ കുടുംബങ്ങൾ വരെ ലൊല്ലപ്പലൂസയിലെത്തുമ്പോൾ, അവിസ്മരണീയമായ ഒരുദിവസം സ്വന്തമാക്കാൻ സോളോ യാത്രികരും മുംൈബ ലക്ഷ്യമിടുന്നു.
റോക്ക്, ഹിപ് ഹോപ്, ഇൻഡി പോപ്, ഇലക്ട്രോണിക് എന്നിങ്ങനെ ലൈവ് സംഗീതവും വ്യത്യസ്ത രുചിയനുഭവങ്ങൾ പകരുന്ന ഫുഡ് സ്റ്റാളുകളും ആർട് ഇൻസ്റ്റലേഷൻ, ഫാഷൻ തുടങ്ങി എന്റർടെയ്ൻമെന്റ് അനുഭവങ്ങളും ഒരുക്കിയാണ് ലൊല്ലയെത്തുന്നത്. രാജ്യാന്തര ബ്രാൻഡായ എച്ച്ആൻഎം ഇത്തവണ ലൊല്ലപ്പലൂസയുടെ ഭാഗമായി ഇന്ററാക്ടീവ് ഫാഷൻ പ്ലേഗ്രൗണ്ട് ഒരുക്കും. ലൊല്ലപ്പലൂസയുടെ പ്രത്യേക ഫെസ്റ്റിവൽ സാമഗ്രികളും ലഭ്യമാണ്. നിറപ്പകിട്ടുള്ള ടീഷർട്ടുകളും ക്രോപ് ടോപും ജഴ്സിയും ടോട് ബാഗുകളും ആക്സസറികളും ഇതിൽ ഉൾപ്പെടുന്നു. പാരിസ്ഥിതിക പ്രതിബദ്ധത മുൻനിർത്തി #LollaForChange എന്ന ഹാഷ്ടാഗോടു കൂടി സീറോ വേസ്റ്റ് ഫെസ്റ്റിവലാണ് സംഘാടകർ ഒരുക്കുന്നത്. ഫുഡ്കോർട്ട് ഉൾപ്പെടെ പ്ലാസ്റ്റിക് രഹിതമായിരിക്കും, അധികമാകുന്ന ആഹാരം നിർധനവിഭാഗങ്ങൾക്കെത്തിക്കാനും പദ്ധതിയുണ്ട്.
സംഗീതം; സ്ക്രീനിൽ നിന്ന് വേദിയിലേക്ക്
മുംബൈയെ ആവേശത്തിലാഴ്ത്താൻ എത്തുന്ന ആഗോള കലാകാരന്മാരിൽ പലരുടെയും സംഗീതം സ്റ്റേജിനു പുറമേ സിനിമ– ടെലിവിഷൻ ട്രാക്കുകളുടെ ഭാഗമായും ചിരപരിചിതമാണ്. റോക്ക് രംഗത്തെ അതികായരായ ഗ്രീൻ ഡേ ലൊല്ലപ്പലൂസ വേദിയെ കയ്യിലെടുക്കുമ്പോൾ ആരാധകരുടെ മനസ്സിലെത്തുക Good Riddance (ടെം ഓഫ് യുർ ലൈഫ്) ആകും. ‘ഡെഡ് പൂളി’ന്റെ ക്രെഡിറ്റ് ലൈനിൽ വരുന്ന ഈ ട്രാക്ക് മാർവൽ ആന്റീ ഹീറോയുടെ യാത്രയ്ക്ക് ഉചിതമായ ‘ബിറ്റർ സ്വീറ്റ്’ ഗൃഹാതുരതയുണർത്തും.
‘ലൈൽ ലൈൽ ക്രോകഡൈൽ’ മ്യൂസിക്കൽ ആനിമേഷൻ ചലച്ചിത്രത്തിലെ പാട്ടിലൂടെ മാത്രം സംസാരിക്കാനാകുന്ന ‘ലൈലി’ന് കനേഡിയൻ പോപ് താരം ഷോൺ മെൻഡസ് നൽകിയ സ്വരവും ‘ടോപ് ഓഫ് ദ് വേൾഡ്’ ഗാനവും ആരാധകരെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമാണ്.
നോർവീജിയൻ പാട്ടെഴുത്തുകാരിയും ഗായികയുമായ അറോറയുടെ ‘ഫോർഗോട്ടൻ ലവ്’ ഗാനം ഗ്രെയ്സ് അനാട്ടമിയിലൂടെയും ഇംഗ്ലീഷ് റോക്ക് ബാൻഡ് നതിങ് ബട്ട് തീവ്‌സിന്റെ ‘ബാൻ ഓൾ ദ് മ്യൂസിക്’ വാംപയർ ഡയറിസിലൂടെയും ഏവർക്കും പരിചിതമാണ്.
ലൈവ് എന്റർടെയ്‌ൻമെന്റ്–മേഖലയ്ക്ക് കുതിപ്പേകും
കഴിഞ്ഞവർഷം ജനുവരിയിൽ നടന്ന ലൊല്ലപ്പലൂസ രണ്ടാംപതിപ്പ് രാജ്യത്തെ ലൈവ് എന്റർടെയ്‌മെന്റ്– ഇവന്റ് സെക്ടറിന് വൻകുതിപ്പ് സമ്മാനിച്ചിരുന്നു. ലൈവ് സംഗീത പെർഫോമൻസുകളുടെ എണ്ണത്തിലുൾപ്പെടെ വൻവർധയുണ്ടായതും കോൾഡ് പ്ലേ ഉൾപ്പെടെ രാജ്യാന്തര പ്രശസ്ത ബാൻഡുകൾ ഇന്ത്യയിലെത്തിയതും ഇതിനു തുടർച്ചയായാണ്. ഹോസ്പിറ്റാലിറ്റി, ട്രാവൽ രംഗത്തും ടിക്കറ്റിങ് പ്ലാറ്റ്ഫോമുകൾക്കും വരുമാന വർധനയുണ്ടായി. രാജ്യത്തെ എന്റർടെയ്ൻമെന്റ് – ടിക്കറ്റിങ് രംഗത്തെ മുൻനിരക്കാരായ ബുക്ക്മൈഷോയുടെ 2024ലെ റിപ്പോർട്ട് അനുസരിച്ച് കമ്പനിക്ക് കഴിഞ്ഞവർഷമുണ്ടായ 43% വരുമാന വർധനയുടെ പിന്നിൽ പ്രധാനമായും ഓൺലൈൻ ടിക്കറ്റിങ് മേഖലയാണ്. ലൊല്ലപ്പലൂസയുടെ ഇന്ത്യയിലെ പങ്കാളികളിലൊന്നും ബുക്ക് മൈ ഷോയാണ്.