എന്റെ മകൾക്കൊപ്പം നിക് ജൊനാസ് സന്തുഷ്ടൻ, പ്രായവ്യത്യാസമല്ല ഹൃദയങ്ങളുടെ പൊരുത്തമാണ് മുഖ്യം: മധു ചോപ്ര

Mail This Article
താരദമ്പതികളായ നിക് ജൊനാസും പ്രിയങ്ക ചോപ്രയും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചു പ്രതികരിച്ച് നടിയുടെ മാതാവ് മധു ചോപ്ര. പ്രണയത്തിന്റെ കാര്യത്തിൽ പ്രായം വെറും നമ്പർ മാത്രമാണെന്നും ഇരുവരുടെയും ഹൃദയങ്ങൾ തമ്മിലുള്ള പൊരുത്തമാണ് പ്രധാനമെന്നും മധു ചോപ്ര പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മധു ചോപ്ര പ്രിയങ്കയെയും നിക്കിനെയും കുറിച്ചു മനസ്സു തുറന്നത്.
‘പ്രശ്നങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്ന ആളുകൾ മാത്രമാണ് പ്രായത്തെക്കുറിച്ചു ചിന്തിക്കുന്നത്. പ്രായം ശരിക്കും ഒരു നമ്പർ മാത്രമാണ്. പ്രണയിക്കുമ്പോൾ ഹൃദയങ്ങൾ തമ്മിൽ കണ്ടുമുട്ടണം, മനസ്സുകൾ തമ്മിൽ ഒരുമിക്കണം. നിക്കിന്റെയും പ്രിയങ്കയുടെയും കാര്യത്തിൽ അതാണ് സംഭവിച്ചത്. പ്രിയങ്ക, നിക്കിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചപ്പോൾ എനിക്ക് നിക്കിനെ അറിയില്ലായിരുന്നു. പിന്നീട് ഞാൻ അവനുമായി കൂടിക്കാഴ്ച നടത്തി. പ്രിയങ്കയ്ക്കു വേണ്ടി നിക് ഒരു പുതിയ ഗാനം ഒരുക്കിയിരുന്നു. അവൻ അത് പലപ്പോഴും പാടിയിട്ടുമുണ്ട്. എന്റെ മകൾക്കൊപ്പം നിക് വളരെ സന്തുഷ്ടനാണ്’, മധു ചോപ്ര പറഞ്ഞു.
പ്രിയങ്ക ചോപ്രയേക്കാൾ 10 വയസ്സിന് ഇളയതാണ് നിക് ജൊനാസ്. പ്രായവ്യത്യാസം ഉള്ളതുകൊണ്ടുതന്നെ താൻ നിക്കിൽ നിന്നും മനപ്പൂർവം ഒഴിഞ്ഞുമാറി നിന്നിട്ടുണ്ടെന്നും ആ ഒറ്റ കാരണത്താൽ നിക്കുമായി വിവാഹം വേണ്ടെന്ന് ആദ്യം തീരുമാനിച്ചിരുന്നെന്നും മുൻപ് പ്രിയങ്ക തന്നെ വെളിപ്പെടുത്തിയിരുന്നു. പ്രായം കൊണ്ടു വളരെ ചെറുപ്പമാണെങ്കിലും നിക്കിന് എഴുപത് വയസ്സുകാരന്റെ പക്വതയുണ്ടെന്നും പ്രിയങ്ക പറഞ്ഞത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
2017 ലെ മെറ്റ് ഗലെ പുരസ്കാര വേദിയിൽ വച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുക്കുകയും ആ ബന്ധം പിന്നീട് പ്രണയത്തിലേക്ക് എത്തുകയായിരുന്നു. 2018 ഡിസംബർ 1ന് നിക്കും പ്രിയങ്കയും വിവാഹിതരായി. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങളോടെയായിരുന്നു പരമ്പരാഗതരീതിയിലുള്ള വിവാഹം. 4 കോടിയോളം രൂപയാണ് പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹാഘോഷത്തിനു വേണ്ടി ചെലവായത്.
നിക്കും പ്രിയങ്കയും തമ്മിലുള്ള പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ച്, ഇരുവരും ഉടൻ വേർപിരിയുമെന്നതുൾപ്പെടെയുള്ള പ്രവചനങ്ങള്‍ വിവാഹസമയത്തു പുറത്തുവന്നിരുന്നു. എന്നാൽ താരദമ്പതികൾ വിജയകരമായ ദാമ്പത്യത്തിന്റെ 7ാം വർഷത്തിലാണിപ്പോൾ. 2022 ജനുവരിയിൽ നിക്കിനും പ്രിയങ്കയ്ക്കും മകൾ പിറന്നു. വാടകഗർഭപാത്രത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളായത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്.