പതിവ് തെറ്റിയില്ല, പൊങ്കാല പുണ്യത്തിൽ നിറഞ്ഞ് ഗായിക കെ.എസ്.ചിത്ര

Mail This Article
പതിവ് തെറ്റാതെ പൊങ്കാല അർപ്പിച്ച് ഗായിക കെ.എസ്.ചിത്ര. വീട്ടുമുറ്റത്താണ് ഗായിക പൊങ്കാലയിട്ടത്. ഇതിന്റെ ചിത്രങ്ങൾ ചിത്ര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കൈകൂപ്പി പ്രാർഥനയോടെ നിൽക്കുന്ന ഗായികയെ ആണ് ചിത്രങ്ങളിൽ കാണാനാകുക. ഏവർക്കും ആറ്റുകാൽ പൊങ്കാല ആശംസകൾ നേർന്നാണ് ചിത്രയുടെ പോസ്റ്റ്.
എല്ലാ വർഷവും പതിവ് തെറ്റാതെ കെ.എസ്.ചിത്ര പൊങ്കാല അർപ്പിക്കാറുണ്ട്. ആറ്റുകാൽ അമ്മയുടെ ഭക്തയായ ചിത്ര, മുൻപൊക്കെ മുടങ്ങാതെ ആറ്റുകാൽ ക്ഷേത്രത്തിൽ പോകുമായിരുന്നു. ഇപ്പോൾ ഏതാനും വർഷങ്ങളായി വീട്ടിൽ തന്നെയാണ് ഗായിക പൊങ്കാല അർപ്പിക്കുന്നത്.
ആറ്റുകാൽ ക്ഷേത്രം തനിക്ക് എന്നും ഭക്തി നിറഞ്ഞ വികാരമാണെന്ന് മുൻപ് മനോരമയ്ക്കു നൽകിയ അഭിമുഖത്തിൽ ചിത്ര പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലം മുതൽ ക്ഷേത്രവുമായി ബന്ധപ്പെട്ട ധാരാളം കഥകൾ കേട്ടാണു ചിത്ര വളർന്നത്. തങ്ങളുടെ കുടുംബത്തിന് ആറ്റുകാൽ ക്ഷേത്രവുമായി വളരെ അടുത്ത ബന്ധമുണ്ടെന്നു പറഞ്ഞു കേട്ടിട്ടുണ്ടെന്നും ചിത്ര വെളിപ്പെടുത്തിയിരുന്നു.