‘നീ എന്റെ എല്ലാമെല്ലാം, അരികിലുണ്ടായാൽ മാത്രം മതി’; വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’ ശിവശ്രീ

Mail This Article
ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഗായിക ശിവശ്രീ സ്കന്ദപ്രസാദും കർണാടകയിലെ ബിജെപിയുടെ യുവനേതൃമുഖവും ബെംഗളൂരു സൗത്തിൽനിന്നുള്ള എംപിയുമായ തേജസ്വി സൂര്യയും വിവാഹിതരായത്. ഇപ്പോഴിതാ വിവാഹത്തിന്റെ കൂടുതൽ മനോരഹര ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും പങ്കുവച്ചിരിക്കുകയാണ് ഗായിക. തന്റെ ഏറ്റവും വലിയ സുഹൃത്തും വഴികാട്ടിയും ശക്തിയുമാണ് തേജസ്വി എന്ന് ശിവശ്രീ പ്രതികരിച്ചു.

‘എന്റെ വഴികാട്ടി, എന്റെ സുഹൃത്ത്, എന്റെ ശക്തി, എന്റെ എല്ലാമെല്ലാം. സുഖസൗകര്യങ്ങളിലൂടെയോ പ്രയാസങ്ങളിലൂടെയോ എന്നിങ്ങനെ ജീവിതം നമ്മെ എവിടേക്കൊക്കെ കൊണ്ടുപോയാലും ഒരു മടിയും കൂടാതെ ഞാൻ നിനക്കൊപ്പം നടക്കും. നീ എന്റെ അരികിലുണ്ടെങ്കിൽ എനിക്ക് ആവശ്യമുള്ളതെല്ലാം നിന്നിലൂടെ ഞാൻ കണ്ടെത്തും’, ചിത്രങ്ങൾക്കൊപ്പം ശിവശ്രീ കുറിച്ചു.

ബെംഗളൂരുവിൽ വച്ചായിരുന്നു ശിവശ്രീയുടെയും തേജസ്വി സൂര്യയുടെയും വിവാഹം. പരമ്പരാഗത രീതിയിലാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ രാഷ്ട്രീയരംഗത്തെ പ്രമുഖർ വധൂവരന്മാരെ ആശീർവദിക്കാനെത്തിയിരുന്നു. വിവാഹശേഷം ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ നടന്ന വിവാഹവിരുന്നിലും പ്രിയപ്പെട്ടവർ പങ്കെടുത്തു.

ചെന്നൈ സ്വദേശിനിയായ ശിവശ്രീ സ്കന്ദ അറിയപ്പെടുന്ന കർണാടക സംഗീതജ്ഞയും ഭരതനാട്യം നർത്തകിയും പിന്നണിഗായികയുമാണെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രശസ്തയായത് ചലച്ചിത്രതാരം ശോഭനയുമായുള്ള മുഖസാദൃശ്യം കൊണ്ടാണ്. ശോഭനയുടെ പഴയ ലുക്കുമായി ഏറെ സാദൃശ്യമുണ്ട് ശിവശ്രീക്ക്. പ്രശസ്‍ത മൃദംഗവാദകൻ സീർക്കഴി ജെ. സ്കന്ദപ്രസാദിന്റെ മകളാണ് ശിവശ്രീ.