എന്തൊരഴകാണ് കണ്ടിരിക്കാൻ! ഹൃദയങ്ങളെ തഴുകി സുജാതയും ശ്വേതയും, സ്വരഭംഗിയിൽ മനം നിറഞ്ഞ് ആരാധകർ

Mail This Article
ഗായിക സുജാത മോഹനും മകളും ഗായികയുമായ ശ്വേത മോഹനും സംയുക്തമായി ഒരുക്കിയ സംഗീത വിഡിയോ പ്രേക്ഷകർക്കരികിൽ. ‘മാതേ...’ എന്ന പേരിലൊരുക്കിയ ഗാനം ശ്വേതയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് പുറത്തിറക്കിയത്. പ്രകൃതി മാതാവിനോടുള്ള പ്രാർഥനയാണ് ‘മാതേ...’. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സംഗീതസംവിധായകൻ വിദ്യാസാഗർ പാട്ടിന് ഈണം പകർന്നു. എസ്.രമേശൻ നായർ ആണ് വരികൾ കുറിച്ചത്. അദ്ദേഹത്തിന്റെ അവസാന ഗാനങ്ങളിലൊന്നാണിത്.
‘മാതേ...’ ഇതിനകം ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ചു കഴിഞ്ഞു. സുജാതയും ശ്വേതയും ആദ്യമായി ഒരുമിക്കുന്ന സംഗീത വിഡിയോ ആണിത്. സംഗീതജീവിതത്തിൽ സുജാത അരനൂറ്റാണ്ട് പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ‘മാതേ...’ ഒരുക്കിയിരിക്കുന്നത്. തന്റെ ഏറെക്കാലത്തെ സ്വപ്നം ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നുവെന്ന് സുജാത മോഹൻ പ്രതികരിച്ചു. സായ് ശരവണൻ ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. വിഷ്ണു ശ്യാം പ്രോഗ്രാമിങ് ചെയ്തു.
അതിഹൃദ്യമായ ദൃശ്യമികവോടെയാണ് ‘മാതേ...’ പ്രേക്ഷകർക്കു മുന്നിലെത്തിയത്. സുജാതയും ശ്വേതയും ഗാനരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഇരുവരുടെയും വസ്ത്രധാരണശൈലിയും ശ്രദ്ധ നേടിക്കഴിഞ്ഞു. ശ്രീജിത്ത് ഡാൻസിറ്റി ആണ് ഗാനരംഗങ്ങളുടെ സംവിധാനം നിർവഹിച്ചത്. അമോഷ് പുതിയാറ്റിൽ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചു. ‘മാതേ...’ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. സുജാതയുടെയും ശ്വേതയുടെയും ആലാപനം ആദ്യകേൾവിയിൽത്തന്നെ ഹൃദയത്തിൽ പതിയുന്നുവെന്ന് ആസ്വാദകർ കുറിച്ചു. അമ്മയെയും മകളെയും ഒരേ ഫ്രെയിമിൽ കാണാനായതിന്റെ സന്തോഷവും ആരാധകർ പ്രകടമാക്കി.